ഇസ്ലാമാബാദ് : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ ദേശീയ അസംബ്ലി താൽക്കാലികമായി പിരിഞ്ഞു. ഏപ്രിൽ മൂന്നുവരെ നിർത്തിവെച്ച സമ്മേളനം ഇനി ഞായറാഴ്‌ച രാവിലെ 11.30ന് വീണ്ടും ചേരും. വ്യാഴാഴ്‌ച സഭ തുടങ്ങിയ ഉടൻ തന്നെ പ്രതിപക്ഷാംഗങ്ങൾ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
പിന്നാലെ ദേശീയ സുരക്ഷാകൗണ്‍സിലിന്‍റെ യോഗം ഇതേ വേദിയിൽവച്ച് നടക്കാനുണ്ടെന്നും അതിനാൽ സഭ പിരിയണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ ക്രമരഹിതമായി ഇടപെടുന്നതിനാൽ സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്‌പീക്കർ അറിയിച്ചു.
അതേസമയം അവിശ്വാസ പ്രമേയം പാസാക്കാനുള്ള അംഗസംഖ്യ പ്രതിപക്ഷനിരയിൽ ഉണ്ടായിരിക്കെയാണ് സഭ പിരിഞ്ഞത്. 342 അംഗ സഭയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസ പ്രമേയം പാസാകും. സഭ പിരിയുന്ന അവസരത്തിൽ 173 ല്‍ കൂടുതൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഉണ്ടായിരുന്നു.
ALSO READ: എം.ക്യു.എം മുന്നണി വിട്ടു: ഭൂരിപക്ഷമില്ലാതെ ഇമ്രാൻ ഖാൻ സര്‍ക്കാര്‍
ഇതിനിടെ അടുത്ത സഭ ചേരുന്നതിന് മുൻപ് ഇടഞ്ഞുനിൽക്കുന്ന ഘടക കക്ഷികളെ തിരികെ കൊണ്ടുവന്ന് ഭൂരിപക്ഷം നിലനിർത്താനുള്ള ശ്രമങ്ങളാണ് ഇമ്രാൻ ഖാൻ നടത്തുന്നത്. വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യ ഘടക കക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്‍റും മുന്നണി സർക്കാർ വിട്ടിരുന്നു. ഇവരേയും ഒപ്പം ചേര്‍ക്കാനാണ് നിലവിലെ ശ്രമം.
ഇതിനിടെ കൂറുമാറുന്നവരെ തെരഞ്ഞെടുപ്പുകളിൽ നിന്ന് ആജീവനാന്തം വിലക്കണമെന്നാവശ്യപ്പെട്ട് ഇമ്രാൻ ഖാൻ പാകിസ്ഥാൻ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുമുണ്ട്.