ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് അത്യാധുനിക വിമാനവേധ സംവിധാനം സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ നീക്കമാരംഭിച്ചു. ബലാകോട്ട് മാതൃകയിലുള്ള വ്യോമാക്രമണങ്ങള്‍ ഇന്ത്യ ഇനിയും നടത്തിയേക്കുമെന്നുള്ള ഭീതിയിലാണ് പാക്കിസ്ഥാന്‍. റഷ്യയുടെ പാന്റ്സിര് മിസൈല്‍ സംവിധാനം വാങ്ങാനാണ് ശ്രമം. റഡാര്‍ ഉപയോഗിച്ചുള്ള ലക്ഷ്യ നിര്‍ണയത്തിലൂടെ യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍, ഹെലികോപ്റ്റര്‍ എന്നിവ തകര്‍ക്കുന്ന മിസൈല്‍ സംവിധാനമാണ് പാന്‍റ്സിര്‍. ഒപ്പം റഷ്യയില്‍ നിന്നും ടി-90 ടാങ്കുകള്‍ വാങ്ങാനും പാകിസ്ഥാന്‍ പദ്ധതിയിടുന്നുണ്ട്. ഇന്ത്യന്‍ കരസേനയുടെ നട്ടെല്ലായ ടി-90 ടാങ്കുകള്‍ സ്വന്തമാക്കിയാല്‍ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ കരുത്താര്‍ജിക്കാനാകുമെന്നാണ് പാകിസ്ഥാന്‍റെ കണക്ക് കൂട്ടല്‍.
അമേരിക്ക നല്‍കിയിരുന്ന സഹായങ്ങള്‍ വെട്ടിക്കുറച്ചതും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജ്യങ്ങള്‍ പോലും ഭീകരവാദ വിഷയങ്ങളില്‍ തട്ടി അകല്‍ച്ച പ്രകടിപ്പിക്കുന്നതും പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നുണ്ട്. തുടര്‍ന്നാണ് യുഎസ് അനുകൂല നയത്തില്‍ മാറ്റം വരുത്തി റഷ്യയുമായി അടുക്കാന്‍ പാകിസ്ഥാന്‍ ശ്രമം ആരംഭിച്ചത്. പാകിസ്ഥാനുമായി പ്രതിരോധ കരാര്‍ ഒപ്പുവച്ചതില്‍ ഇന്ത്യ റഷ്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യക്ക് ദോഷം വരുത്തുന്ന നിലപാടുകള്‍ എടുക്കില്ലെന്ന് റഷ്യ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും വലിയ പ്രതിരോധ പങ്കാളിയും സുഹൃത്തുമാണ് റഷ്യ.
അതേസമയം ചൈനയില്‍ നിന്ന് 600 ടാങ്കുകള്‍ കൂടി വാങ്ങാനും പാകിസ്ഥാന്‍ പദ്ധതിയിടുന്നുണ്ട്. ആകാശത്ത് 40 മണിക്കൂറോളം തുടര്‍ച്ചയായി പറന്ന് നിരീക്ഷണം നടത്താനും ആക്രമണം നടത്താനും സാധിക്കുന്ന ആളില്ലാ വിമാനങ്ങളായ സിഎച്ച്-4, സിഎച്ച്-5 എന്നിവ ചൈന പാകിസ്താന് നല്‍കിയേക്കുമെന്നും വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്.