കീവ്: വടക്കുകിഴക്കൻ യുക്രൈനിയൻ നഗരമായ ഖാർകിവിലും മധ്യമേഖലയായ ചെർകാസിയിലും റഷ്യൻ മിസൈലാക്രമണത്തെ തുടർന്ന് വൈദ്യുതി തടസവും ജലക്ഷാമവും നേരിട്ടതായി യുക്രൈൻ അധികൃതർ. തിങ്കളാഴ്‌ചയാണ് 80 ശതമാനം യുക്രൈൻ ജനതയും നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് അധികൃതർ അറിയിച്ചത്. റഷ്യയുടെ ബ്ലാക്ക് സീ ഫ്ലീറ്റിൽ ഡ്രോൺ ആക്രമണം നടത്തിയതിന് യുക്രൈനെതിരെ ആരോപണം ഉയർത്തി ദിവസങ്ങൾക്കുള്ളിലാണ് മിസൈൽ ആക്രമണം നടന്നത്.
തലസ്ഥാനത്തെ 350,000 വീടുകളിലേയ്‌ക്ക് വൈദ്യുതി എത്തിക്കുന്ന ഊർജ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഈ പ്രദേശത്തുള്ള ജനങ്ങൾക്ക് വേണ്ട അടിയന്തിര സേവനങ്ങൾ എത്തിക്കാനും സ്ഥിതികതികൾ വിലയിരുത്താനും എല്ലാ ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃകർ അറിയിച്ചു. രാജ്യത്തിന്‍റെ നിലവിലെ അവസ്ഥ മോശമായതിനാൽ എല്ലാ പൗരന്മാരോടും വെള്ളം സംഭരിച്ചുവെയ്‌ക്കാൻ കൈവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ അറിയിച്ചു.
ജനറേറ്ററുകൾ ഉൾപ്പെടെ ഏകദേശം 1,000 യൂണിറ്റ് പവർ ഉപകരണങ്ങൾ ലഭിക്കുന്നതിന് കുറഞ്ഞത് 12 രാജ്യങ്ങളുമായുള്ള കരാറുകൾ കീവ് ഇതിനകം പൂർത്തിയാക്കിയിട്ടുണ്ടെന്നും രാജ്യം നിലവിൽ യൂറോപ്യൻ യൂണിയനുമായും (EU) നാറ്റോയുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും യുക്രൈനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വൈദ്യുതി സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കൂടുതൽ സമയം വേണ്ടി വന്നേക്കും. അതേസമയം യുക്രൈൻ ശൈത്യ കാലത്തിലേയ്‌ക്ക് അടുക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യം വച്ചുള്ള റഷ്യയുടെ മിസൈൽ ആക്രമണങ്ങളാണ് ഇതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
താപവൈദ്യുത നിലയങ്ങൾ, ഇലക്‌ട്രിസിറ്റി സബ്‌സ്റ്റേഷനുകൾ, ട്രാൻസ്‌ഫോർമറുകൾ, പൈപ്പ്‌ലൈനുകൾ എന്നിവ ആക്രമിക്കുന്നതിലൂടെ റഷ്യൻ സൈന്യം വൈദ്യുതി, വെള്ളം, ഇന്‍റർനെറ്റ് എന്നിവ ഉപയോഗിക്കുന്നതിനുള്ള യുക്രൈൻ ജനതയുടെ എല്ലാ വഴികളും അടക്കുകയാണ്. കൂടാതെ യുഎൻ ഇടനിലക്കാരായ ധാന്യ ഇടപാടിലെ പങ്കാളിത്തം റഷ്യ താൽക്കാലികമായി നിർത്തിവച്ചതിനാൽ രാജ്യ ഭക്ഷ്യ ക്ഷാമത്തിലേയ്‌ക്ക് നീങ്ങാൻ സാധ്യതയുള്ളതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കരാറുകൾ പിൻവലിക്കുമെന്ന് ഭീണിപ്പെടുത്താൻ ഉണ്ടാക്കിയ സാങ്കൽപ്പിക ആക്രമണം മാത്രമാണ് ബ്ലാക്ക് സീയിലേതെന്ന് യുക്രൈൻ പറഞ്ഞു.
കരാറിൽ നിന്ന് പിൻമാറുമെന്ന മോസ്‌കോയുടെ തീരുമാനത്തിൽ എതിർത്ത് യുക്രൈൻ സഖ്യകക്ഷികളുടെ എണ്ണം ഇതോടെ വർദ്ധിച്ചു.