കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന ശ്രീലങ്കയിൽ ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിൻവലിച്ചു കൊണ്ട് പ്രസിഡന്റ് ഗോതബയ രാജപക്സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്തെ ഏത് അസ്വസ്ഥതകളും തടയാൻ സുരക്ഷ സേനയ്ക്ക് വ്യാപകമായ അധികാരം നല്കുന്ന ഓര്‍ഡിനന്‍സും പിന്‍വലിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. അതിനെ തുടര്‍ന്ന് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എന്നാല്‍ കര്‍ഫ്യൂവിലും അടിയന്തരാവസ്ഥയിലും പ്രതിഷേധങ്ങള്‍ തുടര്‍ന്നു.
നിലവില്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രസിഡന്റിന്റെ വസതിയടക്കമുള്ളയിടങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. പ്രസിഡന്റിന്റെ വസതിക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധക്കാര്‍ തകര്‍ത്തതോടെ പൊലിസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. സംഭവത്തെ തുടര്‍ന്ന് നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും കൊളംബോ നഗരത്തിന്റെ മിക്കയിടങ്ങളിലും കര്‍ഫ്യൂ ശക്തമാക്കുകയും ചെയ്തു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് ലങ്ക: സാമ്പത്തിക പ്രതിസന്ധി രൂക്ഷയമായതിനെ തുടർന്ന് ഇന്ധനം, പാചക വാതകം തുടങ്ങിയ അവശ്യ വസ്തുക്കളുടെ ക്ഷാമത്തിലേക്കും ദിവസത്തില്‍ 13 മണിക്കൂര്‍ പവര്‍ കട്ടിലേക്കും ശ്രീലങ്ക മാറി. ഇതേ തുടർന്ന് സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ ഗോതബയ രജപക്സെ മന്ത്രിസഭയിലെ 26 മന്ത്രിമാരും കൂട്ടരാജി പ്രഖ്യാപിച്ചു.
പാർലമെന്റില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷം ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ നിന്നും 41 അംഗങ്ങൾ സഖ്യത്തിൽ നിന്നും ഇറങ്ങിപ്പോയതോടൊയാണ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഇപ്പോള്‍ 105 എംപിമാരാണ് ഭരണ മുന്നണിയിലുള്ളത്. 113 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ഇന്ധനത്തിനും പാചകവാതകത്തിനും അവശ്യസാധനങ്ങൾക്കുമുള്ള നീണ്ട നിരയും മണിക്കൂറുകളോളം വൈദ്യുതി മുടക്കവും മൂലം പൊതുജനങ്ങൾ ആഴ്ചകളായി ദുരിതമനുഭവിക്കുകയാണ്.
അതേസമയം, രാജ്യത്തെ വിദേശ നാണ്യ പ്രതിസന്ധിക്ക് കാരണം സര്‍ക്കാറിന്റെ അനാസ്ഥയല്ലെന്ന് രാജപക്സെ ന്യായീകരിച്ചു. സാമ്പത്തിക മാന്ദ്യം വലിയൊരു മഹാമാരിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ടൂറിസം വരുമാനവും വിദേശ നാണ്യ പ്രതിസന്ധിയുമാണ് രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളിക്ക് കാരണം.