വാഷിങ്‌ടൺ: നാസയുടെ നിര്‍ണായക ബഹിരാകാശ ദൗത്യമായ ഒസൈറിസ് റെക്‌സ് (OSIRIS-REx) വിജയകരമായി പൂര്‍ത്തിയാക്കി. 2182-ല്‍ ഭൂമിയെ ഇടിക്കാൻ സാധ്യതയുള്ള ഛിന്നഗ്രഹമായ ബെന്നുവില്‍ (Bennu Asteroid) നിന്ന് സാമ്പിളുകള്‍ ശേഖരിക്കാനുള്ള ദൗത്യമായിരുന്നു ഒസൈറിസ് റെക്‌സ്. ഏഴു വര്‍ഷത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ദൗത്യത്തിലൂടെ ശേഖരിച്ച ഛിന്നഗ്രഹ സാമ്പിളുകള്‍ സുരക്ഷിതമായി ഭൂമിയിലെത്തിച്ചു (NASAs First Asteroid Samples Returned to Earth After Release From Spacecraft). ബെന്നുവില്‍ നിന്നുള്ള സാമ്പിളുകള്‍ 450 കോടി വര്‍ഷം മുന്‍പ് നടന്ന സൗരയൂഥ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശുമെന്നാണ് കരുതപ്പെടുന്നത്.
ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച പാറയും പൊടികളും ചെറിയ സാമ്പിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ പേടകത്തിലാക്കി ബഹിരാകാശത്തു നിന്ന് പാരച്യൂട്ടിലൂടെ താഴേക്ക് ഇടുകയായിരുന്നു. ഞായറാഴ്ച രാത്രി 8.12-ന് സാമ്പിള്‍ റിട്ടേണ്‍ കാപ്‌സ്യൂള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചു. 8.23-നാണ് കാപ്‌സ്യൂള്‍ പാരച്യൂട്ടിലൂടെ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങിയത്.
2016 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബെന്നു ഭൂമിയോട് ഏറ്റവും അടുത്ത ദൂരപരിധിയിലെത്തിയത്. 2016-ല്‍ നാസ ഒസിരിസ് റെക്സ് പേടകത്തെ ബെന്നുവിന്‍റെ ഉപരിതലത്തിലേക്ക് അയച്ചു. നാല് വർഷങ്ങൾക്കിപ്പുറം 2020-ലാണ് പേടകം ഛിന്നഗ്രഹത്തിന്‍റെ ഉപരിത്തലത്തിലിറങ്ങിയത്. പേടകം ഇറങ്ങിയ സ്ഥലത്തിന് നൈറ്റിംഗ് ഗേൾ എന്നാണ് നാസ പേരിട്ടത്. ഇവിടെ നിന്ന് പാറ പോലെയുള്ള പദാർത്ഥവും പൊടികളും അടക്കം 250 ഗ്രാം തൂക്കം വരുന്ന സാമ്പിളുമാണ് ശേഖരിച്ചത്.
സാമ്പിളിന്‍റെ സഞ്ചാരം: ഒസൈറിസ് റെക്‌സ് ബഹിരാകാശ പേടകത്തില്‍നിന്നു വേര്‍പെട്ട് പാരച്യൂട്ട് മോഡ്യൂള്‍ മണിക്കൂറില്‍ 44,500 കിലോമീറ്റര്‍ വേഗത്തിലാണ് ഭൂമിയിലേക്കു തിരിച്ചത്. നാലു മണിക്കൂറിനുശേഷം ഞായറാഴ്ച രാത്രി 8.12-ന് അതു ഭൂമിയുടെ അന്തരീക്ഷത്തെ സ്‌പര്‍ശിച്ചു. ഈ സമയം ഘര്‍ഷണം മൂലം മോഡ്യൂളിന്‍റെ പുറംചട്ട ചുട്ടു പഴുത്തു. എന്നാല്‍ മോഡ്യൂളിന്‍റെ പുറംചട്ടയിലെ താപ കവചം സാമ്പിളിനു തകരാറുണ്ടാകുന്നത് തടഞ്ഞു. ഇങ്ങനെയുണ്ടായ ചൂട് ഭൂമിയിലെ ഇന്‍ഫ്രാറെഡ് റെഡാറുകള്‍ പിടിച്ചെടുത്തതോടെ മോഡ്യൂളിന്‍റെ വരവ് ട്രാക്ക് ചെയ്യാനായി. ഇതുവഴി സാമ്പിളുമായി പേടകം ലാന്‍റ് ചെയ്യുന്ന ഏകദേശ സ്ഥലവും മനസ്സിലാക്കാനായി. അവസാന ഘട്ടത്തില്‍ 8.18-ന് വലിയ പ്രധാന പാരച്യൂട്ട് വിടര്‍ന്നു. ഇതോടെ പേടകത്തിന്‍റെ വേഗം മണിക്കൂറില്‍ 18 കിലോമീറ്ററായി കുറഞ്ഞു. പിന്നീട് നഗ്ന നേത്രങ്ങള്‍ കൊണ്ട് പേടകം കാണാനാകുന്ന നിലയിലായി. 8.23-നാണ് കാപ്‌സ്യൂള്‍ സുരക്ഷിതമായി യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങിയത്.
എന്താണ് ബെന്നു: 1999 സെപ്‌തംബറിലാണ് ബെന്നു എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തുന്നത്. 492 മീറ്റര്‍ വ്യാസമുണ്ട് ബെന്നുവിന്. 438 ദിവസമെടുത്ത് ദീർഘവൃത്തത്തിലുള്ള പഥത്തിൽ ഈ ഛിന്നഗ്രഹം സൂര്യനെ ചുറ്റുന്നു. ചെറുതും വലുതുമായ പാറകളാണ് ബെന്നുവിലുള്ളത്. ആറു വർഷത്തിലൊരിക്കൽ ഭൂമിക്കരികിൽക്കൂടി പാഞ്ഞുപോകുന്ന ബെന്നു 159 വര്‍ഷങ്ങള്‍ക്കുശേഷം, 2182-ല്‍ ഭൂമിയെ ഇടിക്കാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 2700-ല്‍ ഒന്നു മാത്രം ആണെന്ന് നാസ അറിയിച്ചിട്ടുണ്ട്. ഓരോ ആറ് വര്‍ഷം കൂടുമ്പോഴും ബെന്നു ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്‍റെ വലുപ്പമുള്ള ഈ ഛിന്നഗ്രഹത്തിന് 22 ആറ്റോമിക് ബോംബുകളുടെ പ്രഹരശേഷി കണക്കാക്കപ്പെടുന്നു.