വാഷിങ്ടണ്‍: കാലാവസ്ഥ വ്യതിയാനത്തെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നല്‍കി യുഎസ് സുപ്രീംകോടതി വിധി. യുഎസിലെ വൈദ്യുത ഉല്‍പ്പാദന നിലയങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തെ നിജപ്പെടുത്താന്‍ റെഗുലേറ്ററി ഏജന്‍സിയായ ഇപിഎയ്‌ക്ക് (Environmental Protection Agency) അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആറ്-മൂന്ന് എന്ന ഭൂരിപക്ഷത്തിനാണ് വിധി പുറപ്പെടുവിച്ചത്.
റിപ്പബ്ലിക്കന്‍ പ്രസിഡന്‍റുമാര്‍ നാമനിര്‍ദേശം ചെയ്‌ത വലതുപക്ഷ ആശയങ്ങള്‍ പിന്തുടരുന്ന ജഡ്‌ജിമാരുടേതാണ് ഭൂരിപക്ഷ വിധി. ഡമോക്രാറ്റ് പ്രസിഡന്‍റുമാര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട മൂന്ന് ജഡ്‌ജിമാരും വിധിയോട് വിയോജിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ക്ലീന്‍ എയര്‍ ആക്ട് നിര്‍വഹണ ഏജന്‍സിയായ ഇപിഎയ്‌ക്ക് ഊര്‍ജോല്‍പ്പാദന വ്യവസായത്തെ നിയന്ത്രിക്കാനുള്ള വ്യാപക അധികാരം നല്‍കിയിട്ടില്ലെന്ന് ഭൂരിപക്ഷ വിധിയില്‍ ചൂണ്ടികാണിച്ചു.
രാജ്യത്തെ വൈദ്യുത നിലയങ്ങള്‍ കല്‍ക്കരി ഉപയോഗിക്കുന്നത് സമഗ്രമായി കുറയ്‌ക്കാന്‍ നിര്‍ബന്ധിതമാകുന്ന തരത്തിലുള്ള നിയയന്ത്രണം കൊണ്ടുവരാന്‍ ഇപിഎയ്‌ക്ക് അധികാരമില്ലെന്നും നിയമനിര്‍മാണ സഭയായ കോണ്‍ഗ്രസിന് മാത്രമെ അതിനുള്ള അധികാരം ഉള്ളൂവെന്നുമാണ് ഭൂരിപക്ഷ വിധിയില്‍ പറയുന്നു. എന്നാല്‍ ഭൂരിപക്ഷവിധി നിലവിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായ കാലവസ്ഥ വ്യതിയാനത്തെ ചെറുക്കാനുള്ള ഇപിഎയുടെ നടപടികളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് വിയോജനകുറിപ്പെഴുതിയ ജഡ്‌ജിമാര്‍ വ്യക്തമാക്കി.
രാജ്യത്തെ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വലിയ രീതിയില്‍ കുറയ്‌ക്കാന്‍ ലക്ഷ്യമിടുന്ന ജോബൈഡന്‍ സര്‍ക്കാറിന് വലിയ തിരിച്ചടിയാണ് വിധി. ഈ ദശാബ്‌ദത്തിന്‍റെ അന്ത്യത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം പകുതിയായി കുറയ്‌ക്കണമെന്നതാണ് ബൈഡന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുഎസിലെ ഹരിതഗൃഹവാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ 25 ശതമാനവും വൈദ്യുത ഉല്‍പ്പാദന നിലയങ്ങളില്‍ നിന്നാണ്.
ആഗോളതാപനം 1.5 ഡിഗ്രി സെല്‍ഷ്യസ് കടന്നാല്‍ വലിയ പ്രതിസന്ധിയായിരിക്കും ലോകം നേരിടുക എന്നാണ് വിദഗ്‌ധര്‍ പറയുന്നത്. അടിക്കടിയുള്ള പ്രകൃതി ദുരന്തം, പലയാനം, ഭക്ഷ്യക്ഷാമം തുടങ്ങിയ മുന്നറിയിപ്പുകളാണ് ശാസ്ത്രലോകം നല്‍കുന്നത്. നിലവില്‍ ആഗോളതാപനം 1.1 ഡിഗ്രിസെല്‍ഷ്യസ് കടന്നു.
ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തില്‍ രണ്ടാം സ്ഥാനമാണ് അമേരിക്കയ്‌ക്കുള്ളത്. പ്രതീശീര്‍ഷ കണക്കില്‍ ഒന്നാം സ്ഥാനത്തും. അതുകൊണ്ട് തന്നെ യുഎസ് സുപ്രീംകോടതിയുടെ വിധി ആഗോളതലത്തില്‍ വെല്ലുവിളി സൃഷ്‌ടിക്കുന്നതാണ്.