ബേണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്): തലസ്ഥാനമായ ബേണില്‍ സ്ഥിതി ചെയ്യുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് പാര്‍ലമെന്‍റും അനുബന്ധ ഓഫിസുകളും ഒഴിപ്പിച്ചതായി റിപ്പോര്‍ട്ട്. സ്‌ഫോടക വസ്‌തുക്കളുമായി എത്തിയ ആളെ പാര്‍ലമെന്‍റ് പരിസരത്ത് വച്ച് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടി. ഇന്നലെയായിരുന്നു സംഭവം.
സ്‌ഫോടക വസ്‌തുക്കളുമായി സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ആളെ അറസ്റ്റ് ചെയ്‌തതായും ഇയാളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കുറിച്ച് കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ നടക്കുകയാണെന്നും ബേണ്‍ പൊലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ് പാര്‍ലമെന്‍റ് സ്ഥിതി ചെയ്യുന്ന ഫെഡറല്‍ പാലസിന്‍റെ തെക്കന്‍ കവാടത്തില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ സുരക്ഷ ജീവനക്കാര്‍ കണ്ടെത്തിയത്. ബുള്ളറ്റ് പ്രൂഫ് വസ്‌ത്രവും തോക്കും ധരിച്ചാണ് ഇയാള്‍ എത്തിയത്.
പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് കൂടുതല്‍ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തുകയായിരുന്നു. ബുണ്ടസ്‌പ്ലാറ്റ്‌സ് പരിസരത്തു നിന്ന് ഇയാളുടെ കാറും കണ്ടെടുത്തു. കാറില്‍ കൂടുതല്‍ സ്‌ഫോടക വസ്‌തുക്കള്‍ ഉണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് പാര്‍ലമെന്‍റും ഓഫിസും ഒഴിപ്പിക്കാന്‍ പൊലീസ് നിര്‍ദേശിച്ചത്. അറസ്റ്റ് ചെയ്‌ത ഇയാളെ എമര്‍ജന്‍സി സര്‍വീസിന് കൈമാറി.
സംഭവത്തെ തുടര്‍ന്ന് ഫെഡറല്‍ പാലസില്‍ വിപുലമായ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയത്. അഗ്നിശമന, സ്ഫോടന വിഭാഗത്തിൽ നിന്നുള്ള സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെ നിരവധി സേനയെ പ്രദേശത്ത് വിന്യസിപ്പിച്ചു. ഡ്രോണും പൊലീസ് നായയും നടത്തിയ പരിശോധനയിലാണ് ബുണ്ടസ്‌പ്ലാറ്റ്‌സ് പരിസരത്തു നിന്ന് ഇയാളുടെ കാര്‍ കണ്ടെത്തിയത്. അപകരമായ രീതിയില്‍ ഒന്നും കണ്ടെത്താനായില്ല. തുര്‍ന്ന് രാത്രി ഏഴ് മണിയോടെ നടപടികള്‍ പിന്‍വലിക്കുകയായിരുന്നു. സ്‌ഫോടക വസ്‌തുക്കളെ കുറിച്ചും അവ എത്തിച്ച ആളെ കുറിച്ചും അന്വേഷണം നടക്കുകയാണ്.