കാഠ്‌മണ്ഡു : നേപ്പാളില്‍ ഞായറാഴ്‌ച (29.05.2022) കാണാതായ യാത്രാവിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേരായിരുന്നു താര എയറിന്‍റെ വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പെട്ടവർ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രാലയ വക്‌താവ് അറിയിച്ചു. പതിനാല് മൃത ശരീരങ്ങള്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തിട്ടുണ്ട്.
നേപ്പാളിലെ മുസ്‌താങ് ജില്ലയിലെ സനോസ്‌വരിലാണ് വിമാനം തകര്‍ന്നുവീണത്. നേപ്പാളിലെ വിനോദസഞ്ചാര നഗരമായ പൊക്രാനില്‍ നിന്ന് ജോംസണിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന് മിനിട്ടുകള്‍ക്കകം ഇന്നലെ രാത്രി പത്ത് മണിയോടെ റഡാറുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു. കനേഡിയന്‍ നിര്‍മിത ടര്‍ബോപ്രോപ്പ് ട്വിന്‍ ഓട്ടര്‍ 9എന്‍-എഇടി വിമാനമാണ് ഇത്. മഹാരാഷ്ട്രയിലെ താനയില്‍ നിന്നുള്ള ഒരു കുടുംബത്തിലെ നാല് പേരാണ് തകര്‍ന്ന വിമാനത്തില്‍ ഉണ്ടായിരുന്നത്.
അശോക്‌കുമാര്‍ ത്രിപാഠി, അദ്ദേഹത്തിന്‍റെ ഭാര്യ വൈഭവി ത്രിപാഠി, ഇവരുടെ കുട്ടികളായ ധനുഷ്, റിതിക എന്നിവരാണിവര്‍. ലോകത്തിലെ ഏറ്റവും ചെങ്കുത്തായ മലയിടുക്ക്, വിമാന അപകടം ഉണ്ടായ മുസ്‌താങ് ജില്ലയിലെ ഈ മേഖലയിലാണ്. ദൗളഗിരി, അന്നപൂര്‍ണ എന്നീ മലനിരകളിലൂടെ കടന്നുപോകുന്ന ഈ മലയിടുക്കിന് മൂന്ന് മൈല്‍ ചെങ്കുത്തായ താഴ്‌ചയാണ് ഉള്ളത്. 2016ല്‍ 23 പേരുമായി ഇതേ റൂട്ടില്‍ പറന്നുയര്‍ന്ന താര എയര്‍ലൈനിന്‍റെ തന്നെ വിമാനം തകര്‍ന്ന് എല്ലാവരും മരണപ്പെട്ടിരുന്നു.
നേപ്പാളിന്‍റെ ഭൂപ്രകൃതി സുരക്ഷിതമായ വ്യോമഗതാഗതം ഉറപ്പാക്കുന്നതിന് വലിയ വെല്ലുവിളിയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 പര്‍വതങ്ങളില്‍ എട്ടെണ്ണം സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ നിരവധി വിമാന അപകടങ്ങള്‍ ഇതിന് മുമ്പ് നടന്നിട്ടുണ്ട്. മാര്‍ച്ച് 2018ല്‍ യുഎസ് ബംഗള എയറിന്‍റെ വിമാനം നേപ്പാളിലെ ത്രിഭുവന്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ തകര്‍ന്ന് വിമാനത്തിലുണ്ടായിരുന്ന 51 പേര്‍ മരണപ്പെട്ടിരുന്നു.