പെര്‍ത്ത്: 1,400 കിലോമീറ്ററോളം ദൂരത്തിലുള്ള പശ്ചിമ ഓസ്‌ട്രേലിയയിലെ മരുഭൂമി റോഡിലൂടെയുള്ള യാത്രയില്‍ ഒരു ട്രക്കില്‍ നിന്നും കാണാതായ ചെറിയ റേഡിയോ ആക്‌റ്റീവ് ക്യാപ്‌സ്യൂള്‍ അധികൃതര്‍ കണ്ടെടുത്തു. മൈനിങ് നഗരമായ ന്യൂമാന്‍റെ തെക്ക് ഭാഗത്തുള്ള ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയില്‍ നിന്നാണ് ഒരു പയറുമണിയുടെ വലിപ്പമുള്ള റേഡിയോ ആക്റ്റീവ് ക്യാപ്‌സ്യൂളിനെ കണ്ടെത്തിയത്. 70 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച ഒരു തെരച്ചില്‍ വാഹനത്തില്‍ ഘടിപ്പിച്ച റേഡിയേഷന്‍ വികരണം കണ്ടെത്താനുള്ള ഉപകരണം ഈ ക്യാപ്‌സ്യൂളില്‍ നിന്ന് പുറപ്പെടുവിച്ച റേഡിയേഷന്‍ രേഖപ്പെടുത്തുകയായിരുന്നു.
പിന്നീട് റേഡിയോ ആക്‌റ്റീവ് വസ്‌തുക്കളെ തെരയാനുള്ള വസ്‌തുക്കള്‍ ഉപയോഗിച്ച് റേഡിയോ ആക്റ്റീവ് ക്യാപ്‌സ്യൂളിനെ കണ്ടെത്തുകയായിരുന്നു. റോഡിന്‍റെ രണ്ട് മീറ്റര്‍ അപ്പുറത്ത് നിന്നാണ് റേഡിയോ ആക്‌റ്റീവ് ക്യാപ്‌സ്യൂള്‍ കണ്ടെത്തിയത്. ഇത്രയും ചെറിയ വസ്‌തുവിനെ ആയിരത്തിലധികം കിലോമീറ്റര്‍ വ്യാപിച്ച് കിടക്കുന്ന റോഡില്‍ നിന്ന് കണ്ടെത്തുക വലിയ ശ്രമകരമായ ജോലിയായിരുന്നുവെന്ന് അടിയന്തര സേവനത്തിനുള്ള മന്ത്രി സ്‌റ്റീഫന്‍ ഡോസണ്‍ പറഞ്ഞു. റേഡിയോആക്‌റ്റീവ് ക്യാപ്‌സ്യൂളിന് അധികം സ്ഥാന ചലനം വന്നിട്ടില്ലെന്നും ഇത് കാരണം ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും ചീഫ് ഹെല്‍ത്ത് ഓഫിസര്‍ ആന്‍ഡി റോബര്‍ട്ട്‌സണ്‍ പറഞ്ഞു.
വസ്‌തുവില്‍ നിന്ന് പുറംന്തള്ളുന്നത് ശക്തമായ റേഡിയേഷന്‍: റേഡിയോആക്റ്റീവ് ഐസോടോപ്പായ സീസിയം 137 ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. റേഡിയേഷന്‍ ഗേജുകളില്‍ സാധാരണ ഉപയോഗിക്കുന്നതാണ് ഇത്. വളരെ അപകടകരമായ രീതിയില്‍ റേഡിയേഷന്‍ ഇതില്‍ നിന്ന് പുറപ്പെടുവിക്കുന്നു.
പത്ത് x-rays ഒരു മണിക്കൂറില്‍ സ്വീകരിക്കുന്നതിന് തുല്യമായിരിക്കും ഇത്. ഇത് ചർമ്മത്തിൽ പൊള്ളലിന് കാരണമാകുകയും ദീർഘനേരം ഇതിന്‍റെ കിരണങ്ങള്‍ ഏറ്റാല്‍ കാൻസറിന് കാരണമാവുകയും ചെയ്യും.
ആറ് ദിവസത്തോളം ആയിരത്തിലധികം കിലോമീറ്റര്‍ നീളത്തിലുള്ള ഹൈവേയില്‍ തെരച്ചില്‍ നടത്തിയാണ് റേഡിയോ ആക്‌റ്റീവ് വസ്‌തുവിനെ കണ്ടെത്തിയത്. എട്ട് മില്ലിമീറ്റര്‍ നീളവും ആറ് മില്ലിമീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. ഈ റോഡിലൂടെ പോകുന്ന കാറിന്‍റെ ടയറില്‍ റോഡിയോആക്‌റ്റീവ് ക്യാപ്‌സ്യൂള്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും: റേഡിയോ ആക്‌റ്റീവ് ക്യാപ്‌സൂള്‍ ട്രക്കില്‍ നിന്ന് ഇത് എങ്ങനെ വീണു എന്നത് സംബന്ധിച്ച അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. റേഡിയോ ആക്റ്റീവ് ക്യാപ്‌സ്യൂളിനെ ഒരു ലെഡ് കണ്ടേയിനറില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെർത്ത് നഗരത്തിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഇത് ന്യൂമാനിലെ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കും.
ഖനന കമ്പനിയായ റിയോ ടിന്‍റോയുടെ മരുഭൂമിയിലെ ഒരു ഖനിയില്‍ നിന്ന് ജനുവരി 10ന് പെര്‍ത്തിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ക്യാപ്‌സൂള്‍ നഷ്‌ടപ്പെട്ടത്. ജനുവരി 16നാണ് ട്രക്ക് പെര്‍ത്തില്‍ എത്തിയത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ക്യാപ്‌സ്യൂള്‍ നഷ്‌ടപ്പെട്ട കാര്യം അറിയുന്നത്. ക്യാപ്‌സ്യൂള്‍ കണ്ടെത്തുന്നതിനായി ജനുവരി 25നാണ് എമര്‍ജന്‍സി സര്‍വിസസിനെ രംഗത്ത് ഇറക്കുന്നത്.
ഖനന കമ്പനിയായ റിയോ ടിന്‍റോയുടെ ചീഫ് എക്‌സിക്യുട്ടീവ് സംഭവത്തില്‍ ക്ഷമാപണം നടത്തി. വലിയ ശ്രമകരമായ തെരച്ചിലിന് ശേഷം ക്യാപ്‌സ്യൂള്‍ കണ്ടെത്തിയതിന് എമര്‍ജന്‍സി സര്‍വീസ് അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. റേഡിയോആക്റ്റീവ് ക്യാപ്‌സ്യൂള്‍ ഒരിക്കലും നഷ്‌ടപ്പെടാന്‍ പാടില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.