ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് അധികാരമേറ്റു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യൻ വംശജൻ ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്.
ചാള്‍സ് മൂന്നാമന്‍ രാജാവാണ് ഋഷിയെ ബ്രിട്ടന്‍റെ 57-ാം പ്രധാനമന്ത്രിയായി നിയമിച്ചത്. രാജ്യത്തിന്‍റെ 200 കൊല്ലത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42-കാരനായ ഋഷി. 45 ദിവസം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് കഴിഞ്ഞയാഴ്‌ച ലിസ് ട്രസ് പ്രധാനമന്ത്രി പദം രാജിവച്ചത്. പൊതുസഭ നേതാവും മുഖ്യ എതിരാളിയുമായിരുന്ന പെന്നി മോര്‍ഡന്റ്, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിത്വ മത്സരത്തില്‍നിന്ന് പിന്മാറിയതോടെ ഋഷിക്ക് അധികാരത്തിലേക്ക് വഴിതുറന്നു.
2020 ഫെബ്രുവരിയിൽ സാജിദ് ജാവിദ് രാജിവച്ച ഒഴിവില്‍ ബ്രിട്ടീഷ് ധനമന്ത്രിയായി ഋഷി സുനക് നിയമിതനായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തിയ പുതിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
സാമ്പത്തിക പ്രതിസന്ധി നേരിടാൻ വേണ്ടത് സ്ഥിരതയും ഐക്യവുമാണെന്ന് പറഞ്ഞു. മുൻ പ്രധാനമന്ത്രി ലിസ് ട്രസിനും സുനക് നന്ദിയറിയിച്ചു. അവരുടെ തീരുമാനങ്ങൾ തെറ്റായിരുന്നില്ല. രാജ്യത്തെ വികസനത്തിലേക്ക് നയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നല്ല ഉദ്ദേശം മാത്രമാണ് അവർക്കുണ്ടായിരുന്നത്. മാറ്റമുണ്ടാക്കാനുള്ള വിശ്രമമില്ലാത്ത അവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും സുനക് കൂട്ടിച്ചേർത്തു.
2009ലാണ് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ ഋഷി വിവാഹം ചെയ്യുന്നത്. ഋഷി ജനിച്ചതും വളർന്നതുമെല്ലാം ബ്രിട്ടനിലാണ്. പഠിച്ചത് ഓക്‌സ്ഫഡ്, സ്റ്റാൻഫോഡ് അടക്കമുള്ള അന്താരാഷ്ട്ര സർവകലാശാലകളിൽ. അഭിമാനിയായ ഹിന്ദുവായാണ് ഋഷി എപ്പോഴും സ്വയം പരിചയപ്പെടുത്തുന്നത്. ബ്രിട്ടന്‍റെ ചരിത്രത്തിലെ രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, ആദ്യ ഏഷ്യൻ വംശജനായ പ്രധാനമന്ത്രി എന്നീ നേട്ടങ്ങളും ഋഷി സുനക് ഇതോടെ സ്വന്തമാക്കി.
ധനം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിൽ ആരാണ് ചുമതലയേൽക്കുക എന്നതിലാണ് ജനങ്ങൾ ആകാംക്ഷാപൂർവം നോക്കിയിരിക്കുന്നത്. നിലവിലെ ധനമന്ത്രി ജെറമി ഹണ്ടിന് സ്ഥാനം നഷ്ടമാകുമോ എന്നും വരുംനാളുകളില്‍ അറിയാം.