വാഷിങ്ടണ്‍: അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളില്‍ ചൈനീസ് ചാര ബലൂണ്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടു. ബലൂണ്‍ വെടിവച്ചിടാന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയതായും സൈനിക ഉദ്യോഗസ്ഥര്‍ ഇതിനെ പിന്തുണച്ചതായുമാണ് വിവരം. ബലൂണ്‍ വെടിവച്ചിട്ടതിന് പിന്നാലെ അവശിഷ്‌ടങ്ങളും ബലൂണില്‍ ഉണ്ടായിരുന്ന ഉപകരണങ്ങളും കണ്ടെത്താനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് 2.40 ഓടെയാണ് സൗത്ത് കരോലിനയില്‍ യുഎസ് തീരത്ത് നിന്ന് ഏകദേശം ആറ് മൈൽ അകലെ അറ്റ്ലാന്‍റിക് സമുദ്രത്തിൽ ചൈനീസ് നിരീക്ഷണ ബലൂൺ അമേരിക്കന്‍ സൈന്യം വെടിവച്ചിട്ടത്. വിര്‍ജീനിയയിലെ ലാംഗ്‌ലി എയര്‍ഫോഴ്‌സ് ബേസിലെ യുദ്ധവിമാനത്തില്‍ നിന്നുള്ള മിസൈല്‍ ആണ് ബലൂണ്‍ തകര്‍ത്തത്.
ബലൂണ്‍ വെടിവച്ചിടാന്‍ പ്രസിഡന്‍റിന്‍റെ നിര്‍ദേശം: സംഭവത്തില്‍ യുഎസ് സൈനികർക്കോ ആളുകള്‍ക്കോ പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വിമാനങ്ങൾ, കപ്പലുകൾ എന്നിവയ്‌ക്ക് ഏതെങ്കിലും വിധത്തിൽ കേടുപാടുകൾ സംഭവിച്ചതായി ഇതുവരെ സൂചനകളൊന്നും ലഭ്യമായിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ചൈനീസ് ചാര ബലൂണ്‍ വെടിവച്ചിടാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി മേരിലാന്‍ഡിലെ ഹാഗര്‍സ്‌ടൗണില്‍ മാധ്യമങ്ങളോട് സംസാരിക്കവെ യു എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി.
ബലൂണ്‍ നിരീക്ഷണം നടത്തുന്നതിനെ കുറിച്ച് ബുധനാഴ്‌ച തന്നെ വിവരം ലഭിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ബലൂണ്‍ സമുദ്രത്തിന് മുകളില്‍ എത്തിയപ്പോള്‍ സൈന്യം അതിനെ വെടിവയ്‌ക്കാന്‍ തീരുമാനിച്ചത്. ബലൂണ്‍ അവശിഷ്‌ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുന്നതിനാല്‍ ആളുകള്‍ക്ക് ഭീഷണിയാകില്ലെന്ന് ബൈഡന്‍ പറഞ്ഞു.
ബലൂണ്‍ നിരീക്ഷിച്ചിരുന്നത് തന്ത്രപ്രധാന കേന്ദ്രങ്ങള്‍: അമേരിക്കന്‍ ഭൂഖണ്ഡത്തിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നതിനായി ചൈന നിയന്ത്രിച്ചിരുന്ന ബലൂൺ ആണ് യുഎസ് സൈന്യം വെടിവച്ചിട്ടത് എന്ന് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിൻ പറഞ്ഞു. കനേഡിയന്‍ സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണയോടെയാണ് നടപടി. ബലൂണ്‍ വെടിവച്ചിട്ടതിന് പിന്നാലെ ബലൂണ്‍ ശേഖരിച്ച തന്ത്രപ്രധാനമായ വിവരങ്ങള്‍ തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം.
ഇതിനായി ബലൂണില്‍ ഘടിപ്പിച്ചിരുന്ന ഉപകരണങ്ങള്‍ സമുദ്രത്തില്‍ നിന്ന് കണ്ടെത്താനുള്ള നടപടി ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമുദ്രത്തില്‍ നിന്ന് ബലൂണിന്‍റെ അവശിഷ്‌ടങ്ങളും നിരീക്ഷണ ഉപകരണങ്ങളും കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്‌ധരെയും രണ്ട് കപ്പലുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സൈനിക സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള നിരീക്ഷണ ഭീഷണികള്‍ യുഎസ് എങ്ങനെ നേരിടുന്നു എന്നതിന് ഉദാഹരണമാണ് സംഭവമെന്നും അധികൃതര്‍ അറിയിച്ചു.
ദിവസങ്ങളായി ചൈനീസ് ചാര ബലൂണ്‍ സൈന്യത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനുവരി 28 ന് ബലൂണ്‍ അലാസ്‌കയില്‍ പ്രവേശിച്ചിരുന്നു. ജനുവരി 30ന് കനേഡിയൻ വ്യോമാതിർത്തി കടന്ന് ജനുവരി 31ന് വടക്കൻ ഐഡഹോയ്ക്ക് മുകളിലൂടെ വീണ്ടും യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചു.
വളരെ ഉയരത്തില്‍ സഞ്ചരിച്ചിരുന്ന ബലൂണ്‍ വ്യോമ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് സൈന്യം നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. കൂടാതെ അമേരിക്കന്‍ ജനതയ്‌ക്കോ അവരുടെ സ്വത്തിനോ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് സൈന്യം ഉറപ്പുവരുത്തുകയും ചെയ്‌തു. എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ ബലൂണ്‍ ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍ അത് നേരിടാന്‍ സൈന്യം തയ്യാറായിരുന്നു എന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ബലൂണ്‍ അവശിഷ്‌ടങ്ങളും നിരീക്ഷണ ഉപകരണങ്ങളും ലഭിക്കുന്നതോടെ വിശദമായ പഠനം നടത്താന്‍ സാധിക്കുമെന്നാണ് സൈന്യത്തിന്‍റെ പ്രതീക്ഷ.