ദുബായ് : വീണ്ടും യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക. ചെങ്കടലിലെ ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പ് ഹൂതികള്‍ അവഗണിച്ചതോടെയാണ് അമേരിക്ക വീണ്ടും സൈനിക നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത് (US attack in Houthi sites).
ഇന്ന് പുലര്‍ച്ചെയാണ് യെമനിലെ ഹൂതി കേന്ദ്രത്തില്‍ അമേരിക്ക ആക്രമണം നടത്തിയത്. പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദ്ദേശത്തോടെ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയതായി അസോസിയേറ്റഡ് പ്രസിനോട് വ്യക്തമാക്കിയത്. അമേരിക്ക ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വെള്ളിയാഴ്ച 28 ഹൂതി കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. 60 കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. കടല്‍ഗതാഗതത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഹൂതികളുടെ ഒരു റഡാര്‍ കേന്ദ്രം കൂടി തകര്‍ക്കാന്‍ അമേരിക്ക പദ്ധതിയിടുന്നുണ്ട് .
യെമന് ചുറ്റുമുള്ള ചെങ്കടലിലും ഏദന്‍ കടലിടുക്കിലുമുള്ള അമേരിക്കന്‍ കപ്പലുകള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കടന്ന് പോകണമെന്ന് യുഎസ് നാവിക സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൂതി വിമത കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഈ മുന്നറിയിപ്പ്. ഇതിന് പ്രതികാര നടപടിയുണ്ടാകാമെന്ന ആശങ്കയാണ് ഇത്തരമൊരു മുന്നറിയിപ്പിലേക്ക് നയിച്ചത്. ഗാസയിലെ ഇസ്രയേല്‍ അതിക്രമത്തിന് പിന്നാലെ ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ രൂക്ഷമായ ആക്രമണങ്ങളാണ് ഹൂതികള്‍ നടത്തുന്നത്.
ഇതിന് പുറമെ അമേരിക്കയും ബ്രിട്ടനും സംയുക്തമായി ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തതോടെ ഒരു തിരിച്ചടി അമേരിക്കന്‍ സൈന്യവും വൈറ്റ്ഹൗസും പ്രതീക്ഷിച്ചിരുന്നു. ഹൂതികള്‍ക്ക് നേരെ കൂടുതല്‍ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പും പ്രസിഡന്‍റ് ജോ ബൈഡന്‍ നല്‍കിയിരുന്നു. ഇതും അവരെ ചൊടിപ്പിച്ചേക്കാം. ചെങ്കടലിലെ ആക്രമണത്തിനുള്ള തിരിച്ചടിയായി അമേരിക്ക നടത്തിയ ആക്രമണത്തില്‍ അഞ്ച് പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
ആറുപേര്‍ക്ക് പരിക്കേറ്റെന്നും ഹൂതികള്‍ പറയുന്നു. തങ്ങള്‍ക്കും സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്ന് പ്രസിഡന്‍റ് ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഹൂതികള്‍ തീവ്രവാദികളാണെന്ന് തന്നെയാണ് തന്‍റെ അഭിപ്രായമെന്നും ഒരു ചോദ്യത്തിനുത്തരമായി ബൈഡന്‍ വ്യക്തമാക്കി. ആശുപത്രിയില്‍ കഴിയുന്ന പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനാണ് ഹൂതി കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉത്തരവിട്ടത്.
പ്രോസ്റ്റേറ്റ് അര്‍ബുദത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് ഇദ്ദേഹം. യാത്രാക്കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിലാണ് അമേരിക്ക ഇവരെ ഭീകരരായി തന്നെ വീണ്ടും പരിഗണിക്കാന്‍ തുടങ്ങിയത്. 2021ല്‍ അന്നത്തെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഹൂതികളെ ആഗോള ഭീകര പട്ടികയില്‍ നിന്നും വിദേശ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.
അമേരിക്കയുടെ പുതിയ ആക്രമണങ്ങള്‍ ജനവാസം കുറഞ്ഞ മേഖലയിലാണെന്നും അതുകൊണ്ടുതന്നെ ആളപായം കുറവായിരിക്കുമെന്നും സംയുക്ത സേനാ തലവന്‍ ലഫ്.ജന.ഡൗഗ്ലസ് സിംസ് പറഞ്ഞു. ഹൂതികളുടെ ആയുധങ്ങളും റഡാറുമടക്കമുള്ളവ തകര്‍ത്തിട്ടുണ്ട്. ഒറ്റപ്പെട്ട മലനിരകളിലുള്ള ഹൂതി കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്.
നവംബര്‍ മുതലാണ് ചെങ്കടലിലെ കപ്പലുകളെ ഹൂതികള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഹമാസിനെ ആക്രമിക്കുന്നതിനുള്ള തിരിച്ചടിയാണ് ഇതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇസ്രയേലുമായി യാതൊരു ബന്ധവുമില്ലാത്ത കപ്പലുകളെയും ഇവര്‍ ആക്രമിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ബൈഡനും സഖ്യകക്ഷികളും ശ്രമം തുടരുകയാണ്.
അതിനിടെയുള്ള ഈ ആക്രമണങ്ങളെ ഏറെ ആശങ്കയോടെയാണ് ലോകം കാണുന്നത്. ഹൂതികള്‍ ആക്രമണങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കന്‍ പിന്തുണയോടെ യെമനില്‍ സൗദി നടത്തിയ യുദ്ധത്തില്‍ സൈനികരും സാധാരണക്കാരുമായി ഒന്നരലക്ഷത്തോളം പേര്‍ മരിച്ചിരുന്നു. അതേസമയം ഇന്നലെയും ഇന്നുമായി നടന്ന ആക്രമണത്തിലെ നാശനഷ്ട-ആളപായ കണക്കുകള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല.