ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സഹകരണത്തിന് അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു. ഫ്രാൻസിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനങ്ങൾ. ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ പ്രതീക്ഷിക്കുന്നു," പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം റൗണ്ടിൽ 58.55 ശതമാനം വോട്ടുകൾക്കാണ് മാക്രോൺ വിജയിച്ചത്. അദ്ദേഹത്തിന്റെ എതിരാളിയും തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർഥിയും നാഷണൽ റാലി പാർട്ടിയുടെ നേതാവുമായ മറൈൻ ലെ പെന്നിന് 41.45 ശതമാനം വോട്ടുകൾ ലഭിച്ചു. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാക്രോണിന് അഭിനന്ദനമറിയിച്ചുകൊണ്ട് ലോകനേതാക്കളിൽ പലരും രംഗത്തുവന്നിട്ടുണ്ട്.
ഫ്രാൻസിനെ "ഏറ്റവും പഴയ സഖ്യകക്ഷി" എന്ന് വിളിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ട്വീറ്റ് ചെയ്‌തത് ഇങ്ങനെ "വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവൽ മാക്രോണിന് അഭിനന്ദനങ്ങൾ. ഫ്രാൻസ് ഞങ്ങളുടെ ഏറ്റവും പഴയ സഖ്യകക്ഷിയും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ പ്രധാന പങ്കാളിയുമാണ്. യുക്രൈനെ പിന്തുണയ്ക്കുന്നതിലും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിലും ഉൾപ്പെടെ മുന്നോട്ടുള്ള സഹകരണം ഞാൻ പ്രതീക്ഷിക്കുന്നു".
തങ്ങൾക്ക് അഞ്ച് വർഷം കൂടി ഫ്രാൻസിനെ ആശ്രയിക്കാമെന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ പറഞ്ഞത്. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് മാക്രോണിനൊപ്പുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. സഹകരണം തുടരുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും കാനഡയിലെയും ഫ്രാൻസിലെയും ജനങ്ങൾക്ക് ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
"ഫ്രാൻസ് ഞങ്ങളുടെ ഏറ്റവും അടുത്തതും പ്രധാനപ്പെട്ടതുമായ സഖ്യകക്ഷികളിൽ ഒന്നാണ്. നമ്മുടെ രണ്ട് രാജ്യങ്ങൾക്കും ലോകത്തിനും ഏറ്റവും പ്രാധാന്യമുള്ള വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു" യു കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്‌തു. അതിനിടെ, ഞായറാഴ്ച തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം, പാരീസിലെ ഈഫൽ ടവറിന് സമീപം വോട്ട് ചെയ്‌ത് തന്നെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് മാക്രോൺ സംസാരിച്ചു.
Also Read ഫ്രാൻസ് പ്രസിഡന്‍റായി വീണ്ടും ഇമ്മാനുവൽ മാക്രോണ്‍; വോട്ടുശതമാനത്തില്‍ കുറവ്