കീവ് : യുക്രൈനിലെ സൈനിക നടപടി തുടങ്ങി മൂന്ന് മാസത്തോടടുക്കുമ്പോള്‍ കിഴക്കന്‍ യുക്രൈനിലെ ഭൂരിഭാഗം പ്രദേശങ്ങളും റഷ്യന്‍ സൈന്യം പിടിച്ചെടുത്തിരിക്കുകയാണ്. ഡോണസ്‌ക് , ലുഹാന്‍സ്‌ക് എന്നീ പ്രവിശ്യകള്‍ക്കിടയിലുള്ള അതിര്‍ത്തിയിലേക്ക് റഷ്യന്‍ സൈന്യം മുന്നേറി. അതേസമയം യുക്രൈന് 40 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ സൈനിക ദുരിതാശ്വാസ സഹായം അനുവദിക്കുന്ന പാക്കേജ് യുഎസ് ജനപ്രതിനിധി സഭ പാസാക്കി.
ഡോണ്‍ബാസ് പൂര്‍ണമായും നഷ്‌ടപ്പെട്ട് യുക്രൈന്‍ : റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ ഭൂരിപക്ഷമായ ഡോണസ്‌കിലും ലുഹാന്‍സ്‌കിലും റഷ്യന്‍ അനുകൂല വിഘടനവാദികളും യുക്രൈന്‍ സൈന്യവും തമ്മില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സംഘര്‍ഷം നടന്നുവരികയാണ്. ഈ രണ്ട് പ്രവിശ്യകളേയും സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചത്.
ലുഹാന്‍സ്‌കും ഡോണസ്‌കും അടങ്ങുന്ന ഡോണ്‍ബാസ് പ്രദേശം മുഴുവനായും അടുത്തുതന്നെ റഷ്യന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യ യുക്രൈനില്‍ അധിനിവേശം തുടങ്ങുന്നതിന് മുന്‍പ് ഡോണ്‍ബാസിന്‍റെ മൂന്നില്‍ ഒരു ഭാഗം മാത്രമായിരുന്നു റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നത്.
കരിങ്കടലില്‍ റഷ്യന്‍ ആധിപത്യം : ക്രൈമിയ ഉപദ്വീപിനടുത്തുകിടക്കുന്ന തെക്കന്‍ യുക്രൈനിലെ ചില പ്രദേശങ്ങള്‍ പിടിച്ചടക്കിയതും ഡോണ്‍ബാസ് പൂര്‍ണമായി നിയന്ത്രണത്തില്‍ വരുന്നതും റഷ്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവിയിലെ ചര്‍ച്ചകളില്‍ ഇത് റഷ്യയെ സംബന്ധിച്ചിടത്തോളം വലിയ തുറുപ്പ് ചീട്ടാണ്. 2014ലാണ് ക്രൈമിയ റഷ്യ യുക്രൈനില്‍ നിന്ന് പിടിച്ചെടുക്കുന്നത്. ഭൂരിപക്ഷം റഷ്യന്‍ വംശജര്‍ താമസിക്കുന്ന ക്രൈമിയ ഹിത പരിശോധന നടത്തിയപ്പോള്‍ ഭൂരിപക്ഷം ഉപദ്വീപ് റഷ്യയുടെ ഭാഗമാകുന്നതിന് അനുകൂലമായാണ് വോട്ട് ചെയ്‌തത്.
കരിങ്കടലിലെ(Black Sea) റഷ്യന്‍ നേവിയുടെ ആധിപത്യം യുക്രൈന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. കപ്പല്‍ മാര്‍ഗമുള്ള കച്ചവടത്തിന് യുക്രൈന്‍റെ ഏക ആശ്രയമാണ് കരിങ്കടല്‍. ഇത് റഷ്യ തടഞ്ഞിരിക്കുന്നതിനാല്‍ യുക്രൈന്‍ സാമ്പത്തികമായി ഞെരിഞ്ഞിരിക്കുകയാണ്.
ലോക വിപണിയില്‍ ധാന്യ ലഭ്യതയും ഇത് കുറച്ചിരിക്കുകയാണ്. ലോക വിപണിയില്‍ ഗോതമ്പിന്‍റെ 11.5 ശതമാനം യുക്രൈന്‍റെ കയറ്റുമതിയായിരുന്നു. ഭക്ഷ്യ ധാന്യങ്ങളുടെ ലോക വ്യാപകമായുള്ള വിലക്കയറ്റത്തിലേക്കാണ് ഇത് നയിച്ചിരിക്കുന്നത്.
ഇപ്പോള്‍ നടക്കുന്നത് നേര്‍ക്ക് നേരെയുള്ള ഏറ്റുമുട്ടല്‍ : തരതമ്യേന വളരെ ചെറിയ പ്രദേശത്ത് ഒതുങ്ങി നിന്ന് കൊണ്ട് അടുത്തടുത്ത് നിന്നുകൊണ്ടുള്ള രൂക്ഷമായ ഏറ്റമുട്ടലാണ് റഷ്യന്‍ സേനയും യുക്രൈന്‍ സൈന്യവും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. ഈ സംഘര്‍ഷത്തില്‍ ഇരു ഭാഗത്തുനിന്നും വലിയ ആള്‍നാശമാണ് സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനിക നടപടിയുടെ പ്രാഥമിക ലക്ഷ്യങ്ങളില്‍ ഒരു ലക്ഷ്യം മാത്രമാണ് റഷ്യയ്‌ക്ക് കൈവരിക്കാന്‍ സാധിക്കാത്തത്. റഷ്യന്‍ പ്രദേശത്ത് നിന്ന് ക്രൈമിയയെ ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു മുനമ്പ് നിയന്ത്രണത്തിലാക്കുക എന്നതാണ് ഇത്.
കരമുനമ്പ് പിടിച്ചെടുക്കാന്‍ റഷ്യ : സൈനിക നടപടി പ്രഖ്യാപിച്ച ഉടനെ തന്നെ ക്രൈമിയയില്‍ നിന്നും തെക്കന്‍ റഷ്യയില്‍ നിന്ന് ഉയര്‍ന്ന യുദ്ധ തന്ത്രഞ്ജതയുള്ള കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ അസോവ കടല്‍ തീരത്തുള്ള യുക്രൈന്‍ പ്രദേശം റഷ്യ പിടിച്ചെടുക്കുന്നു. ഈ പ്രദേശത്തെ യുക്രൈന്‍റെ അവസാനത്തെ പ്രതിരോധം മരിയുപോളിലെ ഒരു ഉരുക്ക് നിര്‍മാണ ഫാക്‌ടറിയില്‍ നിന്ന് സൈനികര്‍ നടത്തുന്നതാണ്. എന്നാല്‍ ഈ യുക്രൈനിയന്‍ സൈനികരുടെ കൈവശം ആവശ്യത്തിന് ഭക്ഷണം പോലും ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മുനമ്പ് വ്യാപിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിനായിട്ടില്ല. കിഴക്ക് വടക്കായി നിലയുറപ്പിച്ചിരിക്കുന്ന യുക്രൈനിയന്‍ സെന്യത്തിന്‍റെ ചെറുത്തുനില്‍പ്പാണ് ഇതിന് കാരണം.
യുക്രൈന് വന്‍ സാമ്പത്തിക സഹായം നല്‍കി യുഎസ് : പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് പ്രത്യേകിച്ച് അമേരിക്കയില്‍ നിന്നുള്ള സൈനിക ദുരിതാശ്വാസ സഹായങ്ങളാണ് യുക്രൈന്‍ സര്‍ക്കാറിനെ മുന്നോട്ടുകൊണ്ട് പോകുന്നത്. സാധാരണഗതിയില്‍ വിദേശ രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ള സൈനിക സഹായങ്ങളില്‍ എതിര്‍പ്പ് അറിയിക്കുന്ന നിയമനിര്‍മാതാക്കള്‍ പോലും അംഗീകരിച്ചുകൊണ്ട് വലിയ ഭൂരിപക്ഷത്തില്‍ യുഎസ് ജനപ്രതിനിധി സഭ യുക്രൈനിന് 40 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ സൈനിക സഹായം നല്‍കുന്ന പാക്കേജിന് അംഗീകാരം നല്‍കി.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് 13.6 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്‍റെ യുക്രൈനുള്ള അടിയന്തര സഹായത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ഒരു വിദേശ രാജ്യത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് അനുവദിക്കുന്ന ഏറ്റവും വലിയ സഹായ പാക്കേജ് ആയിരിക്കുകയാണ് ഇത്.