സ്റ്റോക്ക് ഹോം: ഈ വർഷത്തെ നൊബേൽ പുരസ്‌കാരങ്ങളിൽ ഒന്നൊഴികെ അഞ്ച് വിഭാഗങ്ങളിലുള്ള വിജയികളുടെ പ്രഖ്യാപനം നടന്നു. ഒക്‌ടോബർ 3ന് വൈദ്യശാസ്‌ത്രത്തിലെ അവാർഡ് ജേതാവിനെ സ്വീഡിഷ് റോയൽ അക്കാദമി ഓഫ് സയൻസ് പ്രഖ്യാപിച്ചതോടെയാണ് ഒരാഴ്‌ച നീണ്ടു നിൽക്കുന്ന നോബേൽ സീസണിന് തുടക്കമായത്. സാമ്പത്തിക ശാസ്‌ത്രത്തിലുള്ള പുരസ്‌കാരമാണ് ഇനി പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. പുരസ്‌കാരം നൽകിയ വിഷയങ്ങളും വിജയികളും ഒറ്റനോട്ടത്തിൽ..
സമാധാനം: ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്‌ച(ഒക്‌ടോബർ 7) ബെലാറസ് അവകാശ പ്രവർത്തകൻ അലസ് ബിയാലിയാറ്റ്‌സ്‌കി, റഷ്യൻ ഗ്രൂപ്പ് മെമ്മോറിയൽ, ഉക്രേനിയൻ സംഘടനയായ സെന്‍റർ ഫോർ സിവിൽ ലിബർട്ടീസ് എന്നിവർ പങ്കിട്ടു. മനുഷ്യാവകാശ ലംഘനങ്ങൾ, അധികാര ദുർവിനിയോഗം, റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ എന്നിവ പുറത്തുകൊണ്ടുവന്ന സംഘടനകൾക്കും ഭരണകൂട വിമർശകനുമാണ് ഇത്തവണത്തെ സമാധാന നൊബേല്‍ എന്നതും ശ്രദ്ധേയമാണ്. ജനാധിപത്യത്തിനും പൗരന്‍റെ മൗവികാവകാശങ്ങളും സംരക്ഷിക്കാനും ഇവർ നൽകിയ പ്രോത്സാഹനം സ്വീഡിഷ് അക്കാദമി വിലയിരുത്തി. റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ശക്തമായ തിരിച്ചടിയായാണ് പുരസ്‌കാരം വിലയിരുത്തപ്പെട്ടത്.
സാഹിത്യം: റോയൽ സ്വീഡിഷ് അക്കാദമി ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകിയത് ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്‌ക്ക്. ജീവിതത്തിൽ അനുഭവിച്ച വേദന, അപമാനം, സ്വന്തം കഴിവില്ലായ്‌മ എന്നിവ വിവരിക്കാൻ എർണോ എഴുത്തുകളിലൂടെ കാണിച്ച ധൈര്യം പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. 82കാരിയായ എർണോ 20ലധികം പുസ്‌തകങ്ങൾ എഴുതിയിട്ടുണ്ട്. സ്വന്തം ജീവിതാനുഭവങ്ങളും ചുറ്റുമുള്ളവരുടെ ജീവിതവും വിവരിക്കുന്നതാണ് എർണോയുടെ പുസ്‌തകങ്ങൾ.
രസതന്ത്രം: രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം അമേരിക്കൻ ശാസ്‌ത്രജ്‌ഞന്മാരായ കരോലിൻ ആർ. ബെർട്ടോസി, കെ. ബാരി ഷാർപ്‌ലെസ്, ഡാനിഷ് ശാസ്‌ത്രജ്‌ഞനായ മോർട്ടൻ മെൽഡൽ എന്നിവർക്ക് സംയുക്തമായാണ് ലഭിച്ചത്. മെച്ചപ്പെട്ട മെഡിസിൻ ഉൽപ്പാദന മേഖലയായ ക്ലിക്ക് കെമിസ്‌ട്രിയെ കുറിച്ചുള്ള ഗവേഷണത്തിനാണ് പുരസ്‌കാരം നൽകിയത്. ബാരി ഷാർപ്ലെസ് രണ്ടാം തവണയാണ് നോബേൽ സമ്മാനം നേടുന്നത്. 2001ലും അദ്ദേഹം രസതന്ത്രത്തിൽ നൊബേൽ സമ്മാനം നേടി.
ഭൗതികശാസ്‌ത്രം: ഈ വർഷത്തെ ഭൗതികശാസ്‌ത്ര നൊബേൽ പുരസ്‌കാരം ക്വാണ്ടം സയൻസിലെ ഗവേഷണത്തിന് മൂന്ന് ശാസ്‌ത്രജ്‌ഞർ സംയുക്തമായി പങ്കിട്ടു. ഫ്രഞ്ച് ശാസ്‌ത്രജ്‌ഞനായ അലൈൻ ആസ്‌പെക്‌റ്റ്, അമേരിക്കൻ ശാസ്‌ത്രജ്‌ഞനായ ജോൺ എഫ് ക്ലോസർ, ഓസ്‌ട്രേലിയൻ ശാസ്‌ത്രജ്‌ഞനായ ആന്‍റൺ സെയ്‌ലിംഗർ എന്നിവർക്കാണ് സ്വീഡിഷ് റോയൽ അക്കാദമി ഓഫ് സയൻസ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ചൊവ്വാഴ്‌ചയാണ് (ഒക്‌ടോബർ 4) പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഫോട്ടോണുകൾ എന്നറിയപ്പെടുന്ന അദൃശ്യ കണങ്ങളെ വലിയ ദൂരത്തിൽ വേർപെടുത്തിയിരിക്കുമ്പോഴും പരസ്‌പരം ബന്ധിപ്പിക്കാൻ സാധിക്കാൻ കഴിയിന്ന രീതിയാണ് മൂവരും വികസിപ്പിച്ചത്. സുരക്ഷിതമായ വിവര കൈമാറ്റം, ക്വാണ്ടം കമ്പ്യൂട്ടിങ്, സെൻസിങ് സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇതിന് വിശാലമായ സാധ്യതകൾ ഉണ്ട്. ഈ കണ്ടുപിടിത്തങ്ങൾ അറിവിന്‍റെ മറ്റൊരു ലോകത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നതായും നോബേൽ കമ്മിറ്റി പരാമർശിച്ചു.
വൈദ്യശാസ്‌ത്രം: മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള കണ്ടുപിടിത്തങ്ങൾക്ക് സ്വീഡിഷ് ശാസ്‌ത്രജ്ഞനായ സ്വാന്‍റേ പാബൂവിനാണ് ഈ വർഷത്തെ വൈദ്യശാസ്‌ത്ര നോബേൽ സമ്മാനം ലഭിച്ചത്. ഒക്‌ടോബർ മൂന്നിനാണ് സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പേൾമൻ പുരസ്‌കാരം പ്രഖ്യാപിച്ചത്. ആധുനിക മനുഷ്യരുടേയും വംശനാശം സംഭവിച്ച നിയാണ്ടർത്തലുകളുടെയും ഡെനിസോവന്മാരുടെയും ജനിതകഘടനയെ താരതമ്യം ചെയ്‌തുകൊണ്ടുള്ളതാണ് പാബൂവിന്‍റെ ഗവേഷണം.
പ്രഖ്യാപിക്കാനുള്ള പുരസ്‌കാരം: സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരമാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ഇതു കൂടി പ്രഖ്യാപിക്കുന്നതോടെ ഈ വർഷത്തെ നൊബേൽ പുരസ്‌കാര സീസണിന് സമാപനമാകും.
വിജയികൾക്കുള്ള സമ്മാനം: പുരസ്‌കാരത്തിന് അർഹരായ വ്യക്തികൾക്ക് ഡിപ്ലോമയും സ്വർണ്ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (ഏകദേശം 900,000 ഡോളർ) നൽകും. ആൽഫ്രഡ് നൊബേലിന്‍റെ ചരമവാർഷിക ദിനമായ ഡിസംബർ 10-നാണ് സമ്മാനദാനം നടക്കുക. സമാധാനത്തിനുള്ള നോബൽ സമ്മാനം നോർവീജിയൻ തലസ്ഥാനമായ ഓസ്‌ലോയിൽ വെച്ചാണ് വിതരണം ചെയ്യുന്നത്, മറ്റ് അവാർഡുകൾ സ്വീഡന്‍റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിൽ വച്ച് നൽകും.