ന്യൂയോർക്ക്: മെറ്റ കമ്പനിയുടെ, പുതിയ ടെക്‌സ്‌റ്റ് അധിഷ്‌ഠിത സോഷ്യല്‍ മീഡിയ ആപ്പ്‌ളിക്കേഷനായ ത്രെഡ്‌സിനെതിരെ (Threads) നിയമനടപടി സ്വീകരിക്കാനൊരുങ്ങി ട്വിറ്റർ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സെമഫോറാ'ണ് (Semafor) ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ അഭിസംബോധന ചെയ്‌ത്, ട്വിറ്റര്‍ അഭിഭാഷകന്‍ അലക്‌സ് സ്‌പിറോയാണ് ഇതുമായി ബന്ധപ്പെട്ട കത്തയച്ചത്.
ട്വിറ്ററിന്‍റെ തനി പകര്‍പ്പാണ് ത്രെഡ്‌സെന്നും തങ്ങളുടെ കമ്പനിയിലെ മുൻ ജീവനക്കാരെ ജോലിക്ക് വച്ചാണ് 'ഈ രഹസ്യങ്ങള്‍' (ട്വിറ്ററുമായുള്ള സാമ്യത്തെ സൂചിപ്പിക്കുന്നത്) ചോര്‍ത്തിയതെന്നും അലക്‌സ് സ്‌പിറോ കത്തിലൂടെ ആരോപിച്ചു. ട്വിറ്ററിന്‍റെ ബൗദ്ധിക സ്വത്തുക്കള്‍ (Intellectual property) നിയമവിരുദ്ധമായാണ് ത്രെഡ്‌സ് ഉപയോഗിച്ചതെന്നും അതുകൊണ്ടുതന്നെ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് നിയമത്തിന്‍റെ വഴിയെ നീങ്ങുമെന്നും കത്തില്‍ പറയുന്നു.
അതേസമയം, മെറ്റ വക്താവ് ആൻഡി സ്റ്റോൺ വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. ത്രെഡ്‌സ് എഞ്ചിനീയറിങ് ടീമിലെ ആരും തന്നെ മുൻ ട്വിറ്റർ ജീവനക്കാരനല്ലെന്നായിരുന്നു ആൻഡി സ്റ്റോണിന്‍റെ അവകാശവാദം. പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ രണ്ട് ദശലക്ഷം ആളുകളാണ് ത്രെഡ്‌സില്‍ സൈന്‍ അപ് ചെയ്‌തത്. തുടര്‍ന്ന്, നാല് മണിക്കൂറുകൊണ്ട് അഞ്ച് ദശലക്ഷം ആളുകളും ഈ ആപ്പ്‌ളിക്കേഷന്‍ ഉപയോഗിച്ച് തുടങ്ങി. ഇതോടെ, പ്രവര്‍ത്തനം ആരംഭിച്ച് കുറഞ്ഞ മണിക്കൂറിനുള്ളില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായി ത്രെഡ്‌സ് മാറി.
ട്വിറ്ററിന് പ്രഹരമേകി 'ത്രെഡ്‌സ്': ട്വിറ്ററിനെ 'മലര്‍ത്തിയടിക്കുമെന്ന' സൂചനകളോടെ ഇന്നലെയാണ് (ജൂലൈ ആറ്) ത്രെഡ്‌സ് ആപ്പ് ലഭ്യമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിന്‍റെ ടെക്‌സ്‌റ്റ് അധിഷ്‌ഠിത പതിപ്പാണ് മെറ്റ പുറത്തിറക്കിയ ത്രെഡ്‌സ് എന്ന ആപ്പ്. ഇത് ഓൺലൈനിൽ തത്സമയ സംഭാഷണങ്ങൾക്കായി ഒരു ഇടം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇലോൺ മസ്‌ക് ട്വിറ്ററിന്‍റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതിന് ശേഷമുണ്ടായ പരിഷ്‌കരണങ്ങളില്‍ അസന്തുഷ്‌ടരായ ഉപയോക്താക്കളെ ആകര്‍ഷിപ്പിക്കാനാണ് ത്രെഡ്‌സിന്‍റെ ലക്ഷ്യം.
യുഎസ്, യുകെ, ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ജപ്പാൻ എന്നിവയുൾപ്പെടെ 100ലധികം രാജ്യങ്ങളിലെ ആപ്പിൾ, ഗൂഗിൾ ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ ത്രെഡ്‌സ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കർശനമായ ഡാറ്റ സ്വകാര്യത നിയമങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ ഇതുവരെ ത്രെഡ്‌സ് പുറത്തിറക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ ട്വിറ്ററിനെ നേരിട്ട് വെല്ലുവിളിക്കാൻ മെറ്റ പ്ലാറ്റ്‌ഫോമുകൾ തയ്യാറെടുക്കുകയാണെന്നാണ് സൂചന.
ട്വിറ്റർ പോലെ മൈക്രോബ്ലോഗിങ് അനുഭവം ത്രെഡ്‌സിലൂടെയും ഉപയോക്താക്കൾക്ക് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഒരു 'ത്രെഡ്' ലൈക്ക് ചെയ്യാനും റീപോസ്റ്റ് ചെയ്യാനും മറുപടി നൽകാനുമുള്ള ബട്ടണുകളും ഒരു പോസ്റ്റിന് ലഭിച്ച ലൈക്കുകളുടേയും മറുപടികളുടേയും എണ്ണം കാണിക്കുന്ന ഓപ്‌ഷനുകളും ആപ്പ്‌ളിക്കേഷനില്‍ കാണാം. ഒരു പോസ്റ്റിൽ 500 അക്ഷരങ്ങളാണ് ഉൾപ്പെടുത്താനാവുക. ഇത് ട്വിറ്ററിൽ ഒരു പോസ്റ്റിൽ ഉൾക്കൊള്ളിക്കാവുന്നതിനേക്കാൾ കൂടുതലാണ്.