ന്യൂയോര്‍ക്ക്: അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ സൂഫി പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ. സ്ഫോടനത്തില്‍ പളളി മോല്‍ക്കൂരയും തകര്‍ന്നു. മേല്‍കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെ അത് പള്ളിയിലുണ്ടായിരുന്ന ജനങ്ങള്‍ക്ക് മുകളില്‍ പതിക്കുകയുമായിരുന്നു.
അഫ്‌ഗാനിസ്ഥാനിലെ യുഎൻ ഹ്യുമാനിറ്റേറിയൻ കോർഡിനേറ്റർ റമീസ് അലക്ബറോവ് പള്ളിയിലുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രസ്താവനയിറക്കി. തുടര്‍ച്ചയായ അരക്ഷിതാവസ്ഥയ്ക്കും അക്രമത്തിന് വിധേയരായി കൊണ്ടിരിക്കുന്ന അഫ്‌ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് റമദാനിലെ അവസാനത്തെ വെള്ളിയാഴ്‌ച ഉണ്ടായ ആക്രമണം വേദനജനകമായ പ്രഹരമാണെന്നും അദ്ദേഹം പറഞ്ഞു.
സിവിലിയന്‍മാര്‍ പ്രാര്‍ഥനകള്‍ക്കായി ഒത്തുകൂടുമ്പോഴും സ്‌കൂളിലേക്കോ മാർക്കറ്റിലെക്കോ ജോലിസ്ഥലത്തേക്കോ പോകുമ്പോൾ വിവേചനരഹിതമായി ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങള്‍ നടത്തുന്നത് മനസാക്ഷിയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം വ്യാഴാഴ്‌ച വടക്കന്‍ അഫ്‌ഗാനിസ്ഥാനിലെ മസാർ-ഇ-ഷെരീഫ് നഗരത്തിലെ രണ്ട് മിനി ബസുകളിലുണ്ടായ സ്ഫോടനങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിലിയന്മാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുന്നത് അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം കർശനമായി നിരോധിച്ചിരിക്കുന്നുവെന്ന് അലക്ബറോവ് ആവർത്തിച്ചു.
also read: യുക്രൈനില്‍ മാധ്യമ സ്ഥാപനത്തിന് സമീപം സ്ഫോടനം: സംപ്രേഷണം നിര്‍ത്തി ടിവി ചാനല്‍