ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി ലിസ് ട്രസുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. യുകെ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതില്‍ ലിസ് ട്രസിനെ പ്രധാനമന്ത്രി അനുമോദിച്ചു. വ്യാപാര സെക്രട്ടറി , വിദേശ കാര്യ സെക്രട്ടറി എന്നീ നിലകളില്‍ ലിസ് ട്രസ് ഇന്ത്യ-യുകെ ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവനകളെയും നരേന്ദ്ര മോദി എടുത്തുപറഞ്ഞു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്കും ബോറിസ് ജോണ്‍സന്‍റെ പിന്‍ഗാമിയായി യുകെ പ്രധാനമന്ത്രി സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ലിസ് ട്രസ് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ പരാജയപ്പെടുത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 20,927 വോട്ടുകള്‍ക്കാണ് ലിസ് ട്രസ് ഋഷി സുനകിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി .
ഉഭയകക്ഷി ബന്ധത്തിലെ നിരവധി വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ചചെയ്‌തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍, പ്രതിരോധ സുരക്ഷ സഹകരണം, ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവ ചര്‍ച്ചചെയ്‌തതില്‍ ഉള്‍പ്പെടുന്നു.
എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനങ്ങളുടെ പേരില്‍ ദുഃഖം രേഖപ്പെടുത്തി. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം രാജഭരണം കൈയാളിയ വ്യക്തിയാണ് എലിസബത്ത് രാജ്ഞി. സെപ്റ്റംബര്‍ എട്ടിന് ബാല്‍മോറല്‍ കൊട്ടാരത്തില്‍ വച്ചാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരം സെപ്റ്റംബര്‍ 19നാണ് നടക്കുക.