കീവ്: റഷ്യന്‍ സേന കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ പൂര്‍ണമായ നാശം വിതച്ചെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലന്‍സ്‌കി. "ഡോണ്‍ബാസ് മേഖല നരകമായിരിരക്കുകയാണ്.ഞാന്‍ യാതൊരു അതിശയോക്‌തിയുമില്ലാതായാണ് ഇത് പറയുന്നത്," വ്ളാദ്മിര്‍ സെലന്‍സ്‌കി പറഞ്ഞു. ഡോണ്‍ബാസ് മേഖലയിലെ ലുഹാന്‍സ്‌ക് പൂര്‍ണമായി പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ് നിലവില്‍ റഷ്യന്‍ സേന.
കഴിഞ്ഞ 24 മണിക്കൂറില്‍ റഷ്യന്‍ ആക്രമണത്തില്‍ 13 സിവിലിയന്‍മാര്‍ ലുഹാന്‍സ്‌കില്‍ കൊല്ലപ്പെട്ടതായി ലുഹാന്‍സ്‌ക് ഗവര്‍ണര്‍ സെര്‍ഹി ഗെദായി പറഞ്ഞു. റഷ്യന്‍ സേന യുക്രൈനില്‍ അധിനിവേശം നടത്തുന്നതിന് മുന്‍പ് റഷ്യന്‍ അനുകൂല വമതരുടെ നിയന്ത്രണത്തിലായിരുന്നു ഡോണ്‍ബാസ് മേഖലയുടെ മൂന്നില്‍ ഒരു ഭാഗം. എന്നാല്‍ ഡോണ്‍ബാസ് മേഖലയില്‍ പെട്ട ലുഹാന്‍സ്‌കിനെയും ഡൊണസ്‌കിനെയും സ്വതന്ത്ര റിപ്പബ്ലിക്കുകളായാണ് റഷ്യ അംഗീകരിക്കുന്നത്.
അതേസമയം യുഎസ് സെനറ്റ് യുക്രൈനിനു വേണ്ടിയുള്ള 40 ബില്യണ്‍ ഡോളറിന്‍റെ സൈനിക സഹായത്തിന് അംഗീകാരം നല്‍കി. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തിയതിന് ശേഷമുള്ള യുക്രൈനിനായുള്ള ഏറ്റവും ഉയര്‍ന്ന സൈനിക സഹായമാണ് ഇത്. തെക്കന്‍ യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോള്‍ പൂര്‍ണമായി നിയന്ത്രണത്തിലാക്കിയ ശേഷം തെക്ക് - കിഴക്കന്‍ യുക്രൈനിന്‍റെ ഭൂഭാഗങ്ങള്‍ റഷ്യയോട് കൂട്ടിചേര്‍ക്കാനുള്ള നടപടികളുമായി റഷ്യ മുന്നോട്ട് പോവുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇവിടങ്ങളില്‍ റഷ്യന്‍ അനുകൂല സര്‍ക്കാറുകളെ അവരോധിക്കുകയും റഷ്യന്‍ കറന്‍സിയായ റൂബിള്‍ ഇറക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.