ന്യൂഡൽഹി: ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. എല്ലാവരുടെയും ജീവിതത്തിന്‍റെ ഭാഗമാണ് ഇന്ന് ഇന്‍റര്‍നെറ്റ്. അതുപോലെ തന്നെ സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും അധികം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ പോലെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടെ ഏതൊരൊൾക്കും സൈബർ കുറ്റകൃത്യം ചെയ്യാനാകും. ഒരിക്കലും പിടിക്കപ്പെടില്ല എന്ന ചിന്തയാണ് സൈബർ അതിക്രമങ്ങൾ വർധിക്കാനുള്ള പ്രധാന കാരണം. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയയിലെ റോയൽ മെൽബൺ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
ഇന്ത്യയിലും യുഎസിലും സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന 10 പേരിൽ 9 പേരും സൈബർ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ട് എന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്ത 94 ശതമാനം പേരും ജീവിതത്തിൽ ഒരിക്കലെങ്കിലും സൈബർ കുറ്റകൃത്യങ്ങളുടെ ഭാഗമായിട്ടുണ്ടെന്ന് സമ്മതിച്ചു. ആറ് ശതമാനം പേർ മാത്രമാണ് തങ്ങൾ ഒരിക്കലും സൈബർ കുറ്റകൃത്യങ്ങൾ നടത്തിയിട്ടില്ലെന്ന് പറഞ്ഞത്.
യുഎസിൽ നിന്നും ഇന്ത്യയിൽ നിന്നുമായി 313 പേരാണ് സർവേയിൽ പങ്കെടുത്തത്. വിദ്യാസമ്പന്നരും വിവാഹിതരായവരുമാണ് കുറ്റകൃത്യം നടത്തുന്നവരിൽ ഏറെയും. സ്‌ത്രീയും പുരുഷനും ഒരുപോലെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.
ഇന്‍റർനാഷണൽ ജേണൽ ഓഫ് ഇൻഫർമേഷൻ മാനേജ്‌മെന്‍റിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് ഒരു വ്യക്തിയുടെ സ്വഭാവ സവിഷേതകളാണ് കുറ്റകൃത്യത്തിലേക്ക് നയിക്കുന്നത്. അതുപോലതന്നെ ഉയർന്ന വിദ്യാഭ്യസ യോഗ്യതയുള്ളവരാണ് സൈബർ കുറ്റകൃത്യം നടത്തുന്നവരുടെ എണ്ണത്തിൽ മുന്നിൽ.
അതിക്രമങ്ങൾ നേരിടുന്നവരില്‍ കൂടുതല്‍ പുരുഷൻമാർ: കൗതുകകരമായ മറ്റൊരു വസ്‌തുത എന്തെന്നാൽ സ്‌ത്രീകളേക്കാൾ പുരുഷന്മാരാണ് സൈബർ അതിക്രമങ്ങൾ നേരിടുന്നത് എന്നാണ്. 23നും 30നും ഇടയിലുള്ള പുരുഷന്മാരാണ് സ്‌ത്രീകളേക്കാൾ സൈബർ അതിക്രമങ്ങൾ നേരിടുന്നതെന്ന് ആർഎംഐടിയിലെ പ്രമുഖ ഗവേഷകൻ ഡോ മുഹമ്മദ് ഹുസൈൻ പറഞ്ഞു. വിദ്യാസമ്പന്നരും സാഡിസ്‌റ്റുകളും വിവാഹിതരുമായ പുരുഷന്മാർ സൈബർ കുറ്റകൃത്യങ്ങൾ നടത്താൻ ഏറ്റവും സാധ്യതയുള്ളവരാണെന്നും പഠനത്തിൽ പറയുന്നു.
ഇരു രാജ്യത്തെയും ആളുകളുടെ ഓൺലൈൻ ഇടപെടൽ സമാനമാണെന്നാണ് പഠനത്തിൽ പറയുന്നത്. ഫേസ്ബുക്ക്, യൂട്യൂബ് എന്നീ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കേന്ദ്രീകരിച്ചാണ് ഗവേഷണം നടത്തിയത്.
സൈബര്‍ ബുള്ളിയിങ്: ഓണ്‍ലൈനിലൂടെയുള്ള ബുള്ളിയിങ് അഥവ ഭീഷണിപ്പെടുത്തലുകൾ, അപമാനിക്കൽ, കളിയാക്കലുകൾ എല്ലാം സൈബർ ബുള്ളിയിങാണ്. പകയും ഈഗോയും ലൈംഗിക അതിക്രമവുമെല്ലാം സൈബർ ബുള്ളിയിങിൽ ഉൾപ്പെടും. ഏത് ഇലക്‌ട്രോണിക് മാധ്യമവും ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തലുകളും സൈബര്‍ ബുള്ളിയിങിന്‍റെ പരിധിയിലാണ് വരുന്നത്.
സൈബര്‍ സ്‌റ്റോക്കിങ് (Cyber Stalking): ഒരാളുടെ സ്വകാര്യതയിലേക്കുള്ള മറ്റൊരാളുടെ കടന്നുകയറ്റമാണ് സൈബര്‍ സ്‌റ്റോക്കിങ്.
വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കൽ: മറ്റുള്ളവരുടെ ചിത്രങ്ങള്‍ അനുമതിയില്ലാതെ എടുക്കുന്നതും എഡിറ്റ് ചെയ്‌ത് മോശം രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണിത്. വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകള്‍ വഴിയാവും ഇത്തരം കുറ്റകൃത്യങ്ങൾ കൂടുതലായി നടക്കുന്നത്.