വാഷിങ്ടണ്‍: സിഇഒ സ്ഥാനം ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ അക്കൗണ്ട് വെരിഫിക്കേഷന്‍ നടപടികള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങി ട്വിറ്റര്‍. വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് ബ്ലൂ ടിക്ക് ലഭിക്കണമെങ്കില്‍ ഉപയോക്താവ് പ്രതിമാസം 19.99 ഡോളര്‍ (1,647 രൂപ) നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. വെരിഫൈഡ് അക്കൗണ്ട് യൂസര്‍ക്ക് ബ്ലൂ ടിക്ക് സബ്‌സ്ക്രൈബ് ചെയ്യാന്‍ 90 ദിവസം അനുവദിക്കും.
എല്ലാ മാസവും സബ്‌സ്ക്രിപ്‌ഷന്‍ പുതുക്കിയില്ലെങ്കില്‍ വെരിഫിക്കേഷന്‍ മാര്‍ക്ക് നഷ്‌ടമാകും. ട്വിറ്ററിലെ പുതിയ ഫീച്ചര്‍ നവംബര്‍ ഏഴിനുള്ളില്‍ ലോഞ്ച് ചെയ്യാനാണ് ജീവനക്കാരോട് മസ്‌ക് നിര്‍ദേശിച്ചിരിക്കുന്നത്. വൈകിയാല്‍ പിരിച്ചു വിടുമെന്നും ജീവനക്കാര്‍ക്ക് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ട്വിറ്ററിലെ അക്കൗണ്ടുകളുടെ വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് പരിഷ്‌കരണം ഉണ്ടാകുമെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്‌തതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. എന്നാള്‍ ഔദ്യോഗിക പ്രതികരണം മസ്‌ക് നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ട്വിറ്റര്‍ ബ്ലൂ ടിക് സബ്‌സ്‌ക്രിപ്‌ഷന്‍ കൊണ്ടു വന്നത്. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അടക്കമുള്ള പ്രീമിയം ഫീച്ചര്‍ ട്വിറ്റര്‍ ബ്ലൂ ടിക് സബ്‌സ്‌ക്രിപ്‌ഷനില്‍ ലഭ്യമാണ്.