ജറുസലേം : ഇസ്രയേലി സൈന്യത്തിന്‍റെ വെടിയേറ്റ് മൂന്ന് പലസ്‌തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പലസ്‌തീന്‍ ആരോഗ്യ മന്ത്രാലയമാണ് സംഭവം സ്ഥിരീകരിച്ചത്. അതേസമയം മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
അധിനിവേശ വടക്കന്‍ വെസ്റ്റ് ബാങ്കിലെ ഒരു ഗ്രാമത്തിൽ ഇസ്രയേൽ സുരക്ഷാസേന റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് മൂന്ന് പലസ്‌തീനികള്‍ കൊല്ലപ്പെട്ടത് എന്നാണ് പലസ്‌തീന്‍ അധികൃതര്‍ നല്‍കുന്ന വിവരം. എന്നാല്‍ ഫ്ലാഷ് പോയിന്‍റ് നഗരമായ ജെനിന്‍റെ തെക്ക് നടന്ന പ്രസ്‌തുത പരിശോധനയെക്കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
പലസ്‌തീനിലെ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ജബ ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ആയുധങ്ങളുമായി സംഘടിച്ചിരുന്നു. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാതെ വെസ്റ്റ് ബാങ്കിന്‍റെ വിവിധ മേഖലകളില്‍ ഉയര്‍ന്നുവരുന്ന സായുധ സംഘങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജബയിലെ യുവാക്കള്‍ സംഘടിച്ചത്. വെസ്റ്റ് ബാങ്കില്‍ ഏകദേശം രണ്ട് മാസത്തില്‍ അധികമായി ഇസ്രയേല്‍ സൈന്യം അക്രമം നടത്തുകയാണ്.
ഇസ്രയേല്‍ സൈന്യത്തിന്‍റെ ആക്രമണം തുടര്‍ക്കഥ : കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സായുധ സേന ആക്രമണം നടത്തിയിരുന്നു. ഇതില്‍ ഒരു പലസ്‌തീന്‍ യുവാവ് ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. 35ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. നബ്‌ലുസ് നഗരത്തിലുണ്ടായ ആക്രമണത്തില്‍ 18കാരനായ വസീം ഖലീഫയാണ് കൊല്ലപ്പെട്ടത്.
ഈ വര്‍ഷം ജനുവരിയിലും ഇസ്രയേല്‍ സൈന്യം പലസ്‌തീനികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫ്ലാഷ് പോയിന്‍റില്‍ ഉണ്ടായ വെടിവയ്‌പ്പിലും ഒരു പലസ്‌തീന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. സയിബ് അസ്‌റിഖ്വിയാണ് വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടത് എന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഈ സംഭവം നടന്ന് പിറ്റേന്നുതന്നെ വീണ്ടും ഇസ്രയേല്‍ സൈന്യം പലസ്‌തീനില്‍ ആക്രമണം നടത്തി. വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തിലുള്ള അഭയാര്‍ഥി ക്യാമ്പിന് നേര്‍ക്കായിരുന്നു വെടിവയ്‌പ്പ്. അന്നത്തെ സംഭവത്തില്‍ ഒരു വൃദ്ധ ഉള്‍പ്പടെ ഒമ്പത് പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
2022 ല്‍ കൊല്ലപ്പെട്ടത് 21 പലസ്‌തീനികള്‍: കഴിഞ്ഞ വര്‍ഷം മാത്രം 21 പലസ്‌തീനികളാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2002 മുതലുള്ള ഇസ്രയേല്‍, പലസ്‌തീന്‍ ഏറ്റുമുട്ടല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയായിരുന്നു ഇത്. മരിച്ചവര്‍ ഏറെയും സൈനികരായിരുന്നു എന്ന് അവകാശവാദം ഉന്നയിച്ചുകൊണ്ട് ഇസ്രയേല്‍ സൈന്യം രംഗത്തുവന്നിരുന്നു. എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച യുവാക്കള്‍ ഉള്‍പ്പടെയുള്ള സാധാരണക്കാര്‍ സൈന്യത്തിന്‍റെ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ആയുധങ്ങളുമായി സംഘടിക്കുന്ന തീവ്രവാദ ശൃംഖലകളെ തകര്‍ക്കാനും ഭാവിയില്‍ ആക്രമണങ്ങള്‍ ഇല്ലാതാക്കാനും വേണ്ടിയാണ് അധിനിവേശ മേഖലകളില്‍ ഉള്ള ഗ്രാമങ്ങളില്‍ തങ്ങള്‍ റെയ്‌ഡ് നടത്തുന്നതെന്നാണ് ഇസ്രയേലി സൈന്യത്തിന്‍റെ വാദം. 1967ലാണ് പലസ്‌തീന്‍റെ ഭാഗമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജെറുസലേം ഗാസ സ്‌ട്രിപ്പ് തുടങ്ങിയ പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചെടുത്തത്. 55 വര്‍ഷമായി ഇസ്രയേല്‍ പിടിച്ചെടുത്ത തങ്ങളുടെ ഭാഗം തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണ് തങ്ങളെന്ന് പലസ്‌തീന്‍ പ്രതികരിക്കുന്നു.