റോം: നവ നാസിസത്തിന്‍റെ വേരുകള്‍ പേറുന്ന ജോര്‍ജിയ മെലോനി ഇറ്റാലിയന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് തീവ്രവലതുപക്ഷ നിലപാടുള്ള വ്യക്തി ഇറ്റലിയുടെ പ്രധാനമന്ത്രിയാകുന്നത്. ഇറ്റലിയുടെ പ്രധാനമന്ത്രിയാകുന്ന ആദ്യ വനിത എന്ന ചരിത്രവും 45കാരിയായ മെലോനി സൃഷ്‌ടിച്ചു.
കഴിഞ്ഞ മാസം നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ മെലോനിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലിക്കാണ് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. മാറ്റിയോ സല്‍വിനി നയിക്കുന്ന വലതുപക്ഷ പാര്‍ട്ടിയായ ലീഗ്, പരമ്പരാഗതവാദി പാര്‍ട്ടിയായ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കൂണി നയിക്കുന്ന ഫോര്‍സാ ഇറ്റാലിയ എന്നീ പാര്‍ട്ടികള്‍ മെലോനിയുടെ സഖ്യകക്ഷികളാണ്.
ഫാസിസ്റ്റ് ആശയങ്ങള്‍ തടയുന്നതിന് വകുപ്പുകളുള്ളതാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വന്ന ഇറ്റാലിയിന്‍ ഭരണഘടന. പ്രധാനമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഭരണഘടനയോട് കൂറ് പ്രഖ്യാപിക്കണം. മെലോനിക്ക് സത്യപ്രതിജ്ഞ പാലിക്കാന്‍ സാധിക്കുമോ എന്നുള്ള സംശയം പലരും ഉന്നയിച്ചിട്ടുണ്ട്.
മെലോനിക്ക് പിന്നാലെ 24 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. ഇതില്‍ അഞ്ച് പേര്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിക്കാത്ത ടെക്‌നോക്രാറ്റുകളാണ്. മന്ത്രിമാരില്‍ ആറ് പേര്‍ വനിതകളാണ്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ മുന്‍ ചീഫ് മരിയോ ഡ്രാഗി നയിച്ച ദേശീയ ഐക്യ കക്ഷിയുടെ സര്‍ക്കാറിന്‍റെ പിന്‍ഗാമിയായാണ് മെലോനിയുടെ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത്.
കൊവിഡ് കാലത്താണ് ദേശീയ ഐക്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ആ സഖ്യത്തില്‍ അംഗമാകാത്ത ഇറ്റലിയിലെ പ്രധാനപ്പെട്ട പാര്‍ട്ടി നേതാക്കളില്‍ ഏക വ്യക്തിയായിരുന്നു മെലോനി. രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കണമെന്ന വാദമാണ് മെലോനി ഉയര്‍ത്തിയത്.