ന്യൂയോർക്ക്: ഹാരി രാജകുമാരനും ഭാര്യ മേഗനും സഞ്ചരിച്ച വാഹനത്തെ അപകടകരമായ രീതിയിൽ പിന്തുടർന്ന് പാപ്പരാസികൾ. ന്യൂയോർക്കിൽ നടന്ന വിമൻ ഓഫ് വിഷൻ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. ഇവർ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പാപ്പരാസികൾ റോഡിൽ അപകടം ഉണ്ടാക്കുകയും ഗതാഗത കുരുക്ക് സൃഷ്‌ടിക്കുകയും ചെയ്‌തതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഒടുവിൽ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ച ദമ്പതികൾ, ശേഷം മറ്റൊരു ടാക്‌സിയിലാണ് മടങ്ങിയത്.
ബുധനാഴ്‌ച നടന്ന ചടങ്ങിൽ ബ്ലാക്ക് വോട്ടേഴ്‌സ് മാറ്റർ സഹസ്ഥാപകൻ ലതോഷ ബ്രൗണിനൊപ്പം മിസ് ഫൗണ്ടേഷന്‍റെ വുമൺ ഓഫ് വിഷൻ അവാർഡ് മേഗൻ സ്വീകരിച്ചിരുന്നു. ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് മാൻഹട്ടനിലെ തെരുവുകളിലൂടെ പാപ്പരാസികൾ ഹാരിയും മേഗനും മേഗന്‍റെ മാതാവും സഞ്ചരിച്ച് വാഹനത്തെ അപകടകരമായ രീതിയിൽ പിന്തുടർന്നത്.
തുടർന്ന് പൊലീസ് ഇടപെട്ട് ഇവർ സഞ്ചരിച്ച വാഹനത്തെ ബോൾറൂമിൽ നിന്ന് 18 ബ്ലോക്കുകൾ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. സ്ഥിതിഗതികൾ ശാന്തമാകുന്നത് വരെ ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ ചെലവഴിച്ചു. പിന്നാലെ മറ്റൊരു ടാക്‌സിയിൽ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. പിതാവായ ചാൾസ് മൂന്നാമന്‍റെ കീരിട ധാരണ ചടങ്ങിന് ശേഷം ഹാരി രാജകുമാരൻ പങ്കെടുക്കുന്ന പൊതുപരിപാടിയായിരുന്നു ന്യൂയോർക്കിലെ അവാർഡ് ദാന ചടങ്ങ്.
രക്ഷകനായി ഇന്ത്യക്കാരനായ ടാക്‌സി ഡ്രൈവർ: അതേസമയം ഹാരിയുടെയും മേഗന്‍റെയും സെക്യൂരിറ്റി ഗാർഡുമാരിൽ ഒരാളാണ് തന്‍റെ ടാക്‌സി യാത്രക്കായി വിളിച്ചതെന്ന് ടാക്‌സി ഡ്രൈവറായ ഇന്ത്യൻ വംശജൻ സുഖ്‌ചരൺ സിങ് പറഞ്ഞു. ഇതിനിടെ ടാക്‌സിയേയും പാപ്പരാസികൾ പിന്തുടരുകയും ടാക്‌സി ട്രാഫിക്കിൽ കുടുങ്ങുകയും ചെയ്‌തിരുന്നു. 'അവർ അധികമൊന്നും സംസാരിച്ചില്ല. എന്‍റെ പേര് ചോദിച്ചു. ശേഷം ഹാരി നന്ദി പറഞ്ഞു. യാത്രാക്കൂലിയായി 17 ഡോളറും നൽകി. കൂടാതെ എനിക്ക് ഒരു 50 ഡോളർ ടിപ്പും നൽകി' -സുഖ്‌ചരൺ സിങ് പറഞ്ഞു.
മോണ്ടെസിറ്റോയിലെ ദമ്പതികളുടെ താമസസ്ഥലത്തിന് സമീപത്ത് നിന്ന് തിങ്കളാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇവരുടെ വീടിന് സമീപമുള്ള സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. എന്നാൽ ഇയാൾ യഥാർഥത്തിൽ ഹാരിയുടെയും മേഗന്‍റെയും വീടിന് സമീപത്തേക്ക് പ്രവേശിച്ചോ എന്ന് വ്യക്‌തമായിട്ടില്ല. അറസ്റ്റിന് പിന്നാലെ ഇയാളെ 2,500 ഡോളറിന്‍റെ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
ഡയാന രാജകുമാരിയുടെ മരണം: 1997 ഓഗസ്റ്റ് 31ന് ഇത്തരത്തിൽ പാപ്പരാസികളുടെ കണ്ണുവെട്ടിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് ഹാരിയുടെ മാതാവ് ഡയാന രാജകുമാരി വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. ഡയാനയുടെ കാമുകൻ എന്നറിയപ്പെടുന്ന ഈജിപ്ഷ്യൻ വംശജനായ ഡോഡി ഫെയ്‌സ്, ഡ്രൈവർ ഹെന്‍റി പോൾ എന്നിവരും അന്നത്തെ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
ബൈക്കുകളിൽ പിന്തുടർന്ന ഒരു കൂട്ടം പാപ്പരാസികളെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പപ്പരാസികളുടെ കണ്ണ് വെട്ടിച്ച് പോകുന്നതിനിടെ അമിത വേഗതയിൽ ആയിരുന്ന കാർ ഹൈവേയുടെ നടുവിലുള്ള തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നിരുന്നു.
അപകടത്തിന് ശേഷം ഇവരെ പിന്തുടർന്നിരുന്ന പാപ്പരാസികൾ ഡയാനയെയും മറ്റുളവരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിന് പകരം ചിത്രങ്ങൾ പകർത്തുകയായിരുന്നു എന്ന സാക്ഷിമൊഴികൾ ഞെട്ടലോടെയാണ് ലോകം കേട്ടത്. അതേസമയം ഹാരിക്കും മേഗനും നേരയുണ്ടായ ഈ സംഭവം 1997 ൽ ഡയാനക്ക് ഉണ്ടായ ദുരന്തത്തെ ഓർമിപ്പിക്കുന്നതാണെന്നാണ് നെറ്റിസണ്‍സിന്‍റെ പ്രതികരണം.