സിയോൾ: കൊവിഡ് 19നെതിരെ വിജയം പ്രഖ്യാപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ലഘൂകരിക്കാൻ ഉത്തരവിട്ട് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. രാജ്യത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ വെറും 74 ആണെന്നും, ലോകാരോഗ്യ ചരിത്രത്തിലെ അഭൂതപൂർവമായ അത്ഭുതമാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷത്തിലേറെയായി രാജ്യം കൊറോണ വൈറസ് രഹിതമാണെന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം.
ലോകത്ത് കൊവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ അതിര്‍ത്തികളടച്ച ഉത്തര കൊറിയ ഇക്കഴിഞ്ഞ മെയ് 12നാണ് രാജ്യത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്‌തതായി വ്യക്തമാക്കിയത്. പ്യോങ്യാങിൽ രോഗം ബാധിച്ചവരിൽ ഒമിക്രോൺ വേരിയന്‍റ് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കാൻ കിം കർശനമായ വിലക്കുകൾ ഏർപ്പെടുത്തി.
അതിർത്തികൾ അടച്ചുപൂട്ടിയിട്ടും രാജ്യത്ത് കൊവിഡ് രോഗവ്യാപനത്തിന് കാരണം ദക്ഷിണ കൊറിയ ആണെന്നാണ് ഉത്തര കൊറിയ പരോക്ഷമായ പരാമർശം. രാജ്യത്ത് കൊവിഡ് പടരാന്‍ കാരണം ദക്ഷിണ കൊറിയയില്‍ നിന്നും പറന്നുവന്ന ബലൂണാണെന്നും ഈ ബലൂണുകളുമായി സമ്പർക്കം പുലർത്തിയവർക്കാണ് കൊവിഡ് ബാധിച്ചതെന്നുമായിരുന്നു ഉത്തരകൊറിയയുടെ ആരോപണം. 26 ദശലക്ഷം ജനസംഖ്യയിൽ 4.8 ദശലക്ഷം പേർക്ക് പനി ബാധിച്ചിരുന്നു. ഇതിൽ ഒരു ഭാഗം ആളുകൾക്ക് മാത്രമാണ് കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ.
74 പേർ മരിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ വളരെ കുറഞ്ഞ മരണനിരക്ക് വിദഗ്‌ധർ വ്യാപകമായി ചോദ്യം ചെയ്‌തു. കാരണം ഉത്തര കൊറിയയിൽ ആരും വാക്‌സിൻ സ്വീകരിച്ചിട്ടില്ല.
കൊവിഡിനെ രാജ്യത്തിനകത്ത് കയറ്റിയില്ലെന്ന് പറഞ്ഞ് കഴിഞ്ഞ രണ്ടുവര്‍ഷം പുറത്തുനിന്നുള്ള വാക്‌സിനും മറ്റ് കൊവിഡ് സഹായങ്ങളും ബഹിഷ്‌കരിച്ചിരുന്നു. ഒറ്റപ്പെട്ട രാജ്യത്ത് വർധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ തന്‍റെ സമ്പൂർണ നേതൃത്വം നിലനിർത്താൻ കിമ്മിനെ സഹായിക്കുന്നതിന് ഉത്തരകൊറിയ രോഗത്തിന്‍റെയും മരണനിരക്കിന്‍റെയും തോത് കൈകാര്യം ചെയ്‌തിട്ടുണ്ടാകാമെന്നാണ് വിദഗ്‌ധർ പറയുന്നത്. എന്നാൽ, അതിർത്തിയിൽ ജാഗ്രതയും കാര്യക്ഷമമായ നിയന്ത്രണങ്ങളും നിലനിർത്താൻ അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.