ബീജിംഗ്: രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ചൈനയിൽ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ പെട്ടെന്നുള്ള വില വർധനവ് നീക്കാനും ചൈനയിൽ നിന്നുള്ള ചരക്കു വിമാനങ്ങളുടെ സർവീസ് സാധാരണ രീതിയിലേക്ക് പുന:സ്ഥാപിക്കാനും ഇന്ത്യ ചൈനയുടെ സഹായം ആവശ്യപ്പെട്ടു.
ഓക്സിജൻ കോൺസെൻട്രേറ്ററുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വില കുതിച്ചുയരുന്നതും ഇന്ത്യയിലേക്കുള്ള ചരക്ക് വിമാന സർവീസുകൾ തടസപ്പെടുന്നതും മെഡിക്കൽ സാധനങ്ങളുടെ വരവ് മന്ദഗതിയിലാക്കുന്നുവെന്ന് ഹോങ്കോങ്ങിലുള്ള ഇന്ത്യൻ കോൺസൽ ജനറൽ പ്രിയങ്ക ചൗഹാൻ പറഞ്ഞു. ചൗഹാൻ ബുധനാഴ്ച സൗത്ത് ചൈന മോണിങ് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
Also read: ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാന സർവീസ് മെയ് 14 മുതല്‍ പുനരാരംഭിക്കും
ഇന്ത്യയിൽ മെഡിക്കൽ ഉപകരണങ്ങൾക്ക് വലിയ ആവശ്യമാണുള്ളത്. അതുകൊണ്ട് തന്നെ ഉൽപ്പന്നങ്ങളുടെ വിലകളിൽ സ്ഥിരത ഉണ്ടായിരിക്കണം. ഇക്കാര്യത്തിൽ ചൈനീസ് സർക്കാരിന് എത്രമാത്രം ഇടപെടൽ നടത്താൻ കഴിയുമെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ സർക്കാരിന് ഇക്കാര്യങ്ങളിൽ എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ അത് ഈ സാഹചര്യത്തിൽ വളരെ വലിയ സഹായം ആയിരിക്കുമെന്നും ചൗഹാൻ പറഞ്ഞു.
ഇന്ത്യയിലെ വർധിച്ചു വരുന്ന കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ഏപ്രിൽ 26 മുതൽ ചൈനയുടെ സിചുവാൻ എയർലൈൻസിന്‍റെ 11 ചരക്ക് വിമാനങ്ങൾ 15 ദിവസത്തേക്ക് നിർത്തിവെച്ചത് മെഡിക്കൽ ഉപകരങ്ങളുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്.
അതേസമയം ചൈനയിൽ നിന്നുള്ള സിചുവാൻ എയർലൈൻസിന്‍റെ മൂന്ന് ചരക്ക് വിമാന സർവീസുകൾ ചോങ്‌കിംഗിൽ നിന്നും സിയാനിൽ നിന്നും ഡൽഹിയിലേക്ക് മെയ് 17 മുതൽ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചതായി ഷാങ്ഹായിലെ ചരക്ക് ഡീലേഴ്‌സ് അറിയിച്ചിട്ടുണ്ട്.