തായ്‌പെയ്: യുഎസ് പ്രതിനിധി സഭ സ്‌പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ചൈന. "ചൈനയുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രതിനിധി സഭയുടെ സ്‌പീക്കർ നാൻസി പെലോസി ചൈനയുടെ തായ്‌വാൻ പ്രദേശത്ത് എത്തി. ഇത് ഗുരുതരമായ ലംഘനമാണ്'' എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
'തായ്‌വാൻ ചൈനയുടെ ഒരു അവിഭാജ്യ ഭാഗമാണ്. നാൻസി പെലോസിയുടെ സന്ദര്‍ശനം ചൈന-യുഎസ് ബന്ധത്തെ ഗുരുതരമായി ബാധിക്കും. ചൈനയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ലംഘിക്കുന്ന പ്രവൃത്തിയാണിത്. ഇതിനെതിരെ ചൈന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്' ചൈനീസ് വിദേശകാര്യമന്ത്രാലയം ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
'ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിനായി 1979ല്‍ അമേരിക്കയും ചൈനയും ഒരു സംയുക്ത വിജ്ഞാപനമിറക്കി. ചൈനയുടെ ഏക ഗവൺമെന്റായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്ന പാര്‍ട്ടിയുടെ ഗവൺമെന്റിനെ അമേരിക്ക അംഗീകരിച്ചു. എന്നാല്‍ പെലോസിയുടെ സന്ദർശനം രാഷ്‌ട്രീയ പ്രകോപനം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്' വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ കൂട്ടിചേര്‍ത്തു.
പെലോസി പറയുന്നത് ഇങ്ങനെ: "ഞങ്ങളുടെ തായ്‌വാന്‍ സന്ദര്‍ശനം തായ്‌വാനിലെ ജനാധിപത്യത്തെ പിന്തുണക്കുവാന്‍ വേണ്ടിയാണ്. തായ്‌വാനിലെ 23ദശലക്ഷം ആളുകള്‍ക്ക് അമേരിക്കയുടെ പിന്തുണ വളരെ പ്രധാനപ്പെട്ടതാണ്. അമേരിക്കയുടെ കോണ്‍ഗ്രസ് പ്രതിനിധികളുടെയെല്ലാം പിന്തുണ ഈ സന്ദര്‍ശനത്തിന് പിന്നില്‍ ഉണ്ട്. തായ്‌വാൻ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ ഇന്തോ-പസഫിക് മേഖലയുടെ പുരോഗതി ഉൾപ്പെടെയുള്ള വിഷയങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടിയാണെന്ന് തായ്‌വാന്‍ സന്ദര്‍ശനത്തിന് ശേഷം നാൻസി പെലോസി ട്വീറ്റ് ചെയ്‌തു.
ചൈനയുടെ മുന്നറിയിപ്പ് ലംഘിച്ചുകൊണ്ടാണ് യുഎസ് പ്രതിനിധി സഭാ സ്‌പീക്കര്‍ തായ്‌വാന്‍ സന്ദര്‍ശിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന നാന്‍സി പെലോസി, കഴിഞ്ഞ ദിവസം (2-08-2022) മലേഷ്യ സന്ദർശിച്ച ശേഷം തായ്‌വാനിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിതിനെ തുടര്‍ന്നായിരുന്നു ചൈനയുടെ മുന്നറിയിപ്പ്. 25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദശിക്കുന്ന ആദ്യ യു എസ് പ്രതിനിധിയാണ് പെലോസി.