ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയം തള്ളാനുള്ള നാഷണൽ അസംബ്ലി സ്പീക്കർ അസദ് ഖൈസറിന്റെ വിധിയിൽ വാദം കേൾക്കുന്നത് പാകിസ്ഥാൻ സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഭരണഘടനാപരമായ കാരണങ്ങളാൽ അവിശ്വാസ പ്രമേയം തള്ളിയെന്നായിരുന്നു സ്പീക്കറുടെ വാദം.
എന്നാല്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രിയെന്ന പട്ടം ലഭിക്കാതെ ഭരണത്തില്‍ നിന്നും പുറത്തുകടക്കാനുള്ള ഖാന്‍റെ നീക്കമായാണ് പ്രതിപക്ഷം ഇതിനെ വിലയിരുത്തിയത്. ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡന്റ് ആരിഫ് ആൽവി ഭരണം ഏറ്റെടുത്ത നടപടിയില്‍ സുപ്രീം കോടതി നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ദേശീയ അസംബ്ലിയുടെ നടപടികളിൽ ജുഡീഷ്യറിക്ക് ഒരു പരിധിവരെ ഇടപെടാൻ കഴിയുമെന്ന് പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഉമർ അത്താ ബാൻഡിയൽ പറഞ്ഞു.
ജുഡീഷ്യറിയും നിയമനിർമാണ സഭയും തമ്മിലുള്ള അധികാര വിഭജനം ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം. അതേസമയം സ്പീക്കറുടെ വിധി സ്റ്റേ ചെയ്യണമെന്ന പ്രതിപക്ഷാവശ്യം കോടതി പരിഗണിച്ചില്ല. അതേസമയം ദേശീയ അസംബ്ലിയിൽ അവിശ്വാസ പ്രമേയം തള്ളിയതായി പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രിക്കും സ്പീക്കർക്കും ഡെപ്യൂട്ടി സ്പീക്കർ സാദിഖ് സംജ്‌രാനിക്കും കോടതി നോട്ടിസ് നൽകിയിരുന്നു.
ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്‌പീക്കര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രസിഡന്‍റ് സഭ പിരിച്ചുവിട്ടിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിര്‍ദേശപ്രകാരമാണ് പ്രസിഡന്‍റ് ആരിഫ് അല്‍വി സഭ പിരിച്ചുവിട്ടത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്‌ത ഇമ്രാന്‍ ഖാന്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5ന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ കാസിം ഖാന്‍ സുരി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. ഡെപ്യൂട്ടി സ്‌പീക്കറുടെ തീരുമാനത്തിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി വ്യക്തമാക്കി.
സ്‌പീക്കർ അസദ് ഖൈസറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെയാണ് കാസിം ഖാന്‍ സുരി സഭയുടെ അധ്യക്ഷത വഹിച്ചത്. 342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയില്‍ 172 വോട്ടുകളാണ് ഇമ്രാന്‍ ഖാനെ പുറത്താക്കാന്‍ പ്രതിപക്ഷത്തിന് ആവശ്യം. 177 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രതിപക്ഷം അവകാശവാദം ഉന്നയിച്ചിരുന്നു.