കൊളംബോ: കടുത്ത ഇന്ധന ക്ഷാമം കാരണം ശ്രീലങ്കയില്‍ നഗരങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഒരാഴ്‌ച കൂടി നീട്ടി. രണ്ടാഴ്‌ച മുന്‍പാണ് സ്‌കൂളുകള്‍ അടച്ചിട്ടത്. ആവശ്യത്തിന് വിദേശ നാണ്യ ശേഖരമില്ലാത്തത് കാരണം പെട്രോളിയം ഉത്‌പന്നങ്ങള്‍ രാജ്യത്തെ ആവശ്യകതയ്‌ക്ക് അനുസരിച്ച് ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാറിന് കഴിയുന്നില്ല.
വിദേശത്ത് ജോലി ചെയ്യുന്ന ശ്രീലങ്കക്കാരോട് നാട്ടിലേക്ക് ബാങ്ക് വഴി പണം അയക്കാന്‍ ഊര്‍ജ മന്ത്രി കഞ്ചന വിജിശേഖര അഭ്യര്‍ഥിച്ചു. എന്നാല്‍ മാത്രമേ പെട്രോളിയം ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ രാജ്യത്തിന് സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. പല വിദേശ കമ്പനികള്‍ക്കും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്‌ത വകയില്‍ ശ്രീലങ്ക പണം കൊടുക്കാനുണ്ട്.
അതുകൊണ്ട് തന്നെ പല വിദേശ കമ്പനികളും ശ്രീലങ്കയ്‌ക്ക് കടത്തിന് ഇന്ധനം നല്‍കുന്നില്ല. ഇന്ത്യയില്‍ നിന്നാണ് ശ്രീലങ്കയിലേക്ക് ഇപ്പോള്‍ കൂടുതലായും പെട്രോളിയം ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ കടത്തിന് പെട്രോളിയം ഉത്‌പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. റഷ്യയിലെയും മലേഷ്യയിലെയും പെട്രോളിയം വിതരണ കമ്പനികളുമായി ശ്രീലങ്ക ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ പരിമിതമായ പെട്രോളിയം ഉത്‌പന്നങ്ങളുടെ ശേഖരമുള്ള ശ്രീലങ്ക അവയുടെ വിതരണം അവശ്യ സേവനങ്ങള്‍ക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്. അടുത്ത ഒരാഴ്‌ച കൊണ്ട് പെട്രോളിയം ഉത്‌പന്നങ്ങളുടെ കൂടുതല്‍ ഇറക്കുമതി ഉണ്ടാവുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനുള്ള വിദേശ നാണ്യം കണ്ടെത്തുക ശ്രമകരമാണെന്ന് ശ്രീലങ്കന്‍ ഊര്‍ജ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്‌ത 40,000 മെട്രിക് ടണ്‍ ഡീസല്‍ ഈ വരുന്ന വെള്ളിയാഴ്‌ച(ജൂലൈ 8) രാജ്യത്ത് എത്തും. പെട്രോളുമായുള്ള ആദ്യത്തെ കപ്പല്‍ ജൂലൈ 22 ന് എത്തും. വരുന്ന ആഴ്‌ചകളില്‍ കൂടുതല്‍ പെട്രോളിയം ഇറക്കുമതി രാജ്യത്ത് ഉണ്ടാവുമെന്നും വിജിശേഖര പറഞ്ഞു. ഈ ഇറക്കുമതിക്ക് 587 ദശലക്ഷം കോടി ഡോളറാണ് വേണ്ടത്. പെട്രോളിയം ഉത്‌പന്നങ്ങള്‍ ഇറക്കുമതി ചെയ്‌ത വകയില്‍ 80 കോടി അമേരിക്കന്‍ ഡോളര്‍ ശ്രീലങ്ക വിവിധ വിദേശ കമ്പനികള്‍ക്ക് കൊടുക്കാനുണ്ട്.
വിദേശ നാണ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് കരിഞ്ചന്തയില്‍: ശ്രീലങ്കയ്‌ക്ക് വിദേശ നാണ്യങ്ങള്‍ ലഭിക്കുന്ന പ്രധാന സ്രോതസുകളില്‍ ഒന്നാണ് വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിലേക്ക് അയക്കുന്ന പണം. എന്നാല്‍ ഇങ്ങനെ നാട്ടിലേക്ക് അയക്കപ്പെടുന്ന പണത്തിന്‍റെ അളവ് ഈ വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞു. എകദേശം 20 ലക്ഷം ശ്രീലങ്കക്കാരാണ് വിദേശത്ത് ജോലി ചെയ്യുന്നത്.
അവര്‍ സാധാരണ ഗതിയില്‍ നാട്ടിലേക്ക് അയച്ചിരുന്നത് ഒരു മാസം 60 കോടി അമേരിക്കന്‍ ഡോളറായിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞ ജൂണില്‍ 31കോടി എണ്‍പത് ലക്ഷം അമേരിക്കന്‍ ഡോളറായി കുറഞ്ഞെന്ന് ഊര്‍ജ മന്ത്രി പറഞ്ഞു. ശ്രീലങ്കന്‍ കേന്ദ്ര ബാങ്കിന്‍റെ കണക്ക് പ്രകാരം 2021ലെ ആദ്യത്തെ ആറ് മാസങ്ങളില്‍ വിദേശത്തുള്ളവര്‍ ശ്രീലങ്കയിലേക്ക് അയച്ചത് 280 കോടി അമേരിക്കന്‍ ഡോളറായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ ശ്രീലങ്കയിലേക്ക് അയക്കപ്പെട്ടത് 130 കോടി അമേരിക്കന്‍ ഡോളറാണ്. അതായത് 53 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.
വിദേശനാണ്യം നിര്‍ബന്ധമായും ശ്രീലങ്കന്‍ കറന്‍സിയിലേക്ക് മാറ്റണം എന്ന നിബന്ധന കൊണ്ടുവന്നതിന് ശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയത്. കരിഞ്ചന്തയില്‍ വിദേശ നാണ്യത്തിന് കൂടുതല്‍ മൂല്യം ലഭിക്കുന്നതിനാല്‍ പലരും വിദേശ നാണ്യങ്ങള്‍ പൂഴ്‌ത്തിവെക്കുകയാണെന്നും അധികൃതര്‍ പറയുന്നു. വലിയ കട പ്രതിസന്ധിയിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അകപ്പെട്ടിരിക്കുന്നത്.
5,100 കോടി അമേരിക്കന്‍ ഡോളറിന്‍റെ കടമാണ് ശ്രീലങ്കയ്‌ക്കുള്ളത്. ഈ വര്‍ഷം തിരിച്ചടയ്‌ക്കേണ്ടിയിരുന്ന 700 കോടി അമേരിക്കന്‍ ഡോളറിന്‍റെ കടം ശ്രീലങ്കയ്‌ക്ക് തിരിച്ചടയ്‌ക്കാന്‍ കഴിഞ്ഞില്ല. 2026നകം 2,500 കോടി അമേരിക്കന്‍ ഡോളറാണ് ശ്രീലങ്ക തിരിച്ചടയ്‌ക്കേണ്ടത്.
സാമ്പത്തിക പ്രതിസന്ധി വലിയ ജനകീയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചത്. കഴിഞ്ഞ രണ്ട് മാസത്തിലേറെയായി പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ പ്രക്ഷോഭകര്‍ തമ്പടിച്ചിരിക്കുകയാണ്. ഗോട്ടഭായ രാജപക്‌സെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നാണ് ആവശ്യം.
ഗോട്ടബായയുടെ മൂത്ത സഹോദരന്‍ മഹിന്ദ രാജപക്‌സയ്‌ക്ക് പ്രതിഷേധം കാരണം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടി വന്നിരുന്നു. രാജപക്‌സെ കുടുംബത്തിലെ മറ്റംഗങ്ങളും പ്രതിഷേധം കാരണം പ്രധാനപ്പെട്ട മന്ത്രി സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചു. പെട്രോളും മറ്റ് ഇന്ധനങ്ങളും കിട്ടാത്ത സാഹചര്യത്തില്‍ ആളുകള്‍ റോഡുകള്‍ ഉപരോധിക്കുകയും സംഘര്‍ഷകരമായ സാഹചര്യം ഉണ്ടാവുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രീലങ്കയിലെ പല സ്ഥലത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.