വാഷിങ്ടണ്‍ : റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍റെ കാമുകി എന്ന് വിശ്വസിക്കപ്പെടുന്ന അലീന കബൈവയും യൂറോപ്യന്‍ യൂണിയന്‍റെ റഷ്യയ്‌ക്കെതിരായി നിര്‍ദേശിക്കപ്പെട്ട ആറാം ഉപരോധ പട്ടികയില്‍. ഒരു പതിറ്റാണ്ടിന് മുമ്പാണ് 1983ല്‍ ജനിച്ച കബൈവയേയും പുടിനേയും ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അന്താരാഷ്ട്ര വേദികളില്‍ നിരവധി മെഡലുകള്‍ നേടിയ ജിമ്‌നാസ്റ്റാണ് കബൈവ.
ഉപരോധ പട്ടികയില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള പേരുകള്‍ ഒഴിവാക്കാനും ചില പേരുകള്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഈ കരട് ഉപരോധ പട്ടിക യൂറോപ്യന്‍ യൂണിയന്‍ ഔദ്യോഗികമായി ഒപ്പുവച്ചിട്ടില്ല. ഒളിംപിക്‌സിലും വിവിധ യൂറോപ്യന്‍ മത്സരങ്ങളിലും മെഡലുകള്‍ നേടിയ കബൈവയെ നേരത്തേ തന്നെ പുടിന്‍ പരിചയപ്പെട്ടിരുന്നുവെന്നാണ് വാര്‍ത്തകള്‍.
2004ലെ ഏഥന്‍സ് ഒളിംപിക്‌സില്‍ റിഥമിക് ജിമ്‌നാസ്റ്റിക്ക്‌സില്‍ കബൈവ സ്വര്‍ണം നേടിയിരുന്നു. 2014ലെ വിന്‍റര്‍ ഒളിംപിക്സിന് റഷ്യ ആതിഥേയത്വം വഹിച്ചപ്പോള്‍ കബൈവയായിരുന്നു ദീപശിഖ വഹിക്കാന്‍ നിയോഗിക്കപ്പെട്ടത് . ഈ കഴിഞ്ഞ ഏപ്രിലില്‍ യുഎസ് അധികൃതര്‍ തമ്മില്‍ കബൈവയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമോ എന്നുള്ള കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കബൈവയ്‌ക്കെതിരെ ഉപരോധം ചുമത്തിയാല്‍ പുടിന്‍ വൈകാരികമായി പ്രതികരിക്കുമെന്നും അത് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാന്‍ വഴിവയ്ക്കുമെന്നായിരുന്നു യുഎസ് അധികൃതരുടെ ആശങ്കയെന്ന് പ്രമുഖ യുഎസ് മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പാത്രിയര്‍ക്കീസ് കിരിയിലും റഷ്യക്കെതിരായ യൂറോപ്യന്‍ യൂണിയന്‍റെ കരട് ഉപരോധപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. യുക്രൈനെതിരായ നടപടിയില്‍ പുടിനെ അനുകൂലിക്കുന്നയാളാണ് റഷ്യയിലെ ഭൂരിപക്ഷം വരുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ പരമോന്നത നേതാവായ പാത്രിയാര്‍ക്കീസ് കിരിയില്‍. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് കരട് ഉപരോധ പട്ടികയെന്ന് റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് വക്‌താവ് വ്‌ളാഡിമിര്‍ ലെഗോയിഡ പ്രതികരിച്ചു.
"യാതൊരു മാനദണ്ഡവുമില്ലാത്ത ഉപരോധം എത്രത്തോളം വര്‍ധിക്കുന്നുവോ അത്രത്തോളം യൂറോപ്യന്‍ യൂണിയന്‍ സാമാന്യ യുക്തിയില്‍ നിന്ന് വ്യതിചലിക്കുകയും സമാധാനത്തിന്‍റെ വഴി ദുഷ്‌കരമാക്കുകയുമാണ് ചെയ്യുന്നത്. പാത്രിയാര്‍ക്കീസിന്‍റെ ആശിര്‍വാദത്തോടെയുള്ള എല്ലാ കുര്‍ബാനകളിലും റഷ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് പ്രാര്‍ഥിക്കുന്നത് സമാധാനം പുലരാനാണ് ",ലെഗോയിഡ ടെലിഗ്രാം പോസ്റ്റില്‍ വ്യക്തമാക്കി. ഏതെങ്കിലും ഒരു ലിസ്റ്റില്‍ ഉള്‍പ്പെടുത്തി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പുരോഹിതരേയും വിശ്വാസികളേയും വിരട്ടി കാര്യങ്ങള്‍ നേടാമെന്ന് വിശ്വസിക്കുന്നവര്‍ സഭയുടെ ചരിത്രത്തെ കുറിച്ച് അറിവില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യ യുക്രൈനില്‍ യുദ്ധം ആരംഭിച്ചതുമുതല്‍ യൂറോപ്യന്‍ യൂണിയന്‍ റഷ്യയ്‌ക്കെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്.
റഷ്യന്‍ അസംസ്കൃത എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ മുന്നോട്ടുവച്ചിരുന്നു. ഹംഗറി, റഷ്യയുമായി അടുത്ത സാമ്പത്തിക ബന്ധങ്ങളുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും നിര്‍ദേശത്തെ എതിര്‍ക്കാനാണ് സാധ്യത. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍റെ നിര്‍ദേശം അംഗീകരിക്കപ്പെട്ടാല്‍ അത് റഷ്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ആഘാതമായിരിക്കും വരുത്തിവയ്ക്കുക.