വാഷിങ്ടണ്‍: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയുള്ള കേസ് തള്ളി യുഎസ്. കേസില്‍ മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന് പരിരക്ഷ നല്‍കണമെന്ന് ജോ ബൈഡന്‍ ശുപാര്‍ശ ചെയ്‌തതിന് പിന്നാലെയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. 2018ലാണ് ഇസ്‌താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് വാഷിംങ്ടൺ പോസ്റ്റ് ജേണലിസ്റ്റ് ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്.
സൗദി ഉദ്യോഗസ്ഥ സംഘമായിരുന്നു ഖഷോഗിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുഹമ്മദ് ബിൻ സൽമാന്‍ രാജകുമാരന് പങ്കുണ്ടെന്ന് കാണിച്ച് ഖഷോഗിയുടെ പ്രതിശ്രുത വധുവാണ് രാജകുമാരനെതിരെ കേസ് ഫയല്‍ ചെയ്‌തത്. കൊലപാതകം രാജകുമാരന്‍റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു എന്ന് അമേരിക്കന്‍ രഹസ്യ ഏജന്‍സികളും കണ്ടെത്തിയിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ മുഹമ്മദ് രാജകുമാരന് നിയമപരമായ പരിരക്ഷ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി പദവി വഹിക്കുന്നതിനാല്‍ മുഹമ്മദ് രാജകുമാരന് നിയമപരമായി പരിരക്ഷ ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് യുഎസ് ഗവണ്‍മെന്‍റ് കോടതിയെ അറിയിച്ചതായി ജഡ്‌ജ് ജോൺ ബേറ്റ്സ് പറഞ്ഞു. ഖഷോഗിയുടെ കൊലപാതകത്തില്‍ രാജകുമാരന്‍റെ പങ്കാളിത്തം മാത്രമല്ല, അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റ സമയവും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ജഡ്‌ജ് നിരീക്ഷിച്ചു.
ഹാറ്റിസ് സെൻഗിസും ഖഷോഗിയുടെ അഭിഭാഷക ഗ്രൂപ്പായ ഡോണും (DAWN) കൊണ്ടുവന്ന വ്യവഹാരത്തിൽ നിന്ന് കിരീടാവകാശിക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ് പ്രധാനമന്ത്രിയായി നിയമിച്ചത് എന്നായിരുന്നു ഒരു കൂട്ടം നിരീക്ഷകര്‍ വാദിച്ചത്. ഇതുവരെ രാജാവ് മാത്രമായിരുന്നു രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെന്നും അതിലുണ്ടായ മാറ്റം രാജകുമാരനെ രക്ഷിക്കാനുള്ള തന്ത്രമാണെന്നും നിരീക്ഷകര്‍ വാദിച്ചതായി ജഡ്‌ജ് നിരീക്ഷിച്ചു.
ജമാല്‍ ഖഷോഗിയുടെ കൊലക്ക് കാരണക്കാരായ സൗദി അറേബ്യയെ ഒറ്റപ്പെടുത്തണം എന്നായിരുന്നു തെരഞ്ഞെടുപ്പ് സമയത്ത് ബൈഡന്‍ നടത്തിയ പ്രസ്‌താവന. പ്രസിഡന്‍റായതിന് ശേഷം ബൈഡന്‍ സൗദി സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനത്തില്‍ മുഹമ്മദ് രാജകുമാരനുമായി കൂടിക്കാഴ്‌ച നടത്തിയ ബൈഡന്‍ ഖഷോഗിയുടെ കൊലപാതകത്തെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയതായി അറിയിച്ചു.