കൊളംബോ: സാമ്പത്തിക അസ്ഥിരത നേരിടുന്ന ശ്രീലങ്കയില്‍ പ്രതിഷേധം വൻ സംഘര്‍ഷത്തിലേക്ക്. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ കുരുനഗല നഗരത്തിലുള്ള വസതിക്ക് തീയിട്ടു. രാജപക്‌സെ രാജിവച്ചതിന് തൊട്ടു പിന്നാലെയാണ് സംഭവം.
എംപി മഹിപാല ഹെറാത്തിന്‍റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീവച്ചു. വ്യാപക അക്രമം നടക്കുകയാണ് ശ്രീലങ്കയില്‍. കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ഇവരെ നേരിടാന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെയുടെ അനുയായികളും രംഗത്തുവന്നു.
സംഘര്‍ഷം വ്യാപിക്കുന്നതിനിടെയാണ് മഹീന്ദ രാജപക്‌സെ രാജി പ്രഖ്യാപിച്ചത്. സംഘര്‍ഷത്തില്‍ ഒരു എംപിയും കൊല്ലപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂലികളും പ്രക്ഷോഭകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. തലസ്ഥാനത്തും മറ്റിടങ്ങളിലും നടന്ന വിവിധ അക്രമസംഭവങ്ങളില്‍ പന്ത്രണ്ടോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കര്‍ഫ്യൂ രാജ്യവ്യാപകമാക്കി ഉത്തരവുണ്ടായി. വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാജ്യം കടുത്ത ആഭ്യന്തര കലഹത്തിലൂടെ കടന്നുപോകുകയാണെന്ന് ആഭ്യന്തര വൃത്തങ്ങള്‍ അറിയിക്കുന്നു. രാജി വയ്ക്കാന്‍ നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാജപക്സെ സ്ഥാനമൊഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്‍റിന്‍റെ ഓഫിസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും സംഘര്‍ഷക്കാരും രാജപക്സെ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു.