ന്യൂയോർക്ക്: യുക്രൈനിൽ റഷ്യയുണ്ടാക്കിയ നാശനഷ്‌ടങ്ങൾക്ക് പുനരധിവാസവും പ്രതിവിധിയും റഷ്യ തന്നെ രൂപപ്പെടുത്തണമെന്ന പ്രമേയം അംഗീകരിച്ച് യുഎൻ ജനറൽ അസംബ്ലി. 94 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 14രാജ്യങ്ങൾ എതിർത്തു. ഇന്ത്യ ഉൾപ്പടെ 73 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
യുക്രൈനെതിരായ ആക്രമണത്തിന് റഷ്യ ഉത്തരവാദിയാണെന്ന് യുഎൻ ജനറൽ അസംബ്ലി അംഗീകരിച്ചു. നാശനഷ്‌ടങ്ങളുടെ ഒരു പട്ടികയുണ്ടാക്കാൻ ശിപാർശ ചെയ്യുകയും ഉണ്ടായ നാശനഷ്‌ടങ്ങൾക്ക് നഷ്‌ടപരിഹാരം നൽകേണ്ടതിന്‍റെ ആവശ്യകത അംഗീകരിക്കുകയും ചെയ്യുന്നതായാണ് പ്രമേയം. യുദ്ധം മൂലം ഉണ്ടായ യുക്രൈനിലെ ലംഘനങ്ങൾക്കും നാശനഷ്‌ടങ്ങൾക്കും റഷ്യ ഉത്തരവാദികളായിരിക്കുമെന്ന് പ്രമേയത്തെ സഹ-സ്‌പോൺസർ ചെയ്‌ത ചെക്ക് റിപ്പബ്ലിക് പറഞ്ഞു.
ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിൽ സൈനിക നടപടി ആരംഭിച്ചത്. യുദ്ധത്തിൽ ഇരുവശത്തുമുള്ള ആയിരക്കണക്കിന് സൈനികരുടെ ജീവൻ നഷ്‌ടമായി. യുക്രൈനിലെ യുദ്ധം ആഗോള ഭക്ഷ്യസുരക്ഷയെ ബാധിക്കുകയും ക്രൂഡ് വിലയിൽ പെട്ടെന്നുള്ള വർധനവിന് കാരണമാകുകയും ചെയ്‌തു.