വാഷിങ്‌ടണ്‍: നാല് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്‌തിലേക്ക് പുറപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ പ്രധാനമന്ത്രി ഈജിപ്‌തിലെത്തും. ആഫ്രിക്കന്‍ രാജ്യത്ത് രണ്ട് ദിവസമാണ് മോദിയുടെ സന്ദര്‍ശനം.
2023 റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തിയത് ഈജിപ്‌ഷ്യന്‍ പ്രസിഡന്‍റ് അബ്‌ദുൽ ഫത്താഹ് എൽ-സിസി ആയിരുന്നു. ഈ വേളയിലായിരുന്നു ഈജിപ്‌ഷ്യന്‍ പ്രസിഡന്‍റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഈജിപ്‌തിലേക്ക് ക്ഷണിച്ചത്. ഈജിപ്‌റ്റിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി അവിടുത്തെ നേതാക്കളുമായും പ്രവാസികളുമായും ആശയവിനിമയം നടത്തും.
ഇന്ന് വൈകുന്നേരത്തോടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്‌ഷ്യന്‍ തലസ്ഥാന നഗരമായ കെയ്‌റോയില്‍ എത്തുന്നത്. ഇവിടെ അദ്ദേഹത്തെ ഈജിപ്‌ഷ്യന്‍ ആചാരപ്രകാരം ഭരണകൂടം സ്വാഗതം ചെയ്യും. തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലേക്ക് പോകുന്ന നരേന്ദ്ര മോദി ഈജിപ്‌ത് പ്രധാനമന്ത്രി മൊസ്തഫ മദ്ബൌലിയുമായി ആശയവിനിമയം നടത്തും.
ഇന്ത്യയുമായിട്ടുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിന് വേണ്ടി ഈജിപ്‌ഷ്യന്‍ പ്രസിഡന്‍റ് രൂപീകരിച്ച ഉന്നതല സമിതിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുന്നുണ്ട്. തുടര്‍ന്ന് ഇന്ത്യന്‍ പ്രവാസികളുമായും പ്രധാനമന്ത്രി സംവദിക്കും. 1997ന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്‌തിലേക്ക് എത്തുന്നത് എന്ന പ്രത്യേകതയും നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനുണ്ട്.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഈജിപ്‌റ്റില്‍ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രാധാന്യമുള്ള അല്‍ ഹക്കീം മസ്‌ജിദും സന്ദര്‍ശിക്കും. കെയ്‌റോയിലെ ദാവൂദി ബൊഹ്‌റ സമൂഹത്തിന്‍റെ പ്രധാന സാംസ്‌കാരിക കേന്ദ്രമാണ് ഇത്. ദ്വിദിന ഈജിപ്‌ഷ്യന്‍ സന്ദര്‍ശനത്തിന്‍റെ അവസാന ദിവസം അരമണിക്കൂര്‍ സമയമാകും മോദി മസ്‌ജിദില്‍ ചെലവഴിക്കുക. ഒന്നാം ലോക മഹായുദ്ധ കാലത്ത് ഈജിപ്‌തിന് വേണ്ടി പോരാടി വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി ഹീലിയോപോളിസ് വാര്‍ ഗ്രേവ് സെമിത്തേരിയും നരേന്ദ്ര മോദി സന്ദര്‍ശിക്കും.
പരമ്പരാഗതമായി ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളാണ് ഈജിപ്‌ത്. 2022 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഈജിപ്‌തിന്‍റെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളി ആയിരുന്നു ഇന്ത്യ. ഈജിപ്‌ഷ്യന്‍ ഉത്‌പന്നങ്ങള്‍ കുടൂതലായി ഇറക്കുമതി ചെയ്യുന്ന 11-ാമത്തെ രാജ്യവും ഇന്ത്യ ആയിരുന്നു.
ഈജിപ്‌തിലേക്ക് പുറപ്പെടുംമുന്‍പ് നാല് ദിവസം യുഎസിലെ വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇന്ത്യ-യുഎസ് സൗഹൃദം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തുഷ്‌ടനാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ പ്രവാസികളുമായും അദ്ദേഹം സംവദിച്ചിരുന്നു.
വൈറ്റ് ഹൗസിലെത്തിയ അദ്ദേഹത്തിന് വമ്പന്‍ സ്വീകരണവും ഗാര്‍ഡ് ഓഫ് ഓണറും അമേരിക്കന്‍ ഭരണകൂടം നല്‍കി. പ്രസിഡന്‍റ് ജോ ബൈഡന്‍റെ അത്താഴ വിരുന്നിലും പ്രധാനമന്ത്രി പങ്കെടുത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍, യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവരുമായും നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
More Read : Modi in US | ഇന്ത്യയും യുഎസും ഒഴിച്ചുകൂടാനാവാത്ത പങ്കാളികളായി മാറിയിരിക്കുന്നു; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ