വാഷിങ്ടണ്‍ : ഹോളിവുഡ് താരം ജോണി ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന് അഭിനേത്രിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേഡ്. ജോണി ഡെപ്പുമായുള്ള മാനനഷ്‌ടക്കേസില്‍ പരാജയപ്പെട്ടതിന് ശേഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആംബര്‍ ഹേഡ് മനസ് തുറന്നത്. ജോണി ഡെപ്പിനോട് വിദ്വേഷമോ അദ്ദേഹത്തിന് എന്തെങ്കിലും മോശം സംഭവിക്കണമെന്ന ആഗ്രഹമോ തനിക്കില്ലെന്ന് അക്വാമാന്‍ താരം വ്യക്തമാക്കി.
'ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്നു. പൂർണ ഹൃദയത്തോടെ സ്നേഹിക്കുന്നു. ആഴത്തില്‍ തകർന്ന ഒരു ബന്ധം മെച്ചപ്പെടുത്താന്‍ ഞാൻ പരമാവധി ശ്രമിച്ചു, എന്നാല്‍ എനിക്ക് അതിന് കഴിഞ്ഞില്ല. അദ്ദേഹത്തോട് ദേഷ്യമോ വിദ്വേഷമോ ഇല്ല.
ചിലപ്പോള്‍ ഞാനീ പറയുന്നത് മനസിലാക്കാൻ പ്രയാസമായിരിക്കും, ചിലപ്പോള്‍ എളുപ്പവും. നിങ്ങൾ എപ്പോഴെങ്കിലും ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഞാനീ പറയുന്നത് മനസിലാക്കാന്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കും' - ആംബര്‍ ഹേഡ് പറഞ്ഞു. താനും ജോണി ഡെപ്പുമായുള്ള ബന്ധത്തെ കുറിച്ചായിരുന്നില്ല വാഷിങ്ടണ്‍ പോസ്റ്റിലെ ലേഖനത്തിലെഴുതിയിരുന്നതെന്ന് നടി കൂട്ടിച്ചേര്‍ത്തു.
ഗാര്‍ഹിക പീഡന ആരോപണവും മാനനഷ്‌ടക്കേസും : 2018ല്‍ ആംബര്‍ ഹേഡ് ഗാര്‍ഹിക പീഡനത്തെ കുറിച്ച് ജോണി ഡെപ്പിന്‍റെ പേര് പരാമര്‍ശിക്കാതെ വാഷിങ്‌ടണ്‍ പോസ്‌റ്റില്‍ എഴുതിയ ലേഖനമാണ് കേസിന് ആധാരം. ഗാര്‍ഹിക പീഡന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പന്‍ നിര്‍മാണ കമ്പനികള്‍ സിനിമകളില്‍ നിന്നും ഒഴിവാക്കി. ഇതേതുടര്‍ന്ന് ആംബര്‍ ഹേഡിനെതിരെ 50 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഡെപ്പ് മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌തു.
ലേഖനത്തില്‍ ഡെപ്പിന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ഗാര്‍ഹിക പീഡനം നടത്തിയെന്ന തരത്തിലുള്ള ആരോപണം മാനഹാനിക്ക് കാരണമായെന്നും കരിയറില്‍ വലിയ നഷ്‌ടങ്ങള്‍ വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് താരം കേസ് ഫയല്‍ ചെയ്‌തത്. പിന്നാലെ ഡെപ്പ് ശാരീരികവും മാനസികവുമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് 100 മില്യന്‍ ഡോളര്‍ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ആംബര്‍ ഹേഡും കേസ് ഫയല്‍ ചെയ്‌തു.
Read more: മാനനഷ്‌ടക്കേസില്‍ ജോണി ഡെപ്പിന് ജയം ; മുന്‍ ഭാര്യ ആംബര്‍ ഹേഡ് നല്‍കേണ്ടത് 1.5 കോടി ഡോളര്‍
വെർജീനിയയിലെ ഫെയർഫാക്‌സ് കൗണ്ടിയിൽ ആറാഴ്‌ചത്തെ വിചാരണയ്ക്ക് ശേഷം, ഏഴ് പേരടങ്ങുന്ന ജൂറി ജൂൺ 1ന് ജോണി ഡെപ്പിന് അനുകൂലമായി വിധി പ്രസ്‌താവിച്ചു. 15 മില്യണ്‍ യുഎസ് ഡോളര്‍ നഷ്‌ടപരിഹാരം നല്‍കാനാണ് വിര്‍ജീനിയ കോടതി ഉത്തരവിട്ടത്. ഡെപ്പിനെതിരെ നല്‍കിയ എതിര്‍ മാനനഷ്‌ടക്കേസുകളിലൊന്നില്‍ വിജയിച്ച ആംബര്‍ ഹേഡിന് 2 മില്യൺ യുഎസ് ഡോളർ നഷ്‌ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിരുന്നു.
2011ല്‍ 'ദ റം ഡയറി' എന്ന ചിത്രത്തിന്‍റെ സെറ്റിൽ വച്ചാണ് ആംബര്‍ ഹേഡും ജോണി ഡെപ്പും കണ്ടുമുട്ടുന്നത്. 2015ല്‍ വിവാഹിതരായ ഇരുവരും 2017ല്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു.