കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ (Afghanistan) താലിബാന്‍ (Taliban) അധികാരം വീണ്ടും പിടിച്ചെടുത്തിട്ട് രണ്ട് വര്‍ഷം. അഫ്‌ഗാനിസ്ഥാനില്‍ നിന്നും യുഎസ് നാറ്റോ സൈന്യം പിന്മാറിയപ്പോള്‍ തീര്‍ത്തും വ്യത്യസ്‌തമായൊരു ഭരണമാകും ഇക്കുറി തങ്ങള്‍ നടത്തുക എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാര കേന്ദ്രങ്ങളില്‍ ചുവടുറപ്പിച്ചത്. പ്രഖ്യാപനങ്ങള്‍ വാക്കില്‍ മാത്രം ഒതുങ്ങിപ്പോകുന്ന പ്രവര്‍ത്തികളായിരുന്നു പിന്നീട് താലിബാന്‍ ലോകരാഷ്‌ട്രങ്ങള്‍ക്ക് കാട്ടിക്കൊടുത്തതും.
തങ്ങള്‍ രാജ്യത്ത് ഇസ്‌ലാമിക നിയമങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നാണ് ഇപ്പോള്‍ താലിബാന്‍ ഭരണകൂടത്തിന്‍റെ നിലപാട്. താലിബാന്‍ ഇത്തരത്തിലൊരു നിലപാടിലേക്ക് ഒതുങ്ങിയപ്പോള്‍ കൂടുതല്‍ വിവേചനം നേരിടേണ്ടി വന്നത് അഫ്‌ഗാനിസ്ഥാനിലെ സ്‌ത്രീകള്‍ക്കാണ്. അഫ്‌ഗാന്‍ സ്‌ത്രീകള്‍ നേരിട്ട അടിച്ചമര്‍ത്തപ്പെടലുകളെ കുറിച്ച് ഈ കടന്നുപോയ രണ്ട് വര്‍ഷക്കാലയളവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഒട്ടനവധിയാണ്.
സ്‌ത്രീകളുടെ വസ്‌ത്രധാരണ സ്വാതന്ത്ര്യത്തില്‍ കൈകടത്തി, സ്‌ത്രീകള്‍ക്ക് പുറത്തിറങ്ങാനും പഠിക്കാനും വിലക്കേര്‍പ്പെടുത്തി, സര്‍ക്കാതിര ജോലികളില്‍ നിന്നും സ്‌ത്രീകളെ പുറത്താക്കി, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലേക്ക് സ്‌ത്രീകളുടെ പ്രവേശനം തടയുകയും ബ്യൂട്ടി പാര്‍ലറുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്‌തു.
രണ്ടാം താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്‌ഗാന്‍ സ്ത്രീകള്‍ക്ക് ഹിജാബും അവര്‍ നിര്‍ബന്ധമാക്കി. ഈ മാറ്റങ്ങളെല്ലാം ഭരണകൂടം സ്‌ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഉണ്ടായത്. തങ്ങള്‍ നടപ്പിലാക്കിയ നിയമങ്ങളിലൂടെ അഫ്‌ഗാന്‍ സ്‌ത്രീകളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടു എന്നാണ് താലിബാന്‍ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയുടെ (Hibatullah Akhundzada) വാദം.
ലോകരാഷ്‌ട്രങ്ങള്‍ക്ക് അതൃപ്‌തി: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വിദേശ സര്‍ക്കാരുകള്‍, മനുഷ്യാവകാശ-ആഗോള സംഘടനകള്‍ എന്നിവയ്‌ക്ക് കടുത്ത അതൃപ്‌തിയാണുള്ളത്. താലിബാന്‍റെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ രാജ്യത്ത് വലിയ പ്രതിസന്ധികളാണ് സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍, വിദേശ രാജ്യങ്ങള്‍ അഫ്‌ഗാന് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പടെ നിര്‍ത്തിവരികയാണ്.
ഇതിലൂടെ രാജ്യത്ത് കടുത്ത ദാരിദ്ര്യവും ഉണ്ടാകാമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ, പാശ്ചാത്യ രാജ്യങ്ങളില്‍ 80 ശതമാനത്തോളം സാമ്പത്തിക സഹായം അഫ്‌ഗാന് ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതെല്ലാം വെട്ടിക്കുറച്ചതോടെ രാജ്യത്തെ ജനജീവിതവും താറുമാറായി.
നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ ഗുണങ്ങള്‍: നിലവില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് താലിബാനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിലവില്‍ രാജ്യം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നെല്ലാം കരകയറാനായി താലിബാന്‍ ഭരണകൂടം ചൈന, കസഖിസ്ഥാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായി നിക്ഷേപ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ നീക്കി മരവിപ്പിച്ചിരിക്കുന്ന ഫണ്ടുകള്‍ അനുവദിക്കുകയും ചെയ്‌താല്‍ രാജ്യത്തെ ദുരിതം ഏറെക്കുറെ മാറുമെന്നാണ് അവരുടെ നിലപാട്.
എന്നാല്‍, അന്താരാഷ്‌ട്ര സമൂഹം ഇതില്‍ ഇടപെടല്‍ നടത്തണമെങ്കില്‍ താലിബാന്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കേണ്ടതുണ്ട്. ഹിബത്തുള്ള അഖുന്ദ്‌സാദയുടെ നിലപാടുകളെ ആശ്രയിച്ച് മാത്രമായിരിക്കും ഇതില്‍ തീരുമാനമുണ്ടാകുന്നത്.
തിരുത്താന്‍ ആരുമില്ലാതെ താലിബാന്‍: താലിബാനെതിരെ രാഷ്‌ട്രീയമായോ സായുധമായോ എതിര്‍പ്പുന്നയിക്കാന്‍ പോന്ന ശക്തികളൊന്നും നിലവില്‍ അഫ്‌ഗാനിസ്ഥാനില്‍ ഇല്ലെന്നതാണ് അവരുടെ കരുത്ത്. ഈ സാഹചര്യത്തില്‍ അന്താരാഷ്‌ട്ര ശക്തികള്‍ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമെ സ്‌ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്ക് തടയിടാന്‍ സാധിക്കുകയുള്ളൂ.
താലിബാനും ഉഭയകക്ഷി ബന്ധങ്ങളും: രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ഇടപെടലുകള്‍ താലിബാന്‍ നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണില്‍ ഖത്തര്‍ പ്രധാനമന്ത്രി കാണ്ഡഹാറിലെത്തി അഖുന്ദ്‌സാദയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകളും ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. അഫ്‌ഗാനിസ്ഥാന്‍റെ അധികാരം താലിബാന്‍ പിടിച്ചടക്കിയ ശേഷം മറ്റൊരു വിദേശ നേതാവ് അവരുമായി നടത്തിയ ആദ്യത്തെ പരസ്യകൂടിക്കാഴ്‌ച കൂടിയായിരുന്നു ഇത്. അതേസമയം, തങ്ങളുടെ അയല്‍രാജ്യമായ പാകിസ്ഥാന്‍ ചൈന, റഷ്യ എന്നീ രാജ്യങ്ങളും അഫ്‌ഗാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാണ് താലിബാന്‍ ഭരണകൂടത്തിന്‍റെ ആഗ്രഹം.