വാഷിങ്ടണ്‍: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ആയുധ ഇറക്കുമതി നല്ലൊരളവോളം കുറയ്‌ക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇന്ത്യയ്‌ക്ക് 500 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ സൈനിക പാക്കേജ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി യുഎസ്. ഈ പാക്കേജ് പ്രാവര്‍ത്തികമാവുകയാണെങ്കില്‍ ഇസ്രായേലും ഈജിപ്‌തും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അമേരിക്കയുടെ സൈനിക സഹായം ലഭിക്കുന്ന രാജ്യമായി ഇന്ത്യ മാറും. ഇന്ത്യയെ അമേരിക്കയുടെ സൈനിക സഖ്യ രാജ്യമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ബൈഡന്‍ ഭരണകൂടത്തിന്‍റെ ഈ തീരുമാനമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുക്കൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങളുടെ കൂടെ നില്‍ക്കാന്‍ ഇന്ത്യ തയ്യാറായിട്ടില്ല. ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്കെതിരായുള്ള പ്രമേയങ്ങളിന്‍മേലുള്ള വോട്ടെടുപ്പുകളില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നിരുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറച്ചുവരികയാണെന്നും ഈ പ്രക്രിയ വേഗത്തിലാക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും ബൈഡന്‍ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തു.
ലക്ഷ്യം ഇന്ത്യയെ പാശ്ചാത്യ സൈനിക ചേരിയുടെ ഭാഗമാക്കല്‍: ആയുധ നിര്‍മാണ രംഗത്തെ വന്‍ ശക്‌തി രാജ്യങ്ങളില്‍ ഒന്നായ ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് കൊണ്ട് ഇന്ത്യന്‍ സൈന്യത്തിന് മതിയായ ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് ഈ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. സൈനിക പാക്കേജ് ഒരു പ്രതീകാത്മ പിന്തുണയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.
റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ പത്ത് വര്‍ഷ കാലയളവില്‍ ഇന്ത്യ 4 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങളാണ് യുഎസില്‍ നിന്ന് വാങ്ങിയതെങ്കില്‍ റഷ്യയില്‍ നിന്ന് വാങ്ങിയത് 25 ബില്യണ്‍ ഡോളറിന്‍റെ ആയുധങ്ങളാണെന്ന് സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യയില്‍ നിന്നുള്ള ആയുധങ്ങളെ ആശ്രയിക്കുന്നത് കൊണ്ടാണ് റഷ്യയ്‌ക്കെതിരെ ഇന്ത്യ നിലപാട് സ്വീകരിക്കാത്തതെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ വിലയിരുത്തുന്നത്.
പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണ് ചെയ്‌തത്. റഷ്യയില്‍ നിന്ന് അന്തരാഷ്ട്ര വിപണയിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് എണ്ണ ലഭിക്കുന്നതാണ് കാരണം. ഇന്തോ പെസഫിക് മേഖലയില്‍ ചൈനയ്‌ക്കെതിരെയുള്ള ക്വാഡ് സംഖ്യത്തിന്‍റെ ഭാഗമാണ് ഇന്ത്യ. യുഎസ്, ഓസ്ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ക്വാഡില്‍ ഇന്ത്യ കൂടാതെയുള്ള മറ്റ് രാജ്യങ്ങള്‍.
പാശ്ചാത്യ നയതന്ത്ര വേദികളില്‍ മോദിക്ക് ക്ഷണം: ക്വാഡ് രാജ്യങ്ങളിലെ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്ര മോദി അടുത്തയാഴ്‌ച പങ്കെടുക്കാന്‍ പോവുകയാണ്. അടുത്തമാസം ജര്‍മനിയില്‍ നടക്കുന്ന ജി 7 നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് നരേന്ദ്രമോദിക്ക് ക്ഷണമുണ്ട്. ലോക രാഷ്ട്രീയത്തില്‍ ഇന്ത്യയെ തങ്ങളോടൊപ്പം നിര്‍ത്താനുള്ള ശ്രമമായിരിക്കും ഈ ഉച്ചകോടികളില്‍ പാശ്ചാത്യ നേതാക്കള്‍ നടത്തുക. കഴിഞ്ഞ രണ്ട് ദശാംബ്‌ദങ്ങളായി ഇന്ത്യന്‍ സൈന്യവും അമേരിക്കന്‍ സൈന്യവും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെട്ടുവരികയാണ്.
റഷ്യയുമായി ഇന്ത്യയ്‌ക്കുള്ളത് ചരിത്രപരമായ ബന്ധം: ഇന്ത്യയുമായി നല്ല ബന്ധം തുടരണമെന്ന കാര്യം റിപ്പബ്ലിക്ക് പാര്‍ട്ടിക്കും ഡമോക്രാറ്റിക് പാര്‍ട്ടിക്കും ഇടയില്‍ അഭിപ്രായ ഐക്യമുള്ള വിഷയമാണ്. എസ്-400 മിസൈല്‍ റഷ്യയില്‍ നിന്ന് വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്‍റെ പേരില്‍ ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തില്ലെന്ന് ബൈഡന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. തുര്‍ക്കി എസ്-400 മിസൈല്‍ റഷ്യയില്‍ നിന്ന് വാങ്ങിയപ്പോള്‍ അമേരിക്കയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തിന് വലിയ വിള്ളല്‍ ഉണ്ടാക്കിയിരുന്നു. ഇതില്‍ നിന്നും വ്യത്യസ്‌തമായിരുന്നു അമേരിക്കയ്‌ക്ക് ഇന്ത്യയോടുള്ള നിലപാട്.
അമേരിക്കയുടെ പുതിയ വാഗ്‌ദാനത്തോട് ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇന്ത്യ റഷ്യ പ്രതിരോധ ബന്ധം സോവിയറ്റ് യൂണിയന്‍റെ കാലം മുതല്‍ ശക്‌തമാണ്. ഫൈറ്റര്‍ ജെറ്റുകള്‍, മിസൈലുകള്‍, പീരങ്കികള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവ ഇന്ത്യ റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. റഷ്യയില്‍ നിന്ന് ആയുധ ഇറക്കുമതി ഒരു പരിധിക്ക് അപ്പുറം കുറയ്‌ക്കുന്നത് ഇന്ത്യയുടെ ആയുധ ഇറക്കുമതി ചിലവ് വലിയ രീതിയില്‍ വര്‍ധിപ്പിക്കും. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളുടെ സാങ്കേതിക കൈമാറ്റവും റഷ്യ നല്‍കാറുണ്ട്. കൂടാതെ ആയുധ ഇറക്കുമതിയില്‍ പാശ്ചാത്യ രാജ്യങ്ങളെ പൂര്‍ണമായി ആശ്രയിക്കുന്നത് തന്ത്രപരമായി രാജ്യത്തിന് നല്ലതല്ല എന്നുള്ള നിലപാടാണ് ഇന്ത്യയ്‌ക്ക്.