ന്യൂയോര്‍ക്: റഷ്യ - യുക്രൈൻ സംഘര്‍ഷത്തിന്‍റെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാൻ ജി 7 നേതാക്കള്‍ ഇന്ന് യോഗം ചേരും. റഷ്യൻ ആക്രമണത്തില്‍ യുക്രൈനില്‍ 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ യുഎൻ അപലപിച്ചിരുന്നു. യുക്രൈനില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് യുഎന്നില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടു.
വിഷയത്തില്‍ രഹസ്യ വോട്ടെടുപ്പ് വേണമെന്ന റഷ്യയുടെ ആവശ്യം യു എന്‍ തള്ളി. റഷ്യ ഭീകര രാഷ്ട്രമാണെന്ന് യുക്രൈന്‍ യുഎന്‍ പൊതുസഭയില്‍ ആരോപിച്ചു. നിഷ്ഠൂര നടപടിയാണ് റഷ്യയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്ന് അമേരിക്ക വ്യക്തമാക്കി. അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം യുക്രൈന് നല്‍കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനില്‍ മരിച്ചവരുടെ എണ്ണം 14 ആയി. മാസങ്ങൾക്കുശേഷം ആളുകൾ മിസൈൽ പ്രതിരോധ അഭയകേന്ദ്രങ്ങളിലേക്കും ബങ്കറുകളിലേക്കും മടങ്ങി. തലസ്ഥാനമായ കീവ് അടക്കം ഒന്‍പത് നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. റഷ്യ–ക്രൈമിയ പാലത്തിലുണ്ടായ സ്ഫോടനത്തിനുള്ള തിരിച്ചടിയെന്നാണ് റഷ്യ വ്യക്തമാക്കുന്നത്. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലം റഷ്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കീവില്‍ റഷ്യ ആക്രമണം ശക്തിപ്പെടുത്തിരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ് യുക്രൈനില്‍ റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.
റഷ്യ 75 മിസൈൽ തൊടുത്തതായും ഇതിൽ 41 എണ്ണത്തെ പ്രതിരോധിച്ചതായും യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിര്‍ സെലൻസ്കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇറാൻ നിർമിത ഡ്രോൺ ഉപയോഗിച്ചും റഷ്യ ആക്രമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈമിയ പാലം തകർത്തത് ഉൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നും ഇനിയും ഇത് തുടർന്നാൽ തിരിച്ചടി ശക്തമാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിൻ പറഞ്ഞു.
കിയവ്, ഖാർകിവ്, ടെർണോപിൽ, ഴിറ്റോമിർ, ക്രോപിൻസ്റ്റസ്കി, എൽവിവ്, ഖെമെൽനിറ്റ്സ്കി തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണമുണ്ടായത്. റെയിൽ ഗതാഗതം തടസപ്പെട്ടു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും തകർത്തു. സർക്കാർ ഓഫിസുകൾക്കുനേരെയും ആക്രമണമുണ്ടായി. സർവകലാശാല, ടെലി കമ്മ്യൂണിക്കേഷൻ കെട്ടിടങ്ങളെ ലക്ഷ്യമാക്കി. രാവിലെ മുതൽ യുക്രെയ്നിൽ തുടരെ മിസൈൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. യുദ്ധം നടക്കുന്നുണ്ടെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്നവരെ നടുക്കിയ ആക്രമണമാണ് ഉണ്ടായത്.