കീവ്: റഷ്യ - യുക്രൈനില്‍ അധിനിവേശം തുടങ്ങി ആദ്യ ആഴ്‌ചകളില്‍ അവര്‍ക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ സാധിച്ചില്ല. യുക്രൈനില്‍ ഉടനീളമുള്ള സൈനിക നടപടിയായിരുന്നു റഷ്യ നടത്തിയിരുന്നത്. തലസ്ഥാനമായ കീവ് പിടിച്ചെടുക്കുകയായിരുന്നു ലക്ഷ്യം. ഇതിലൂടെ തങ്ങളെ അനുകൂലിക്കുന്ന ഒരു പാവ സര്‍ക്കാറിനെ അവരോധിക്കാനായിരുന്നു റഷ്യയുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെട്ടത്.
റഷ്യന്‍ സൈന്യത്തിന്‍റെ സപ്ലൈലൈനുകള്‍ തകര്‍ത്തുകൊണ്ട് കീവിന് നേര്‍ക്കുള്ള റഷ്യന്‍ ആക്രമണത്തിന്‍റെ മുനയൊടിക്കുകയായിരുന്നു യുക്രൈന്‍ ചെയ്‌തത്. കിലോമീറ്ററുകള്‍ നീണ്ട സപ്ലൈലൈനുകള്‍ നിലനിര്‍ത്തുക റഷ്യന്‍ സൈന്യത്തിന് വളരെ പ്രയാസമായിരുന്നു. ഈ തിരിച്ചടിയില്‍ നിന്ന് പാഠം പഠിച്ച റഷ്യ കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖല പിടിച്ചെടുക്കുന്നതില്‍ കേന്ദ്രീകരിക്കുകയായിരുന്നു.
റഷ്യന്‍ വംശജര്‍ കൂടുതലുള്ള ധാതുക്കളാല്‍ സമ്പന്നമായ ഡോണ്‍ബാസ് യുക്രൈനില്‍ നിന്ന് അടര്‍ത്തിമാറ്റാനാണ് റഷ്യന്‍ ശ്രമം. ആ ലക്ഷ്യത്തിലേക്ക് അവര്‍ ഏറെ മുന്നേറിയിരിക്കുകയാണ്. ലുഹാന്‍സ്‌ക് പ്രവശ്യയും ഡൊണെസ്‌ക് പ്രവശ്യയും ചേര്‍ന്ന ഭൂപ്രദേശത്തെയാണ് ഡോണ്‍ബാസ് എന്ന് വിളിക്കുന്നത്.
2014ല്‍ റഷ്യന്‍ അനുകൂല വിമതര്‍ ലുഹാന്‍സ്‌കിനെയും ഡൊണെസ്‌കിനെയും റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ച് യുക്രൈന്‍ സൈന്യവുമായി പോരാട്ടം തുടങ്ങി. ലുഹാന്‍സ്‌കിന്‍റെയും ഡൊണെസ്‌കിന്‍റെയും മുഴുവന്‍ പ്രദേശങ്ങളും വിമതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യന്‍ അധിനിവേശത്തിന് മുമ്പ് ഈ മേഖലയിലെ മൂന്നില്‍ ഒരു ഭാഗം മാത്രമെ അവരുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഈ രണ്ട് റിപ്പബ്ലിക്കുകള്‍ക്കും അംഗീകാരം നല്‍കിയാണ് റഷ്യ യുക്രൈനില്‍ സൈനിക നടപടി തുടങ്ങിയത്. ഡോണ്‍ബാസിലെ റഷ്യന്‍ വംശജരെ നവനാസികള്‍ നിയന്ത്രിക്കുന്ന യുക്രൈന്‍ സൈന്യത്തിന്‍റെ വംശഹത്യാപരമായ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നാണ് റഷ്യ പ്രഖ്യാപിച്ചത്.
ഡോണ്‍ബാസിലെ റഷ്യന്‍സൈനിക തന്ത്രം: ഡോണ്‍ബാസില്‍ വളരെ കരുതലോടെയുള്ള മുന്നേറ്റം റഷ്യന്‍ സൈന്യത്തിന് നേട്ടങ്ങള്‍ ഉണ്ടാക്കുകയാണ്. പ്രധാന നഗരങ്ങളായ സിവിയറോഡൊണെസ്‌കും ലിസിചാന്‍സ്‌കും പിടിച്ചെടുത്തുകഴിഞ്ഞാല്‍ ലുഹാന്‍സ്‌ക് പ്രവിശ്യ പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തില്‍ ആകും.
സിവിയറോഡൊണെസ്‌ക് ഏതാണ്ട് പൂര്‍ണമായി റഷ്യയുടെ നിയന്ത്രണത്തിലായിട്ടുണ്ട്. ലിസിചാന്‍സ്‌കിന് ചുറ്റുമുള്ള തന്ത്രപ്രധാനമായ ഗ്രാമങ്ങള്‍ റഷ്യയുടെ നിയന്ത്രണത്തില്‍ വന്നിരിക്കുകയാണ്. ഇതോടെ യുക്രൈന്‍ സൈന്യത്തിന്‍റെ നഗരത്തിലേക്കുള്ള സപ്ലൈലൈനുകള്‍ വിച്ഛേദിക്കപ്പെട്ടു.
റഷ്യന്‍ സൈനിക തന്ത്രം ഇങ്ങനെ: ധൃതിപിടിച്ച് മുന്നേറാതെ ദീര്‍ഘദൂര പീരങ്കികളും റോക്കറ്റുകളും ഉപയോഗിച്ച് യുക്രൈനിയന്‍ സൈനിക പ്രതിരോധ നിരയ്‌ക്ക് നേരെ ആദ്യം കടുത്ത ആക്രമണം നടത്തുന്നു; .യുക്രൈനിയന്‍ പ്രതിരോധ നിര ആക്രമണത്തില്‍ ക്ഷയിക്കുമ്പോള്‍ ടാങ്കുകളുമായി മുന്നേറ്റം; കീഴടക്കാനുള്ള പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള ഉയര്‍ന്ന ഭാഗങ്ങളില്‍ നിലയുറപ്പിക്കുന്നു; ഈ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ഹ്രസ്വ ദൂര പീരങ്കികള്‍ ഉപയോഗിച്ച് വീണ്ടും യുക്രൈന്‍ സൈന്യത്തിന് നേരെ ആക്രമണം അഴിച്ചുവിടുക.
എന്നാല്‍ നഗരങ്ങളില്‍ പ്രവേശിക്കുന്നതോടുകൂടി റഷ്യന്‍ സൈന്യത്തിന് കൂടുതല്‍ ആള്‍നാശവും തിരിച്ചടിയും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതുവിധേയനയും റഷ്യന്‍ സൈന്യത്തിന് കഴിയാവുന്നത്ര ആള്‍ നാശം വരുത്തുകയാണ് യുക്രൈന്‍ സൈന്യം ലക്ഷ്യമിടുന്നത്. യുക്രൈന്‍ സൈന്യത്തെ അപേക്ഷിച്ച് റഷ്യന്‍ സൈന്യത്തിന്‍റെ നേട്ടങ്ങളില്‍ ഒന്ന് ദീര്‍ഘ ദൂര ആക്രമണങ്ങള്‍ക്കുള്ള വര്‍ധിച്ച ശേഷിയാണ്. നഗരത്തിനുള്ളില്‍ വച്ചുള്ള സ്ട്രീറ്റ് ഫൈറ്റില്‍ ഇതിന്‍റെ പ്രസക്‌തി നഷ്‌ടപ്പെടുകയാണ്.
ലിസിയചാന്‍സ്‌കില്‍ റഷ്യന്‍സൈന്യം പ്രവേശിക്കുന്നതോടുകൂടി നഗരത്തിന്‍റെ ഒരോേ തെരുവുകളിലും കടുത്ത പോരാട്ടം നടക്കും.സിവിയര്‍ഡൊണെസ്‌കില്‍ അത്തരത്തിലുള്ള നഗരയുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന ദീര്‍ഘ ദൂര പീരങ്കികളും റോക്കറ്റുകളും കൂടുതലായി എത്തുന്നതോടെ ഡോണ്‍ബാസിലെ റഷ്യയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് യുക്രൈന്‍ സൈന്യം വച്ചുപുലര്‍ത്തുന്നത്.