കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്നതില്‍ പ്രതിഷേധിച്ച് പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ വസതിയിലേക്ക് ജനങ്ങളുടെ മാര്‍ച്ച്. മാര്‍ച്ചില്‍ പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പത്തു പേര്‍ പരിക്ക് പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറ് പേരെ കോളംബോ നാഷണല്‍ ആശുപത്രിയിലും നാല് പേരെ സൗത്ത് ടീച്ചിങ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാരോപിച്ചായിരുന്നു പ്രസിഡന്‍റിന്‍റെ വസതിയിലേക്കുള്ള മാര്‍ച്ച്. പ്രതിഷേധക്കാര്‍ ശ്രീലങ്കന്‍ സൈന്യത്തിന്‍റെ ബസ്സും മറ്റൊരു ജീപ്പും അഗ്‌നിക്കിരയാക്കി. കൊളംബോയിലെ പല സ്ഥലങ്ങളിലും പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊവിഡിനെ തുടര്‍ന്ന് ടൂറിസം രംഗത്തുണ്ടായ തകര്‍ച്ചയാണ് പ്രധാനമായും ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയെ ഉലച്ചത്. രാജ്യത്തെ വിദേശ നാണ്യ ശേഖരം നന്നേ കുറഞ്ഞസാഹചര്യത്തില്‍ അവശ്യമായ അളവില്‍ ഇന്ധന ഇറക്കുമതി നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. ഇതുകാരണം പെട്രോള്‍- ഡീസല്‍ നിരക്ക് കൂടുകയും ഇവയ്ക്ക് വലിയ ദൗര്‍ലഭ്യം നേരിടുകയുമാണ്.
കുറഞ്ഞത് പത്ത് മണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്ന ദിവസേനയുള്ള പവര്‍കട്ടാണ് ശ്രീലങ്കയില്‍ ഇപ്പോള്‍. ഇന്ത്യയടക്കമുള്ള സുഹൃത്ത് രാജ്യങ്ങളോട് കൂടുതല്‍ സാമ്പത്തിക സഹായത്തിന് അഭ്യര്‍ഥിച്ചിരിക്കുകയാണ് ശ്രീലങ്ക. ശ്രീലങ്കന്‍ രൂപയുടെ മൂല്യം വന്‍തോതിലാണ് ഇടിഞ്ഞത്.
ALSO READ: 'ശ്രീലങ്കയെ പുനഃനിർമിക്കാന്‍ സഹകരിക്കണം'; തമിഴ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി ഗോതബയ രാജപക്‌സെ