മോസ്‌കോ : രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിൽ തുടരുന്ന റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് അട്ടിമറി നീക്കത്തിൽ നിന്ന് കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചത്. പ്രതിസന്ധി മറികടന്നെങ്കിലും വാഗ്‌നർ മേധാവിയായ യെവ്‌ജെനി പ്രിഗോഷിന്‍റെ നേതൃത്വത്തിൽ വാഗ്‌നർ ഗ്രൂപ്പ് സൈനികർ ഹ്രസ്വകലാപത്തിലൂടെ മോസ്‌കോയിലേയ്‌ക്ക് നീങ്ങിയത് റഷ്യൻ സേനയുടെ ദുർബലതയാണ് തുറന്നുകാട്ടിയത്. വാഗ്‌നർ ഗ്രൂപ്പിനെ വിമത നീക്കത്തിൽ നിന്ന് പിന്തിരിക്കാൻ തയ്യാറാക്കിയ കരാർ പ്രകാരം പ്രിഗോഷിനെതിരെ എടുത്ത കേസുകളും പിൻവലിക്കുമെന്ന് ക്രെംലിൻ വക്താവ് അറിയിച്ചിട്ടുണ്ട്.
റഷ്യയെ രക്ഷിച്ച കരാർ: കൂടാതെ പ്രിഗോഷിൻ അയൽരാജ്യമായ ബെലറൂസിലേക്ക് പോകുമെന്നും അദ്ദേഹത്തോടൊപ്പം കലാപം നടത്തിയ പോരാളികളെ അവരുടെ മുന്നണിയിലെ സേവനം കണക്കിലെടുത്ത് നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്യില്ലെന്നും ക്രെംലിൻ വക്താവ് ദിമിത്രി എസ് പെസ്കോവ് പറഞ്ഞു. കലാപത്തിൽ പങ്കെടുക്കാത്ത വാഗ്‌നർ പോരാളികൾക്ക് റഷ്യൻ പ്രതിരോധ മന്ത്രാലയവുമായി കരാറിൽ ഒപ്പിടാമെന്നും ധാരണയിലുണ്ട്.
ശേഷം എല്ലാ സൈനികരും നഗരം വിട്ടുപോയതായി റഷ്യയുടെ പ്രാദേശിക ഗവർണർ പിന്നീട് പറഞ്ഞു. എന്നാൽ ഇന്ന് രാവിലെ വരെ പ്രിഗോഷിൻ ബെലാറസിൽ എത്തിയതായി റിപ്പോർട്ടുകളില്ല. അതേസമയം ഈ കലാപത്തെ വഞ്ചന എന്നും രാജ്യദ്രോഹം എന്നും അഭിസംബോധന ചെയ്‌ത പുടിൻ സായുധ പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. യുക്രൈൻ യുദ്ധത്തിലടക്കം റഷ്യയ്‌ക്ക് വേണ്ടി പോരാടിയവരാണ് വാഗ്‌നർ ഗ്രൂപ്പ്.
വാഗ്‌നർ റഷ്യയ്‌ക്കെതിരെ തിരിയാൻ കാരണം : രാജ്യത്തിനെതിരെ സായുധ വിപ്ലവം ആസൂത്രണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി വാഗ്‌നർ മേധാവിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതും അദ്ദേഹത്തെ സൈന്യം അനുസരിക്കരുതെന്ന് നിർദേശം നൽകിയതുമാണ് വാഗ്‌നർ സേനയെ റഷ്യയ്‌ക്കെതിരെ തിരിച്ചത്. ശനിയാഴ്‌ച പുലർച്ചയോടെയാണ് വാഗ്‌നർ ഗ്രൂപ്പ് യുക്രൈൻ യുദ്ധമുഖത്ത് നിന്ന് 3000ത്തോളം സൈനികരെ പിൻവലിച്ച് റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തിനൊരുങ്ങിയത്. ശേഷം മോസ്‌കോയിലേയ്‌ക്ക് 100 കണക്കിന് മൈൽ മുന്നേറിയെങ്കിലും കരാറിനെ തുടർന്ന് പിൻവാങ്ങിയതാണെന്ന് പ്രിഗോഷിൻ അറിയിച്ചു.
വാഗ്നർ ഗ്രൂപ്പിനെ തകർക്കാൻ റഷ്യയുടെ ആസൂത്രണം : 16 മാസം നീണ്ടുനിന്ന യുക്രൈൻ യുദ്ധത്തിൽ വിമർശിക്കപ്പെട്ട പ്രതിരോധ മന്ത്രി സെർജി ഷോയിഗുവിനെ പുറത്താക്കണമെന്ന് പ്രിഗോഷിൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പുടിൻ തന്നെ രാജ്യദ്രോഹിയായി മുദ്രകുത്തിയ വ്യക്തിയ്‌ക്ക് അനുസരിക്കേണ്ടി വന്നാൽ അത് പ്രസിഡന്‍റ് പദവിയ്‌ക്ക് ദോഷം ചെയ്യുമായിരുന്നു. അതേസമയം യുക്രൈയിന്‍ സമരമുഖത്തിൽ റഷ്യൻ സൈന്യം വാഗ്‌നർ ഗ്രൂപ്പിനെ നശിപ്പിക്കാൻ റോക്കറ്റുകളും ഹെലികോപ്‌റ്റർ ഗൺഷിപ്പുകളും പീരങ്കികളും ഉപയോഗിച്ച് ശ്രമിച്ചതായും ജനറൽ സ്റ്റാഫ് മേധാവി ജനറൽ വലേരി ജെറാസിമോവ് ഉത്തരവിട്ടതായും പ്രിഗോഷിൻ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യം പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.