കീവ് : സമാധാനത്തിന്‍റെ പേരില്‍ യുക്രൈന്‍ അതിന്‍റെ ഏതെങ്കിലും ഒരു ഭൂഭാഗം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്ന് പ്രസിഡന്‍റ് വൊളാഡിമിര്‍ സെലന്‍സ്‌കി. രാജ്യത്തോടുള്ള അഭിസംബോധനയിലായിരുന്നു പ്രതികരണം. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ ചര്‍ച്ചയ്ക്ക് തയ്യാറാവണം. ആയിരക്കണക്കിന് സൈനികരെ കുരുതികൊടുത്തിട്ടും കീവോ, കാര്‍ഖീവോ റഷ്യന്‍ സൈന്യത്തിന് പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു.
യുക്രൈനില്‍ റഷ്യന്‍ സേന ഇനി കേന്ദ്രീകരിക്കുക ഡോണ്‍ബാസ് മേഖലയുടെ വിമോചനത്തിനായാണെന്ന് സൈനിക ഉപമേധാവി ജനറല്‍ സെര്‍ജി റുഡ്‌സ്കോയി പ്രസ്‌താവിച്ചിരുന്നു. ഇതിനുള്ള പ്രതികരണമാണ് സെലന്‍സ്‌കി നടത്തിയത്. 2014 മുതല്‍ റഷ്യയുടെ പിന്തുണയുള്ള വിഘടനവാദികളുടെ നിയന്ത്രണത്തിലാണ് ഡോണ്‍ബാസ് മേഖലയുടെ ഒരു ഭാഗം.
റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് ഡോണ്‍ബാസ്. 2014ല്‍ റഷ്യന്‍ അനുകൂലിയായ വിക്ടര്‍ യാനുക്കോവിച്ച് സര്‍ക്കാറിനെ യുറോമൈതാന്‍ പ്രതിഷേധത്തിലൂടെ പുറത്താക്കിയതിന് ശേഷമാണ് ഡോണ്‍ബാസില്‍ വിഘടനവാദം ആരംഭിക്കുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവും മറ്റ് പ്രധാന നഗരങ്ങളും നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റഷ്യ സൈനിക നടപടി തുടങ്ങിയത്.
ALSO READ: നാറ്റോ യുക്രൈനില്‍ നോഫ്ലൈസോണ്‍ പ്രഖ്യാപിക്കണം; വാര്‍സോയില്‍ റാലി
എന്നാല്‍ കീവിലടക്കം യുക്രൈന്‍ സൈന്യത്തിന്‍റെ ഭാഗത്തുനിന്ന് വലിയ ചെറുത്തുനില്‍പ്പാണ് റഷ്യന്‍ സൈന്യം നേരിട്ടത്. റഷ്യന്‍ സൈനിക ഉപമേധാവിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത് കീവ് അടക്കമുള്ള പ്രധാന നഗരങ്ങള്‍ നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറുന്നുവെന്നാണ്. റഷ്യന്‍ അനുകൂല വിഘടനവാദികള്‍ അവകാശപ്പെടുന്ന യുക്രൈനിലെ ലുഹാന്‍സ്‌കിനേയും, ഡോണ്‍ബാസിനേയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചുകൊണ്ട്, അവയെ യുക്രൈന്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കുക എന്ന പേരിലാണ് റഷ്യ സൈനിക നടപടി ആരംഭിച്ചത്.