സോള്‍: വീണ്ടും ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തി വടക്കന്‍ കൊറിയ. മിസൈല്‍ പതിച്ചത് ജപ്പാന്‍റെ വടക്കന്‍ ദ്വീപിനടുത്താണ്. ഉത്തരകൊറിയുടെ ഈ മാസത്തെ രണ്ടാമത്തെ പ്രധാന ആയുധ പരീക്ഷണമാണിത്.
ആണവായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് വിക്ഷേപിക്കപ്പെട്ട മിസൈല്‍. വടക്കന്‍ കൊറിയ ഇതുവരെ പരീക്ഷണം നടത്തിയ ബാലിസ്‌റ്റിക് മിസൈലുകളേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഈ പരീക്ഷണത്തിലൂടെ വടക്കന്‍ കൊറിയയുടെ ആണവ പ്രഹരശേഷി വര്‍ധിച്ചിരിക്കുകയാണ്.
യുഎസിന്‍റെ എല്ലാ ഭാഗവും ഈ ബാലിസ്റ്റിക് മിസൈലിന്‍റെ പരിധിയില്‍ വരും. ശക്തിതെളിയിച്ച് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്‌തിക്കളില്‍ നിന്ന് കൂടുതല്‍ ഇളവുകള്‍ നേടിയെടുക്കുകയും ഉത്തരകൊറിയ ലക്ഷ്യം വയ്ക്കുന്നു. വടക്കന്‍ കൊറിയയുടെ ആണവപദ്ധതി തടയുക ലക്ഷ്യം വച്ച് ഉപരോധം ഏര്‍പ്പെടുത്താനുള്ള യുഎസിന്‍റെ ശ്രമത്തെ റഷ്യയും ചൈനയും എതിര്‍ക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ പരീക്ഷണങ്ങള്‍ നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സംഘര്‍ഷ സാധ്യത വര്‍ധിച്ച് മേഖല: വടക്കന്‍ കൊറിയയുടെ തലസ്ഥാനത്ത് നിന്ന് ഇന്ന് പ്രദേശിക സമയം രാവിലെ 10.15നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയയുടെ സംയുക്ത സൈനിക മേധാവി പറഞ്ഞു. വടക്കന്‍ കൊറിയയുടെ കിഴക്കന്‍ തീരത്ത് കൂടിയാണ് മിസൈല്‍ കുതിച്ചത്. വളരെ ഉയരത്തിലൂടെ പറന്ന് തങ്ങളുടെ ദ്വീപായ ഹൊക്കയിഡോവിന്‍റെ വടക്കായി കടലില്‍ പതിക്കുകയായിരുന്നുവെന്ന് ജപ്പാനും പ്രതികരിച്ചു.
6,000-6,100 കിലോമീറ്റര്‍ ദൂരം മിസൈല്‍ സഞ്ചരിച്ചെന്നും 1,000 കിലോമീറ്റര്‍ ദൂരം വരെ ഉയരത്തില്‍ പറന്നെന്നുമാണ് ജപ്പാനും ദക്ഷിണകൊറിയയും കണക്കാക്കുന്നത്. പറന്നുയര്‍ന്നതിന്‍റെ ഉയരം സൂചിപ്പിക്കുന്നത് മിസൈല്‍ വിക്ഷേപിച്ചത് ഉയര്‍ന്ന കോണില്‍ നിന്നാണെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രി യാസുകാസു ഹമാദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വാര്‍ഹെഡിന്‍റെ ഭാരത്തെ ആശ്രയിച്ച് മിസൈലിന് 15,000 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ കഴിയും. അതായത് മിസൈലുപയോഗിച്ച് യുഎസിന്‍റെ ഏത് ഭാഗത്തും ഉത്തര കൊറിയയ്‌ക്ക് ആക്രമണം നടത്താന്‍ സാധിക്കും.
ജപ്പാനെയും മേഖലയെ മൊത്തമായും ഭീഷണിപ്പെടുത്തികൊണ്ട് വരും വരായ്‌കയെ കുറിച്ച് ആലോചിക്കാത്ത നടപടിയാണ് വടക്കന്‍ കൊറയയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. വടക്കന്‍കൊറിയയുടെ പ്രകോപനത്തിന് കൂട്ടായ മറുപടികൊടുക്കുന്നതിന് വേണ്ടി യുഎസുമായും തെക്കന്‍കൊറിയയുമായും മേഖലയിലെ മറ്റ് രാജ്യങ്ങളുമായും ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ കൊറിയയുടെ ഭാഗത്ത് നിന്നുള്ള ഏത് തരത്തിലുള്ള പ്രകോപനം ഉണ്ടായാലും അതിന് മറുപടി നല്‍കാന്‍ ദക്ഷിണകൊറിയ തയ്യാറാണെന്ന് അവരുടെ സംയുക്തസൈനിക മേധാവി പറഞ്ഞു. ജപ്പാന്‍റെ എക്‌സ്ക്ലൂസീവ് മേഖലയില്‍പ്പെട്ട കടലിലാണ് മിസൈല്‍ പതിച്ചതെന്നാണ് കരുതപ്പെടുന്നതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ പറഞ്ഞു. നവംബര്‍ 3നും വടക്കന്‍ കൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം നടത്തിയിരുന്നു. എന്നാല്‍ പരീക്ഷണ വിക്ഷേപണം പരാജയപ്പെടുകയായിരുന്നു.
ബാലിസ്‌റ്റക് മിസൈലില്‍ കൂടുതല്‍ ശേഷി കൈവരിച്ച് ഉത്തരകൊറിയ: വടക്കന്‍ കൊറിയ പുതുതായി വികസിപ്പിച്ച ഹവ്‌സോങ്-17ന്‍റെ വിക്ഷേപണമാണ് നടന്നത്. ഹവ്‌സോങ്-14, ഹവ്‌സോങ്-15 എന്നിങ്ങനെ രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ കൂടി വടക്കന്‍കൊറിയയ്‌ക്ക് ഉണ്ട്. 2017ലാണ് ഇവ വടക്കന്‍ കൊറിയ പരീക്ഷിച്ചത്. യുഎസിന്‍റെ ചില ഭാഗങ്ങളെ ലക്ഷ്യം വെക്കാന്‍ ഈ മിസൈലുകള്‍ക്ക് കഴിയുമെന്ന് അവയുടെ പരീക്ഷണത്തില്‍ വെളിവായിരുന്നു.
ഈ രണ്ട് മിസൈലുകളേക്കാള്‍ ദൂരത്തില്‍ ആക്രമണം നടത്താന്‍ കഴിയുന്നതാണ് പുതിയ മിസൈലുകള്‍. മിസൈല്‍ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ തക്കവിധത്തിലാണ് ഈ മിസൈലിന്‍റെ രൂപകല്‍പ്പന. നിരവധി ആണവ വാര്‍ഹെഡുകള്‍ വഹിക്കാന്‍ ഈ മിസൈലിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഹവ്‌സോങ് 17 കൂടുതല്‍ മെച്ചെപ്പെട്ടിട്ടുണ്ട് എന്നാണ് വിദഗ്‌ധര്‍ വിലയിരുത്തുന്നത്. കാരണം ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പരീക്ഷണത്തില്‍ വിക്ഷേപണം നടത്തി ഉടനെ തന്നെ മിസൈല്‍ പൊട്ടിത്തെറിച്ചിരുന്നു.