റിയാദ്: ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പുത്തന്‍ പ്രഖ്യാപനങ്ങളുമായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ. ഓരോ രാജ്യങ്ങള്‍ക്കും മുന്‍പ് ഉണ്ടായിരുന്ന തീര്‍ഥാടകരുടെ എണ്ണം പുനഃസ്ഥാപിക്കുകയും ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള പ്രായപരിധി മാനദണ്ഡം ഒഴിവാക്കാകുകയും ചെയ്‌തതായി അദ്ദേഹം പറഞ്ഞു. ജിദ്ദയില്‍ നടക്കുന്ന ഹജ്ജ് എക്‌സ്‌പോ 2023 സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കൊവിഡ് മഹാമാരിക്ക് മുന്‍പ് ഉണ്ടായിരുന്ന അത്രയും തീര്‍ഥാടകര്‍ക്ക് പ്രായപരിധി ഇല്ലാതെ തന്നെ ഇത്തവണ ഹജ്ജിനെത്താമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 65 വയസായിരുന്നു ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള പ്രായപരിധി. എന്നാല്‍ ഇപ്രാവശ്യം മുതല്‍ ഈ നിയന്ത്രണം ഉണ്ടാകില്ല.
2019ല്‍ നടന്ന ഹജ്ജ് തീര്‍ഥാടനത്തില്‍ ഏകദേശം 2.5ദശലക്ഷം ആളുകള്‍ പങ്കെടുത്തിരുന്നുവെന്നാണ് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. അതേസമയം രാജ്യത്ത് താമസക്കാര്‍ക്ക് ഇക്കൊല്ലത്തെ ഹജ്ജിന് ജനുവരി 5 മുതല്‍ അപേക്ഷ സമര്‍പ്പിച്ചുതുടങ്ങാമെന്ന് സൗദി അറേബ്യ ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രദേശവാസികൾക്ക് നാല് വിഭാഗത്തിലുള്ള ഹജ്ജ് പാക്കേജുകൾ ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
തീര്‍ഥാടനത്തിന് അപേക്ഷിക്കുന്ന ആളുകളുടെ കൈവശം ജൂലൈ പകുതി വരെ സാധുതയുള്ള ദേശീയ/റസിഡന്‍റ് ഐഡന്‍റിറ്റി കാര്‍ഡ് ഉണ്ടായിരിക്കണം. കൂടാതെ കൊവിഡ് വാക്‌സിനേഷന്‍ നടത്തിയതിന്‍റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. കൂടാതെ പത്ത് ദിവസം മുമ്പെങ്കിലും മെനിഞ്ചൈറ്റിസ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.
എല്ലാ അപേക്ഷകരും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്‌ത് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒന്നില്‍ കൂടുതല്‍ അപേക്ഷകര്‍ ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കരുതെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.