ന്യൂയോര്‍ക്ക് : മാധ്യമ പ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്‌ത ഇലോണ്‍ മസ്‌കിന്‍റെ നടപടിയെ വിമര്‍ശിച്ച് യുഎന്‍. അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്‌തത് അപകടകരമാണെന്ന് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഏറെ അസ്വസ്ഥനാണെന്ന് അദ്ദേഹത്തിന്‍റെ വക്താവ് സ്‌റ്റീഫന്‍ ഡുജാറിക് പ്രതികരിച്ചു. ഇലോണ്‍ സ്വീകരിച്ചത് വളരെയധികം അപകടകരമായ മാതൃകയാണെന്ന് ഡുജാറിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വേദിയായ മാധ്യമങ്ങളെ നിശബ്‌ദരാക്കരുത്.
ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ സെൻസർഷിപ്പും നിരവധി ഭീഷണികളും നേരിടുന്ന ഒരു സമയത്ത് ഇത്തരത്തിലുള്ള നീക്കം അപകടകരമായ ഒരു മാതൃക സൃഷ്‌ടിക്കും. ഞങ്ങൾ ദിവസവും കാര്യങ്ങള്‍ നിരീക്ഷിച്ച് വരുന്നുണ്ട്. ജനങ്ങളും മാധ്യമപ്രവര്‍ത്തകരും നിരവധി കാര്യങ്ങള്‍ പങ്കിടുന്നതിന് ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്‌ഫോമാണ് ട്വിറ്ററെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബുധനാഴ്‌ചയാണ് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് മാധ്യമ പ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്‌തത്. മസ്‌കിന്‍റെ സ്വകാര്യ ജെറ്റിന്‍റെ യാത്രാവിവരങ്ങള്‍ ശേഖരിച്ച അക്കൗണ്ടുകളാണ് സസ്‌പെന്‍ഡ് ചെയ്‌തതെന്നാണ് വിശദീകരണം. ന്യൂയോർക്ക് ടൈംസിന്‍റെ റയാൻ മാക്, സിഎൻഎന്‍റെ ഡോണി ഒ സുള്ളിവൻ, വാഷിംഗ്‌ടൺ പോസ്റ്റിലെ ഡ്രൂ ഹാർവെൽ, മാഷബിളിന്‍റെ മാറ്റ് ബൈൻഡർ, ദി ഇന്‍റര്‍സെപ്റ്റിലെ മൈക്കാ ലീ, രാഷ്ട്രീയനിരീക്ഷകരായ കീത്ത് ഓൾബർമാൻ, ആരോൺ റുപാർ, ടോണി വെബ്‌സ്റ്റർ എന്നിവരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്‌തതില്‍ ഉള്‍പ്പെടുന്നുണ്ട്.
മറ്റുള്ളവരുടെ സ്വകാര്യ യാത്രാവിവരങ്ങള്‍ അവരുടെ സമ്മതമില്ലാതെ പങ്കിടുന്നത് നിരോധിക്കുന്നതിനായി ട്വിറ്റര്‍ അതിന്‍റെ നിയമങ്ങള്‍ മാറ്റിയിരുന്നു. ബുധനാഴ്‌ചയാണ് പുതിയ നിയമം കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍.
മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള എല്ലാവര്‍ക്കും ഡോക്‌സിങ് നിയമങ്ങള്‍ ബാധകമാണെന്നാണ് മസ്‌ക് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. 'ദിവസം മുഴുവൻ എന്നെ വിമർശിക്കുന്നത് പൂർണമായും ശരിയാണ്, പക്ഷേ തത്സമയ ലൊക്കേഷൻ ശേഖരിച്ച് എന്‍റെ കുടുംബത്തെ അപകടപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ല' - മസ്‌ക് പ്രതികരിച്ചു.