വാഷിങ്ടണ്‍: വാഷിങ്ടണ്‍ സ്റ്റേറ്റിലെ യാക്കിമ നഗരത്തിലെ ഒരു കണ്‍വീനിയന്‍സ് സ്റ്റോറില്‍ ഉണ്ടായ വെടിവയ്‌പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്റ്റോറിലെത്തിയ തോക്കുധാരി പ്രകോപനമൊന്നും കൂടാതെ 21 പേര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യാക്കിമയിലെ പ്രധാന സ്റ്റോറുകളില്‍ ഒന്നായ സര്‍ക്കിള്‍ കെ സ്റ്റോറില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വെടിവയ്‌പ്പ് ഉണ്ടായത്.
ആക്രമണത്തിന് ശേഷം ഇയാള്‍ സംഭവ സ്ഥലത്തു നിന്ന് ഓടിപ്പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാക്കിമ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധ നടത്തി. സ്റ്റോറിന് അകത്തു നിന്നും പുറത്തു നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ടവരും അക്രമിയും തമ്മില്‍ സംഘര്‍ഷം ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ ആകസ്‌മികമായി വെടിയുതിര്‍ക്കുകയായിരുന്നു എന്നും യാക്കിമ പൊലീസ് ചീഫ് മാത്യു മുറെ അറിയിച്ചു.
ഏകദേശം 96,000 ആളുകള്‍ ജീവിക്കുന്ന യാക്കിമയില്‍ നിരവധി വെടിവയ്‌പ്പാണ് അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്‌തത്. 2023ല്‍ യുഎസില്‍ തോക്കു കൊണ്ടുള്ള ആക്രമണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തതും യാക്കിമയിലാണ്. ഇന്നലെ വടക്കന്‍ കാലിഫോര്‍ണിയയില്‍ ഉണ്ടായ രണ്ട് വെടിവയ്‌പ്പില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും ഓരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഈ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യാക്കിമയിലെ വെടിവയ്‌പ്പ്.
Also Read: കാലിഫോർണിയയിലുണ്ടായ രണ്ട് വെടിവയ്‌പിൽ 7 പേർ കൊല്ലപ്പെട്ടു