വാഷിങ്ടൺ: ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ട്വിറ്റർ കരാറിൽ നിന്നും പിൻവാങ്ങുന്നതിന് മുൻപ് ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് ഒരു സന്ദേശം അയച്ചിരുന്നതായി റിപ്പോർട്ട്. മസ്‌ക് ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുന്നതിനിടെ കമ്പനിയുടെ അഭിഭാഷകർ സാമ്പത്തിക വിവരങ്ങളെ കുറിച്ച് അന്വേഷിച്ചതിന് ശേഷം 'പ്രശ്‌നമുണ്ടാക്കാൻ' ശ്രമിച്ചു എന്നതായിരുന്നു ജൂൺ 28ന് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത് എന്നാണ് റിപ്പോർട്ട്.
"നിങ്ങളുടെ അഭിഭാഷകർ പ്രശ്‌നമുണ്ടാക്കാൻ ഈ സംഭാഷണങ്ങൾ ഉപയോഗിക്കുന്നു. അത് നിർത്തേണ്ടതുണ്ട്", എന്നതായിരുന്നു സന്ദേശം. ട്വിറ്റർ ഏറ്റെടുക്കൽ ഇടപാടിനെ എങ്ങനെ സാമ്പത്തികമായി പിന്തുണയ്‌ക്കും എന്ന് ട്വിറ്റർ ചോദിച്ചതിന് പിന്നാലെയാണ് മസ്‌ക് സന്ദേശം അയച്ചത്. 44 ബില്യൺ ഡോളറിന്‍റെ ട്വിറ്റർ ഏറ്റെടുക്കൽ കരാറിൽ നിന്ന് പിന്മാറാനുള്ള മസ്‌കിന്‍റെ തീരുമാനത്തിന് എതിരെ ട്വിറ്റർ രംഗത്തുവന്നിരുന്നു.
മസ്‌കിനെ കാപട്യം ആരോപിച്ച് ചൊവ്വാഴ്‌ചയാണ് ഡെലവെയറിലെ ചാൻസറി കോടതിയിൽ ട്വിറ്റർ കേസ് ഫയൽ ചെയ്‌തത്. നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ മസ്‌കിനെ നിർബന്ധിക്കുന്നതിനും കൂടുതൽ കരാർ ലംഘനങ്ങളിൽ നിന്ന് വിലക്കുന്നതിനുമാണ് നടപടിയെന്ന് ട്വിറ്റർ ഹർജിയിൽ വ്യക്തമാക്കി.
ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമപോരാട്ടത്തിന്‍റെ തുടക്കമാണ് ട്വിറ്ററിന്‍റെ ഹർജി. ഒരു ഷെയറിന് 54.20 യുഎസ് ഡോളർ നൽകാനുള്ള കരാറിൽ മസ്‌കിനെ പിടിച്ചുനിർത്താനാണ് ട്വിറ്ററിന്‍റെ ശ്രമം. കരാര്‍ ഒറ്റയടിക്ക് റദ്ദാക്കാന്‍ ഇലോണ്‍ മസ്‌കിന് സാധിക്കില്ല. കരാര്‍ നടക്കാതെ വരികയാണെങ്കില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ ട്വിറ്ററിന് നഷ്‌ടപരിഹാരം നല്‍കേണ്ടി വരും എന്നാണ് വ്യവസ്ഥ.
Also Read: ട്വിറ്റർ വാങ്ങില്ലെന്ന മസ്‌കിന്‍റെ തീരുമാനം കരാര്‍ ലംഘനം, തുറന്നടിച്ച് അഭിഭാഷകർ
ഈ വ്യവസ്ഥ ഒഴിവാക്കണമെങ്കില്‍ ട്വിറ്റര്‍ കരാറില്‍ മെറ്റീരിയല്‍ ബ്രീച്ച് നടത്തി എന്ന് ഇലോണ്‍ മസ്‌കിന് തെളിയിക്കേണ്ടി വരും. കരാറിന്‍റെ സത്തയെ ബാധിക്കുന്ന തരത്തിലുള്ള ലംഘനത്തെയാണ് മെറ്റീരിയല്‍ ബ്രീച്ച് എന്ന് പറയുന്നത്. അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള പണം കണ്ടെത്തുന്നതിനായി ഇലോണ്‍ മസ്‌ക് തേടിയ വായ്‌പ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകണം.
ഈ മാസം ആദ്യമാണ് ട്വിറ്റർ ഏറ്റെടുക്കാനുള്ള 44 ബില്യൺ ഡോളറിന്‍റെ കരാർ റദ്ദാക്കുകയാണെന്ന് വ്യക്തമാക്കി മസ്‌ക് ട്വിറ്റര്‍ ബോർഡിന് കത്തയച്ചത്. വ്യാജ അക്കൗണ്ടുകള്‍ സംബന്ധിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്നാണ് മസ്‌കിന്‍റെ ആരോപണം. സ്‌പാം, വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നല്‍കണമെന്ന് രണ്ട് മാസമായി ആവശ്യപ്പെടുകയാണെങ്കിലും ട്വിറ്റര്‍ പലപ്പോഴും ഇതിനോട് പ്രതികരിച്ചില്ലെന്നും മറ്റ് ചിലപ്പോള്‍ അന്യായമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നുവെന്നും മസ്‌കിന്‍റെ അഭിഭാഷകര്‍ മൈക്ക് റിങ്ക്‌ളര്‍ ആരോപിച്ചു. ഇതിലൂടെ കരാറിലെ പല വ്യവസ്ഥകളും ട്വിറ്റർ ലംഘിച്ചുവെന്നും ബോര്‍ഡിന് അയച്ച കത്തില്‍ പറയുന്നു.
Also Read: നടക്കാന്‍ പോകുന്നത് മസ്‌കും ട്വിറ്ററും തമ്മിലുള്ള നിയമയുദ്ധം