ജൊഹാനസ്ബർഗ്: പലയിടത്തും പാമ്പിനെ കണ്ട് ആളുകൾ പരിഭ്രാന്തരാകുന്ന കാഴ്‌ചകൾ നാം കാണാറുണ്ട്. എന്നാൽ വിമാനത്തിനുള്ളിൽ പാമ്പ് കയറിയാലോ? അത് പൈലറ്റിന്‍റെ സീറ്റിനടിയിലാണെങ്കിലോ? ക്ഷണിക്കപ്പെടാത്ത അതിഥിയെ വിമാനത്തിൽ കണ്ടപ്പോൾ ആദ്യം പൈലറ്റ് ഒന്ന് ഭയന്നെങ്കിലും നിമിഷങ്ങൾക്കകം കാര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
വോസ്റ്ററിൽ നിന്ന് നെൽസ്‌പ്രൈറ്റിലേക്ക് പോവുകയായിരുന്ന വിമാനത്തിലെ കോക്‌പിറ്റിലാണ് പാമ്പ് കയറിക്കൂടിയത്. ദക്ഷിണാഫ്രിക്കൻ പൈലറ്റായ റുഡോൾഫ് എറാസ്‌മസ് ആയിരുന്നു ചെറുവിമാനം നിയന്ത്രിച്ചിരുന്നത്. പൈലറ്റിനെ കൂടാതെ നാല് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
താൻ ഇരിക്കുന്ന സ്ഥലത്ത് എന്തോ തണുപ്പ് അനുഭവപ്പെട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. തണുപ്പ് അനുഭവപ്പെടുന്നത്, സമീപത്ത് സൂക്ഷിച്ചിരുന്ന കുപ്പിയിൽ നിന്ന് വെള്ളം പുറത്തേക്ക് വീഴുന്നതിനാലാകാം എന്നാണ് ആദ്യം കരുതിയത്. പിന്നീട് നോക്കിയപ്പോഴാണ് മൂർഖൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തിയത്. ആദ്യം ഒന്ന് സ്‌തംഭിച്ചുപോയെങ്കിലും ഉടൻ തന്നെ വിമാനം സുരക്ഷിതമാക്കി താഴെയിറക്കണമെന്ന ചിന്ത ഉള്ളിലേക്ക് വന്നു. തുടർന്ന് അടിയന്തരമായി വിമാനം താഴെയിറക്കുകയായിരുന്നുവെന്ന് എറാസ്‌മസ് പറഞ്ഞു.
ഞായറാഴ്‌ച വിമാനത്തിന്‍റെ ചിറകിന് കീഴിൽ കേപ് കോബ്രയെ കണ്ടിരുന്നു എന്ന് വോസ്റ്റർ വിമാനത്താവളത്തിലുള്ളവർ അറിയിച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ പറക്കലിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് അറിയിപ്പ് കിട്ടിയത്. എന്നാൽ, പാമ്പിനെ പിടികൂടാൻ നേരത്തെ തന്നെ ശ്രമിച്ചിരുന്നു.
പിടികൂടാൻ ശ്രമിക്കുന്നതിനിടെ പാമ്പ് എഞ്ചിന്‍റെ മൂടിക്കിടയിലേക്ക് രക്ഷപ്പെട്ടു. തുടർന്ന് മൂടി തുറന്ന് തെരച്ചിൽ നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് പുറത്തേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന് വിമാനത്താവള അധികൃതർ കരുതിയതെന്ന് പൈലറ്റ് അറിയിച്ചു.
വിമാനത്തിൽ പാമ്പ് കയറി എന്ന വിവരം പൈലറ്റ് യാത്രക്കാരെയും അറിയിച്ചു. വിമാനം വെൽകോമിലെ വിമാനത്താവളത്തിന് സമീപമായിരുന്നു. അതിനാൽ ജൊഹാനസ്ബർഗിലെ കൺട്രോൾ ടവറുമായി ബന്ധപ്പെടുകയും വിമാനം അടിയന്തരമായി ഇറക്കാനുള്ള നടപടികൾ പൈലറ്റ് പൂർത്തിയാക്കുകയും ചെയ്‌തു.
തുടർന്ന് വിമാനം സുരക്ഷിതമായി പറന്നിറങ്ങി. വിമാനം നിർത്തിയ ഉടൻ പുറകിലിരുന്ന മൂന്ന് യാത്രക്കാർ ആദ്യം പുറത്തിറങ്ങി. പിന്നെ പൈലറ്റിനൊപ്പം മുന്നിൽ ഇരുന്നയാൾ പുറത്തിറങ്ങി. ഏറ്റവും അവസാനമാണ് എറാസ്‌മസ് പുറത്തിറങ്ങിയത്.
പുറത്തിറങ്ങിയ പൈലറ്റ് സീറ്റ് മുന്നോട്ട് നീക്കിയപ്പോൾ സീറ്റിനടിയിൽ ചുരുണ്ട് കിടന്ന പാമ്പിനെ കണ്ടു. തുടർന്ന് പാമ്പിനെ പിടികൂടുന്ന സംഘം എത്തിയപ്പോഴേക്കും അതിനെ വീണ്ടും കാണാതായി. പാമ്പിനെ കണ്ടെത്താനുള്ള ശ്രമത്തിൽ എഞ്ചിനീയർമാർ വിമാനത്തിന്‍റെ ഭാഗങ്ങൾ അഴിച്ചുമാറ്റി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രിയിൽ മൂർഖൻ പാമ്പ് ഇര തേടി പുറത്തേക്ക് വരുമെന്ന പ്രതീക്ഷയിൽ വിമാനത്തിന് പുറത്ത് ഭക്ഷണം വച്ചു. പക്ഷെ, ആ ശ്രമവും വിജയിച്ചില്ല.
പൈലറ്റിന്‍റെ തക്ക സമയത്തുള്ള ഇടപെടലിനെ തുടർന്ന് അപകടം ഒന്നും സംഭവിക്കാതെ വിമാനം തിരച്ചിറക്കാൻ സാധിച്ചു. വലിയ ഒരു അപകടമാണ് എറാസ്‌മസിന്‍റെ കൃത്യമായ ഇടപെടൽ മൂലം ഒഴിവായത്. സംഭവത്തിൽ പൈലറ്റിന് നിരവധി അഭിനന്ദനവും ലഭിച്ചു. വ്യോമയാനത്തിൽ ഏറ്റവും മികച്ച വൈദഗ്ധ്യം പ്രദർശിപ്പിച്ച പൈലറ്റാണ് എറാസ്‌മസ് എന്ന് ഏവിയേഷൻ സ്പെഷ്യലിസ്റ്റും എസ്എ ചീഫ് എയർ ഷോ കമന്‍റേറ്ററുമായ ബ്രയാൻ എമെനിസ് പറഞ്ഞു. സംഭവ സമയത്ത് കാലാവസ്ഥയും മോശമായിരുന്നു. അതുകൊണ്ട് തന്നെ പാമ്പിനെ കൂടാതെ കാലാവസ്ഥയിലും അദ്ദേഹത്തിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നു. തന്‍റെ നാല് പതിറ്റാണ്ട് നീണ്ട വ്യോമയാന മേഖലയിൽ ഇത്തരമൊരു കേസിനെ കുറിച്ച് താൻ കേട്ടിട്ടില്ലെന്നും എമെനിസ് വ്യക്തമാക്കി.