കാബൂള്‍ (അഫ്‌ഗാനിസ്ഥാന്‍) : താലിബാന്‍ ഭരണത്തിന് കീഴിലുള്ള അഫ്‌ഗാനിസ്ഥാനില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അവസാനമില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ അഫ്‌ഗാന്‍റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തത് മുതൽ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട ആശങ്കകളിലൊന്ന് സ്‌ത്രീകള്‍ നേരിട്ടേക്കാവുന്ന പീഡനങ്ങളെക്കുറിച്ചാണ്. അത് ശരിവയ്‌ക്കുന്നതാണ് പെണ്‍കുട്ടികളെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് വിലക്കികൊണ്ടുള്ള താലിബാന്‍റെ ഉത്തരവ്.
പുതിയ തീരുമാനം അറിയിക്കുന്നത് വരെ ആറാം ക്ലാസിന് മുകളിലുള്ള പെൺകുട്ടികളോട് വീട്ടിൽ തന്നെ തുടരാനാണ് താലിബാന്‍റെ നിര്‍ദേശം. അടച്ചിട്ട സ്‌കൂള്‍ എന്ന് തുറക്കുമെന്ന് ഉത്തരവില്‍ പരാമർശിച്ചിട്ടില്ല. 1996-2001 ഭരണ കാലഘട്ടത്തിലും പെണ്‍കുട്ടികളെ വിദ്യാഭ്യാസം നേടുന്നതില്‍ നിന്നും താലിബാന്‍ വിലക്കിയിരുന്നു.
Also read: താലിബാന്‍റെ പരിഷ്കരണം! 2735 മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി പോയി, 72% വനിതകള്‍
താലിബാന്‍റെ നടപടിക്കെതിരെ ലോകമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയർന്നത്. താലിബാന്‍റെ നടപടിയെ അപലപിച്ചുകൊണ്ട് കാനഡ, ഫ്രാൻസ്, ഇറ്റലി, നോർവേ, യുകെ, അമേരിക്ക, യൂറോപ്യൻ യൂണിയന്‍റെ ഉന്നത പ്രതിനിധി എന്നിവർ സംയുക്ത പ്രസ്‌താവന പുറത്തിറക്കിയിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള അഫ്‌ഗാനിസ്ഥാന്‍റെ കഴിവ് അനുസരിച്ചിരിയ്ക്കും രാജ്യത്തിന് നല്‍കുന്ന അന്താരാഷ്‌ട്ര സഹായമെന്നും ലോകരാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പെൺകുട്ടികൾക്കുള്ള സെക്കന്‍ററി സ്‌കൂളുകളും ഹൈസ്‌കൂളുകളും അടച്ചുപൂട്ടുമെന്ന താലിബാന്‍റെ പ്രഖ്യാപനം എല്ലാവർക്കും വിദ്യാഭ്യാസം പ്രാപ്യമാക്കണമെന്ന അന്താരാഷ്‌ട്ര നിയമത്തിന്‍റെ ലംഘനമാണെന്ന് ഗ്ലോബല്‍ വാച്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണകൂടങ്ങള്‍ പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതമാക്കുകയും എല്ലാവർക്കും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യണമെന്ന് 1989ലെ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷന്‍റെ ആർട്ടിക്കിൾ 28ല്‍ പറയുന്നുണ്ടെന്നും ഗ്ലോബല്‍ വാച്ച് ചൂണ്ടിക്കാട്ടുന്നു. അഫ്‌ഗാനില്‍ വിദ്യാഭ്യാസത്തിന് പുറമേ യാത്ര, തൊഴില്‍ തുടങ്ങിയവയ്ക്കും സ്‌ത്രീകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.