കാലിഫോര്‍ണിയ: 2022 വര്‍ഷത്തില്‍ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ മാരകമായ ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള 90 ശതമാനം ആളുകള്‍ക്കും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ ഭക്ഷ്യക്ഷാമം, മരണസാധ്യത തുടങ്ങിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെന്ന് കേംബ്രിഡ്‌ജ് സര്‍വകലാശാലയുടെ പഠനത്തില്‍ വ്യക്തമാക്കുന്നു. യുകെയിലെ കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ രമിത് ദേബ്‌നാഥു സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പിഎല്‍ഒഎസ് ക്ലൈമറ്റ് എന്ന മാഗസിനില്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ഉഷ്‌ണതരംഗങ്ങള്‍ സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെ തടസപ്പെടുത്തുമെന്ന് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു.
സുസ്ഥിര വികസനത്തെ ബാധിക്കുന്ന ഘടകങ്ങള്‍: ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യവും ക്ഷേമവും, മാന്യമായ ജോലി, സാമ്പത്തിക വളര്‍ച്ച എന്നിവയുള്‍പെടെ ഐക്യരാഷ്‌ട്ര സഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍, നിലവിലെ ഉഷ്‌ണതരംഗവും കാലാവസ്ഥയിലെ വ്യതിയാനവും ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസനങ്ങള്‍ കൈവരിക്കുന്നതില്‍ വെല്ലുവിളിയായാണ് കാണുന്നത്. ഇന്ത്യയുടെ ഉഷ്‌ണതരംഗ സൂചികയും കാലാവസ്ഥയോട് പൊതുജനം എത്രമാത്രം പൊരുത്തപ്പെടുന്നു എന്നു കണ്ടെത്തുന്നതിനായുള്ള സൂചികയും സംയോജിപ്പിച്ചുകൊണ്ട് ഗവേഷകര്‍ ഒരു സൂചിക തയ്യാറാക്കി.
സാമൂഹിക- സാമ്പത്തിക, ഉപജീവനം, ജൈവ-ഭൗതിക ഘടകങ്ങള്‍ എന്നിവ കണക്കിലെടുത്ത് സുസ്ഥിര വികസ ലക്ഷ്യങ്ങളെ കാലാവസ്ഥ എത്രമാത്രം ബാധിക്കുന്നു എന്ന് കണ്ടെത്തുന്നതിനായിരുന്നു സൂചിക തയ്യാറാക്കിയത്. വിവിധ തലങ്ങളില്‍ കാലാവസ്ഥ വ്യതിയാനം എത്രമാത്രം ബാധിച്ചിരിക്കുന്നു എന്ന് കണക്കാക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നാഷണല്‍ ഡാറ്റ&അനലറ്റിക്‌സ് പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള സംസ്ഥാനതലത്തിലെ കാലാവസ്ഥ ദുര്‍ബലത സൂചികകളില്‍ പൊതുവായി ലഭ്യമായ ഡാറ്റകളാണ് പഠനത്തിനായി ഉപയോഗിച്ചത്. തുടര്‍ന്ന് 2001 മുതല്‍ 2021 വരെയുള്ള 20 വര്‍ഷക്കാലം സുസ്ഥിര വികസത്തില്‍ ഉണ്ടായ പുരോഗതിയെക്കുറിച്ചും സര്‍ക്കാര്‍ വിലയിരുത്തി.
ഇന്ത്യ അപകടാവസ്ഥയില്‍: നേരത്തെയുള്ള വിലയിരുത്തലിനെക്കാളും ഉഷ്‌ണതരംഗങ്ങള്‍ സുസ്ഥിര വികസത്തിന് തടസം സൃഷ്‌ടിച്ചിരിക്കുന്നുവെന്ന് പഠനത്തില്‍ നിന്നും വ്യക്തമായി. ഉഷ്‌ണതരംഗത്തിന്‍റെ ആഘാതത്തെ തുടര്‍ന്ന് ഇന്ത്യ 90 ശതമാനവും അപകടനിലയിലാണെന്ന് സൂചികകളില്‍ നിന്നും കണ്ടെത്തി.
ജനങ്ങള്‍ കാലാവസ്ഥയോട് എത്രമാത്രം പൊരുത്തപ്പെടുന്നു എന്ന് കണക്കാക്കുന്നതിനുള്ള സൂചികകളില്‍ രാജ്യത്തെ 20 ശതമാനവും ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് വളരെ ദുര്‍ബലമായ അവസ്ഥയിലാണെന്ന് സ്ഥരീകരിച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹി ഉഷ്‌ണതരംഗത്തെ തുടര്‍ന്ന് വളരെ ഭീകരമായ അവസ്ഥയിലാണെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വ്യതിയാനത്തിനായുള്ള സംസ്ഥാനത്തിന്‍റെ സമീപകാല പദ്ധതികള്‍ ഫലം കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കാലാവസ്ഥ വ്യതിയാനവും ആഘാതവും: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥ വ്യതിയാനം ഇന്ത്യന്‍ സംസ്ഥാനത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയിലെയും ഇന്ത്യയുടെ ഉപഭൂഖണ്ഡങ്ങളിലെയും ഉഷ്‌ണതരംഗങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ്. അതിനാല്‍ തന്നെ, കാലാവസ്ഥ വിദഗ്‌ധരും നയരൂപീകരണ വിദഗ്‌ധരും രാജ്യത്തിന്‍റെ കാലാവസ്ഥ ദുര്‍ബലത വിലയിരുത്തുന്നതിനുള്ള അളവുകോല്‍ പുനര്‍മൂല്യനിര്‍ണയം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
രാജ്യത്ത് ഉഷ്‌ണതരംഗം സമഗ്രമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ അര്‍ത്ഥം രാജ്യത്തെ 80 ശതമാനം ആളുകളും അപകടാവസ്ഥയിലാണ് എന്നാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതം ഉടന്‍ തന്നെ ചൂണ്ടിക്കാണിച്ചില്ല എങ്കില്‍ രാജ്യത്തിന്‍റെ സുസ്ഥിര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കുറയുമെന്ന് പഠനത്തില്‍ പറയുന്നു.